HOME
DETAILS

നാഗാകലാപകാരികൾ വീണ്ടും തലപൊക്കുമോ?

  
backup
December 06 2021 | 20:12 PM

5463563-2021-dec-07-12-2021


രാഷ്ട്രീയലാഭത്തിന് വേണ്ടി നാഴികക്ക് നാൽപത് വട്ടം രാജ്യസ്നേഹം ഉരുവിട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പി ഭരണകൂടത്തിന് രാജ്യത്തിന്റ അഖണ്ഡതയിലും വലിയ താൽപര്യമില്ലെന്നതാണ് വസ്തുത. അതിന്റെ അവസാനത്തെ തെളിവാണ് യാതൊരു ആലോചനയും കൂടാതെയുള്ള, നാഗാ കലാപകാരികളെ ഒരിക്കൽകൂടി പ്രകോപിതരാക്കുന്ന വെടിവയ്പ്. നാഗാലാൻഡിലെ ഓടിങ്, ടിരു ഗ്രാമങ്ങളുടെ അതിർത്തിയിലുള്ള കൽക്കരി ഖനിയിൽ ജോലി കഴിഞ്ഞ് പിക്കപ്പ് വാനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികൾക്ക് നേരെയാണ് സൈന്യം വെടിയുതിർത്തത്. പതിനേഴ് പേരാണ് സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടത്.


തീവ്രവാദികൾ വെളുത്ത പിക്കപ്പ് വാനിൽ വരുന്നുണ്ടെന്ന സന്ദേശം കിട്ടിയ മാത്രയിൽ അവിടെ സൈന്യം മുമ്പും പിമ്പും നോക്കാതെ വെടിവയ്ക്കുകയായിരുന്നുവോ? ഒരു സന്ദേശം കിട്ടുമ്പോഴേക്കും അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്താതെ തോക്കെടുത്തു വെടിവച്ചതിൽ ദുരൂഹതയുണ്ട്. മ്യാൻമർ താവളമാക്കിയ തീവ്രവാദികളുടെ സാന്നിധ്യം മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മോൺ ജില്ലയിൽ വൻതോതിലുണ്ടെന്നുള്ളത് യാഥാർഥ്യമാണ്. അതോടൊപ്പം തന്നെ ഗ്രാമീണരായ തൊഴിലാളികളും ഇവിടെ ജീവിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നത് അസം റൈഫിൾസാണ്. എന്നാൽ വെടിവച്ചത് പ്രത്യേക പാരമിലിറ്ററി കമാൻഡോകളാണെന്നാണ് പറയപ്പെടുന്നത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന ചോദ്യം ബാക്കിനിൽക്കുന്നുണ്ട്. നാഗാകലാപകാരികളായ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിന്(എൻ.എസ്.സി.എൻ ) ശക്തമായ വേരുകളുള്ള ജില്ലയാണ് മോൺ.
ഇപ്പോഴുണ്ടായ വെടിവയ്പ്പും മറ്റുസംഭവ വികാസങ്ങളും ബി.ജെ.പി സർക്കാർ നാഗാവിഘടനവാദികളുമായുണ്ടാക്കിയ കരാറിനെ ചിലപ്പോൾ ദുർബലമാക്കിയേക്കാം. കരാറിൽ ഒപ്പിട്ടതിന് ശേഷമുണ്ടായ ഗ്രാമീണരുടെ കൂട്ടക്കൊലയിൽ ജനങ്ങൾ ഇപ്പോഴും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ 2015 ൽ കേന്ദ്ര സർക്കാരുമായുണ്ടാക്കിയ കരാർ പാലിക്കാൻ വിഘടനവാദികൾ തയാറാകുമോ എന്ന ചോദ്യമാണുയരുന്നത്. സൈന്യവും വിഘടനവാദികളും പരസ്പരം വെടിവയ്ക്കില്ലെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. അതാണിപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടത് ഗ്രാമീണരാണെങ്കിലും, വിഘടനവാദികളാണ് പിക്കപ്പ് വാനിൽ എന്ന് ഉറപ്പിച്ചാണല്ലോ സൈന്യം വെടിവച്ചത്.


ഇന്ത്യ സ്വാതന്ത്ര്യം നേടിയത് മുതൽ നാഗാലാൻഡിലെ ഒരു വിഭാഗം സ്വയം ഭരണത്തിനും പ്രത്യേക പതാകക്കും വേണ്ടി ആവശ്യമുയർത്തിവരികയാണ്. ഇതിനായി അവർ കലാപങ്ങളും അക്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. സായുധ കലാപത്തിന് നേതൃത്വം നൽകിയ എൻ.എസ്.സി.എൻ പലതായി പിരിഞ്ഞു. പല സംഘടനകളും സായുധ കലാപങ്ങളിൽ നിന്നു പിന്തിരിഞ്ഞിട്ടുണ്ടെങ്കിലും, എസ്.എസ് ഖാപ്ലാങ് രൂപം കൊടുത്ത എൻ.എസ്.സി.എൻ (കെ. ഖാപ്ലാങ്) ഇപ്പോഴും അതേ പാതയിലാണ്. ഇവരെ ഭീകര സംഘടനയായി 2015ൽ ഇന്ത്യ പ്രഖ്യാപിച്ചതാണ്. ഇവരുടെ ഇപ്പോഴത്തെ തലവൻ യൂങ് ഓങ്നേയും സംഘത്തെയുമാണ് സൈന്യം കഴിഞ്ഞ ദിവസം ലക്ഷ്യം വച്ചതെങ്കിലും കൊല്ലപ്പെട്ടത് ഗ്രാമീണരായിപ്പോയി.


1963 ലാണ് നാഗാലാൻഡ് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായത്. ഇത് അംഗീകരിക്കാതെ നാഗാവിഘടനവാദികൾ സ്വയം ഭരണവും പ്രത്യേക പതാകയും ആവശ്യപ്പെട്ട് കലാപവും തുടങ്ങി. വിശാല നാഗാലിം എന്നതാണ് വിഘടനവാദികളുടെ പ്രധാന ആവശ്യം. നാഗാവംശജർ വസിക്കുന്ന അസമിലെയും അരുണാചൽ പ്രദേശിലെയും മണിപ്പൂരിലെയും പ്രദേശങ്ങളെ നാഗാലാൻഡിനോട് ചേർത്ത് വിശാല നാഗാലിം രൂപീകരിക്കുക എന്നതാണ് ഇതിന്റെ ഉള്ളടക്കം. മറ്റു പല ഗ്രൂപ്പുകളും കേന്ദ്ര സർക്കാരിന്റെ സമാധാന കരാറിനോട് അനുഭാവം പുലർത്തുമ്പോഴും, എൻ.എസ്.സി.എൻ (കെ. ഖാപ്ലാങ്) വിശാല നാഗാലിം എന്ന ആവശ്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. 2015 ൽ കേന്ദ്രവും വിഘടനവാദികളും ഒപ്പുവച്ച സമാധാന കരാറിന്റെ തുടർചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ വെടിവയ്പ്. ഇതോടെ വടക്ക് കിഴക്കൻ മേഖലയിൽ വീണ്ടും സംഘർഷമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയുണ്ടാകുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചർച്ച നടത്തി തീരുമാനമെടുക്കുകയാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.


ബി.ജെ.പി സർക്കാരാകട്ടെ വടക്കുകിഴക്കൻ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റാരേയും കൂട്ടാതെ, ധാർഷ്ട്യത്തോടെ സ്വയം ചർച്ച നടത്തുകയാണ് പതിവ്. അതിനിടെയാണ് അരുണാചലിൽ ചൈന അതിക്രമിച്ച് കയറിക്കൊണ്ടിരിക്കുന്നത്. ഇത് എങ്ങനെ ഫലപ്രദമായി തടയാനാകുമെന്നതിനെ സംബന്ധിച്ച് സർക്കാരിന് വ്യക്തമായ ഒരു രൂപം ഇതുവരെ കിട്ടാത്തതും കൂട്ടായ ചർച്ചയുടെ അഭാവമാണ്. നമ്മുടെ എത്ര ഭൂമി അരുണാചലിൽ ചൈന കൈയേറിയിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പോലും രാജ്യരക്ഷയുടെ പേര് പറഞ്ഞൊഴിയുകയല്ലാതെ, വ്യക്തമായ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല. 2015 ൽ നാഗാവിഘടനവാദികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ കോൺഗ്രസിനെ പങ്കെടുപ്പിക്കാതിരുന്നതിനെ സോണിയാഗാന്ധി നിശിതമായി വിമർശിച്ചിരുന്നു.


പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നപ്പോഴാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രൂക്ഷമായ പ്രതിഷേധ സമരം ഇതിന് മുമ്പ് ഉണ്ടായത്. സമരത്തെ തണുപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ട പരിഹാരം ഐ.എൽ.പി (ഇന്നർ ലൈൻ പെർമിറ്റ്) നൽകലായിരുന്നു. ഇന്ത്യയിലെ ഇതര ഭാഗങ്ങളിലുള്ളവർക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവേശിക്കണമെങ്കിൽ പ്രത്യേക അനുമതി സംസ്ഥാന സർക്കാരിൽനിന്ന് വാങ്ങണം എന്നതാണ് ഈ പെർമിറ്റ്. എന്തിന് വന്നു, എത്ര നാൾ താമസിക്കും എന്നതെല്ലാം ഇതെല്ലാം ഇന്നർ ലൈൻ പെർമിറ്റ് അപേക്ഷയിൽ കാണിച്ചിരിക്കണം. നാഗാലാൻഡ് ഉൾപ്പടെയുള്ളവടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രവേശിക്കാൻ ഇത്തരം അനുമതിപത്രം വേണ്ടി വരുമ്പോൾ പ്രസ്തുത സംസ്ഥാനങ്ങൾക്ക് അവർ ഒരു പ്രത്യേക രാഷ്ട്രമാണ് എന്ന ബോധമാണ് ഉണ്ടാവുക. നേരത്തെ തന്നെ ഇന്ത്യയിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്ന നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിലെ വിഘടനവാദികൾക്ക് പ്രത്യേക രാഷ്ട്രവാദത്തിന് ഊർജം നൽകുന്നതുമാണ് വിവേകരഹിതമായി നടപ്പിലാക്കിയ ഇന്നർ ലൈൻ പെർമിറ്റ്. വിഘടനവാദികളെ സഹായിക്കാൻ ചൈന തയാറായി നിൽക്കുന്നുമുണ്ട്.


അപ്പപ്പോഴുള്ള രാഷ്ട്രീയ നേട്ടത്തിന് വേണ്ടി യാതൊരു ആലോചനയും കൂടാതെ, പ്രതിപക്ഷ കക്ഷികളോട് പോലും കൂടിയാലോചിക്കാതെ ബി.ജെ.പി സർക്കാർ സ്വയം എടുക്കുന്ന തീരുമാനങ്ങളാണ് രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. സംഘർഷഭരിതമായ വടക്കുകിഴക്കൻ മേഖലയിലും കൈക്കൊള്ളുന്നത് ഇതേ നയം തന്നെ. അതാണ് അവിടങ്ങളിലെ വിഘടന വാദങ്ങൾക്ക് ശക്തി പകരുന്നതും. കഴിഞ്ഞ ദിവസത്തെ വെടിവയ്പിന്റെ പാശ്ചാത്തലത്തിലെങ്കിലും, നാഗാലാൻഡിൽ ഇനിയെങ്ങനെ നീങ്ങണമെന്നത് സംബന്ധിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അനുവർത്തിക്കേണ്ട നിലപാടുകളെക്കുറിച്ചും എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് അവരുമായി ചർച്ചക്ക് സന്നദ്ധമാവുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago