പൊലിസിനും സർക്കാരിനും ദ്രോഹിക്കാതിരുന്നുകൂടേ
പൊലിസിനും സർക്കാരിനുമെതിരേ അതിശക്തമായ വിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. പൊലിസിനെതിരേ നിരന്തരം ഹൈക്കോടതിക്ക് ഇടപെടേണ്ടി വരുന്നുണ്ട്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും ഹൈക്കോടതിക്ക് ഇടക്കിടെ ഇടപെടേണ്ടി വരുന്നു. രണ്ടു വിഭാഗവും ജനതയുടെ വിനീതദാസന്മാരായിക്കൊള്ളാമെന്നും പ്രീതിയോ ഭീതിയോ കൂടാതെ കടമ നിർവഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നിമിഷം തൊട്ട് അവരവരുടെ സത്യപ്രതിജ്ഞാകടലാസുകൾ ചവറ്റുകൊട്ടകളിലേക്ക് എറിയുകയാണ്. അധികാരത്തിൽ വരും വരെ ജനങ്ങളുടെ ദാസന്മാരായി അഭിനയിക്കുന്ന ജനപ്രതിനിധികൾ അധികാരത്തിൽ എത്തിയാൽ അവരുടെ യജമാനന്മാരായിത്തീരുന്നു.
പൊലിസും ഭരണകൂടവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായാണ് സാധാരണക്കാർക്ക് അനുഭവപ്പെടുന്നത്. നീതി പ്രതീക്ഷിച്ച് പൊലിസ് സ്റ്റേഷനിൽ ചെന്നാൽ അപമാനിതരായി തിരിച്ചുപോരേണ്ട എത്രയെത്ര അനുഭവങ്ങളാണ് സാധാരണക്കാരായ ജനങ്ങൾക്ക് ഈ അടുത്ത കാലത്തുണ്ടായത്. ഉത്ര, വിസ്മയ മുതൽ മോഫിയ വരെ എത്രയെത്ര പെൺകുട്ടികൾ പൊലിസിന്റെ ക്രൂരമായ നീതിനിഷേധത്തിന് ഇരയായി ജീവനൊടുക്കി. പൊലിസിന് എങ്ങനെയാണ് ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നത്. പൊലിസ് അൽപം നീതി കാണിച്ചിരുന്നുവെങ്കിൽ പരാതികൾക്ക് അനുകൂലമായ നിലപാട് എടുത്തിരുന്നുവെങ്കിൽ ഉത്രയും വിസ്മയയും മോഫിയയും വാളയാറിലെ പെൺകുട്ടികളും ഇപ്പോഴും നമ്മോടൊത്ത്, ഈ ലോകത്ത് ജീവിച്ചുപോകുമായിരുന്നില്ലേ. അവർക്കും കൂടി അവകാശപ്പെട്ടതായിരുന്നില്ലേ ഈ ലോകം. പണക്കാരന്റെ മുമ്പിലും രാഷ്ട്രീയ നേതാവിന്റെ മുമ്പിലും നട്ടെല്ല് ഇലാസ്റ്റിക് പരുവത്തിൽ വളയ്ക്കുന്ന പൊലിസ് എന്തു സേവനമാണ് പൊതുസമൂഹത്തിനായി നൽകുന്നത്. വല്ലപ്പോഴും പെയ്യുന്ന മഴ പോലെ, വല്ലപ്പോഴും ഒരു ജനസേവനം പൊലിസ് ഭാഗത്തുനിന്ന് ഉണ്ടായാൽ അതു വലിയ വാർത്തയായി കൊട്ടിഘോഷിക്കുന്നതിന്റെ അർഥം പൊലിസിൽനിന്ന് അത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ല എന്നതല്ലേ!
വനിതാ പൊലിസും ക്രൂരതയുടെ കാര്യത്തിൽ വ്യത്യസ്തരല്ല. കാക്കിയിട്ടാൽ ക്രൂരരായിത്തീരണമെന്ന് പൊലിസ് മാന്വലിൽ ഇല്ലല്ലോ. ഐ.എസ്.ആർ.ഒവിലേക്ക് കൂറ്റൻ ഉപകരണങ്ങൾ കൊണ്ടുപോകുന്നത് കൗതുകത്തോടെ കാണാൻ അച്ഛനോടൊപ്പം പോയ കൊച്ചുപെൺകുട്ടിയെ പൊതുജന മധ്യത്തിൽ വച്ച് കള്ളിയെന്ന് വിളിച്ചാക്ഷേപിക്കാൻ രജിത എന്ന പിങ്ക് പൊലിസ് ഉദ്യോഗസ്ഥയ്ക്ക് യാതൊരു മടിയുമുണ്ടായില്ല. ആൾക്കൂട്ടത്തിൽ പരസ്യമായി അപമാനിക്കപ്പെടുന്നതിന്റെ വേദന അതനുഭവിക്കുമ്പോഴേ രജിതയെ പോലുള്ള പൊലിസുകാർക്ക് മനസിലാകൂ. മണിക്കൂറുകളാണ് ആ കൊച്ചുപെൺകുട്ടിയും പിതാവായ അച്ഛൻ ജയചന്ദ്രനും ജനക്കൂട്ടത്തിന്റെ സംശയ ദൃഷ്ടികൾക്ക് മുമ്പിൽ വെന്തുരുകേണ്ടിവന്നത്. കുട്ടിയുടെ കുടുംബത്തോടുള്ള മാപ്പപേക്ഷയിൽ താനും ഒരമ്മയാണെന്നാണ് പൊലിസ് ഉദ്യോഗസ്ഥ പറയുന്നത്. അവരുടെ കുഞ്ഞ് പൊതുജന മധ്യത്തിൽ അവഹേളിതയാകുന്നത് ഒരു നിമിഷം അവരോർത്തിരുന്നെങ്കിൽ ആ പാവം പെൺകുട്ടിയെ കള്ളിയെന്ന് വിളിച്ചാക്ഷേപിക്കാൻ അവർക്ക് മനസു വരുമായിരുന്നോ?. അവരെ അപമാനിക്കുന്നതിന് മുമ്പ് സഹപ്രവർത്തകനോട് സ്വന്തം നമ്പറിലേക്ക് വിളിക്കാൻ പറഞ്ഞിരുന്നുവെങ്കിൽ സ്വന്തം വാനിറ്റി ബാഗിൽനിന്ന് രജിതയുടെ മൊബൈൽ ഫോൺ ശബ്ദിക്കുമായിരുന്നില്ലേ.
ഈ കേസ് പരിഗണിക്കുന്ന ഹൈക്കോടതി രൂക്ഷവിമർശനമാണ് ഡി.ജി.പിക്കെതിരേ കഴിഞ്ഞ ദിവസം നടത്തിയത്. "കാക്കിയെ സംരക്ഷിക്കാൻ കാക്കിക്കുള്ള വ്യഗ്രതയാണ് പൊലിസ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലിസ് റിപ്പോർട്ടിലുള്ളതെന്ന" ഹൈക്കോടതി വിമർശനത്തിൽ എല്ലാമുണ്ട്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അവസ്ഥയും. യുവതി നൽകിയ മൊഴിയല്ല പൊലിസ് എഴുതിയെടുത്തതെന്ന് അവർ പറയുന്നു. മൊഴിനൽകാനായി പൊലിസ് സ്റ്റേഷനിൽ ചെന്നപ്പോൾ ചില പൊലിസുകാർ വൃത്തികെട്ട ആംഗ്യങ്ങൾ കാണിച്ച് അപമാനിച്ചതായും യുവതി പറയുന്നു. സാധാരണ മനുഷ്യർ പോലും ചെയ്യാൻ അറയ്ക്കുന്ന ഇത്തരം വൃത്തികേടുകൾ കാണിക്കാൻ കേരള പൊലിസിലെ ഒരു വിഭാഗത്തിന് എവിടെ നിന്നാണ് പരിശീലനം കിട്ടുന്നത്.
പ്രകടനപത്രികയിൽ സാധാരണക്കാർക്ക് തേൻ കിനിയുന്ന വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലെത്തിയാൽ കോടീശ്വരന്മാർക്കും പാർശ്വവർത്തികൾക്കും സ്വന്തം കുടുംബത്തിനുമാണ് തേനും പാലും ഒഴുക്കുന്നത്. നേരം പുലർന്നാൽ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് വെളുക്കെ ചിരിച്ച് പുറത്തിറങ്ങുന്ന ചില മന്ത്രിമാരും ജനപ്രതിനിധികളും നാടുനീളെ നിരങ്ങി ഉദ്ഘാടന കർമം നിർവഹിക്കുന്നതിനപ്പുറം എന്തു സേവനമാണ് സാധാരണക്കാർക്ക് ചെയ്യുന്നത്. സാധാരണക്കാർ അധ്വാനിച്ചുണ്ടാക്കുന്ന സഹായ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യാനായി മാത്രം എം.എൽ.എമാരെ വിളിക്കേണ്ടതുണ്ടോ എന്നു സംഘാടകരും ആലോചിക്കേണ്ടിയിരിക്കുന്നു. സഹായ കേന്ദ്രം സ്ഥാപിക്കാനായി സംഘാടകരിൽ അഹോരാത്രം പണിയെടുത്ത ഒരാൾ തന്നെ പോരേ ഇത്തരം ഉദ്ഘാടന കർമങ്ങൾക്ക്. സർക്കാർ ഇതര സഹായ സ്ഥാപനങ്ങൾ പൊതുസമൂഹത്തിന് തുറന്നുകൊടുക്കാൻ അതിൽ ക്രിയാത്മകമായ ഒരുപങ്കുമില്ലാത്ത എം.എൽ.എമാരെ ഉദ്ഘാടനത്തിന് വിളിക്കേണ്ടതുണ്ടോ.
പാലം പണിയാനും റോഡ് നിർമിക്കാനും കരാർ എടുക്കുന്നവരോട് കണക്കുപറഞ്ഞ് ശതമാനത്തോതിൽ കമ്മിഷൻ പറ്റുന്നവരല്ലേ പല ജനപ്രതിനിധികളും. അധികാരത്തിലെത്തിയാൽ സാധാരണക്കാരനെ വിസ്മരിക്കുകയും സമ്പന്നരെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളാണ് ഓരോ ജനതയുടെയും ശാപം. ഇതെല്ലാം പോരാഞ്ഞിട്ട് മരിച്ചുപോയ എം.എൽ.എമാരുടെ മക്കൾക്ക് ആശ്രിത നിയമനവും വേണമെന്നാണ് സർക്കാർ പറയുന്നത്. എം.എൽ.എ എന്നത് സർക്കാർ ജോലിയാണോ ആശ്രിത നിയമനം നൽകാൻ ? കുടുംബത്തിന്റെ വരുമാന മാർഗമായിരുന്നവർ സർക്കാർ ജോലിക്കിടെ മരിച്ചാൽ ആ കുടുംബം പട്ടിണിയിലാകാതിരിക്കാനാണ് ആശ്രിത നിയമനം. അതൊരു നീതിയാണ് താനും. മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിനെതിരേ രൂക്ഷവിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്.
എം.എൽ.എ വിരമിച്ചാലും ഇന്നത്തെ അവസ്ഥയിൽ വലിയൊരു തുകയാണ് പെൻഷനായി കിട്ടുന്നത്. ആജീവനാന്തം കഴിയാനുള്ള വക പല എം.എൽ.എമാരും അവരുടെ "മഹത്തായ ജനസേവന"ത്തിനിടയിൽ തന്നെ സമ്പാദിക്കുന്നുമുണ്ട്. എം.എൽ.എമാരുടെ മക്കൾക്ക് ആശ്രിത നിയമനം അനുവദിക്കുകയാണെങ്കിൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമായിരിക്കുമെന്ന ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ നിരീക്ഷണം നൂറ് ശതമാനവും ശരിയാണ്. നാളെ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ ആശ്രിതർക്കും ആശ്രിത നിയമനം ഉണ്ടാകുമല്ലൊ എന്ന കോടതിയുടെ ആശങ്ക ഒട്ടും അതിശയോക്തിപരമല്ല. അതും അതിനപ്പുറവും ചെയ്യാൻ മടിക്കാത്ത ഭരണകൂടങ്ങളും പൊലിസുമാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നതും നീതിനിഷേധങ്ങൾക്ക് പുതിയ അധ്യായങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."