ഹാർവാർഡ് സർവകലാശാല പ്രസംഗത്തെ ന്യായീകരിച്ച് വീണ്ടും അലക്‌സാണ്ടർ ജേക്കബ്
തിരുവനന്തപുരം
ഹാർവാർഡ് സർവകലാശാലയിലെ ഹോസ്റ്റൽ കെട്ടിടം സംബന്ധിച്ച തന്റെ പ്രസംഗത്തെ വീണ്ടും ന്യായീകരിച്ച് മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് രംഗത്ത്.
ഒന്നര മണിക്കൂർ പ്രസംഗത്തിൽനിന്ന് രണ്ട് വാക്യങ്ങൾ വളച്ചൊടിച്ചാണ് ട്രോളുകളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം യൂട്യൂബിൽ കണ്ട പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും കേൾക്കുന്ന പ്രസംഗങ്ങളും വായിക്കുന്ന പുസ്തകങ്ങളും എല്ലാം വെരിഫൈ ചെയ്യാൻ കഴിയില്ലെന്നും സ്വകാര്യ ചാനലിനോടു പറഞ്ഞു.
സനാതനധർമത്തെക്കുറിച്ച് അമേരിക്കയിൽ ക്ലാസെടുക്കുന്ന ഏതാനും സന്ന്യാസിമാർ ന്യൂയോർക്കിൽ നടത്തിയ പ്രസംഗത്തിലാണ് ഹാർവാർഡ് സർവകലാശാലയിലെ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. അതിന്റെ വിഡിയോ യൂട്യൂബിൽ ലഭ്യമാണ്. ഇതിനെപ്പറ്റി അന്വേഷിച്ച അഭിരാമിനെ അഭിനന്ദിക്കുന്നെന്നും ആ കുട്ടിയെ ഹാർവാർഡിൽ വിട്ട് പഠിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. മലയാളികൾക്ക് ഒട്ടനവധി നീറുന്ന പ്രശ്നങ്ങളുണ്ട്. മഴയുണ്ട്. വെള്ളപ്പൊക്കമുണ്ട്. പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്.
തൊഴിലില്ലായ്മയുണ്ട്. അതൊക്കെയാണ് കേരളം ചർച്ച ചെയ്യേണ്ടത്. അല്ലാതെ ഹാർവാർഡിൽ കെട്ടിടം പൊളിച്ചാലെന്താ, പൊളിച്ചില്ലെങ്കിലെന്താ. മലയാളി അവന്റെ പ്രശ്നങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹാർവാർഡ് സർവകലാശാലയിൽ വൃത്താകൃതിയിൽ നിർമിച്ച ഹോസ്റ്റൽ കെട്ടിടം പഠന നിലവാരം സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തിൽ പൊളിച്ച് കിഴക്ക് ദിശയിലേക്ക് തിരിച്ച് പണിഞ്ഞെന്നായിരുന്നു അലക്സാണ്ടർ ജേക്കബ് പ്രസംഗത്തിൽ പറഞ്ഞത്.
എന്നാൽ, ഇതിൽ സംശയം തോന്നിയ അഭിരാം എന്ന വിദ്യാർഥി സർവകലാശാലയുമായി ബന്ധപ്പെടുകയും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് അധികൃതർ പ്രതികരിക്കുകയും ചെയ്തു. ഇതു വിശദീകരിച്ച് അഭിരാം ശാസ്ത്ര പ്രസിദ്ധീകകരണത്തിൽ ലേഖനം എഴുതുകയും അതു സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."