മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റി സി.പി.എം ഏരിയാ സമ്മേളനം; പൊലിസ് നേരെയാകാത്തത് പിണറായിയുടെ കഴിവുകേടുകൊണ്ടെന്ന്
തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശം. തിരുവനന്തപുരം ഏരിയാ സമ്മേളനത്തിലാണ് ആഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടുകൊണ്ടാണെന്ന വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലിസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുകയാണ്. ഇതിലൊന്നും ചെയ്യാന്‍ സര്‍ക്കാരിനാകുന്നില്ല. ഇത് വലിയ ചീത്തപ്പാരാണുണ്ടാക്കുന്നതെന്നും സമ്മേളനത്തില്‍ പ്രതിനിധികളില്‍ വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ ദത്ത് വിവാദത്തിലും വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരേയും സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെയായിരുന്നു അന്ന് വിമര്‍ശനം. പാര്‍ട്ടി തീരുമാനം എല്ലാ സഖാക്കള്‍ക്കും ഒരുപോലെ ബാധകമാണെന്ന തരത്തിലായിരുന്നു അന്ന് പ്രതികരണം. മന്ത്രിമാരുടെ ഓഫിസിലെ പഴയ സ്റ്റാഫുകളെ മാറ്റണമെന്ന് പാര്‍ട്ടി തീരുമാനമുണ്ടായിട്ടും മുഖ്യമന്ത്രി മാത്രം ആ തീരുമാനം പിന്‍വലിച്ചില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ജില്ലാ നേതൃത്വം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ സീനിയര്‍ നേതാവ് എം.വിജയകുമാറാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.
തൈക്കാട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിര്‍ത്തിയത് എന്തിനാണെന്നും വിമര്‍ശനമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."