മുന്നോക്ക സമുദായ സർവേ: എൻ.എസ്.എസ് ഹൈക്കോടതിയിൽ
കൊച്ചി
മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്താൻ സർക്കാർ നടത്തുന്ന സാംപിൾ സർവേ നടപടിയെ ചോദ്യം ചെയ്ത് എൻ.എസ്.എസ് ഹൈക്കോടതിയിൽ ഹരജി നൽകി. അശാസ്ത്രീയമായി നടത്തുന്ന സാംപിൾ സർവേ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ ശേഖരിക്കുന്നത് ചെറിയ സാംപിൾ മാത്രമാണെന്നും ഇത് അപര്യാപ്തമാണെന്നുമാണ് ഹരജിയിലെ വാദം. മുന്നോക്കക്കാരിലെ യഥാർഥ പിന്നോക്കക്കാരെ കണ്ടെത്താൻ സാംപിൾ സർവേ ഫലപ്രദമാവില്ല. യഥാർഥ പിന്നോക്കക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടമാവാൻ ഇത് ഇടവരുത്തും. പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ സർവേയിലില്ലെന്നും അതുകൊണ്ടുതന്നെ ഫലം കാണില്ലെന്നും ഹരജിയിൽ പറയുന്നു.
20,000 തദ്ദേശസ്വയംഭരണ വാർഡുകളിലെ പിന്നോക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനായിരുന്നു സർക്കാർ തീരുമാനം. കമ്മിഷന്റെ കാലാവധി തീരുന്ന 2022 മാർച്ച് മാസത്തിനു മുമ്പായി സാംപിൾ ശേഖരണം പൂർത്തിയാക്കാനാണ് ശാസ്ത്രീയമല്ലാത്ത രീതിയിൽ സാംപിൾ ശേഖരിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."