HOME
DETAILS

കെ റെയിൽ പദ്ധതി ആർക്കുവേണ്ടി?

  
backup
December 09 2021 | 04:12 AM

5496354632-2


'തരിവളയിട്ട് കിലുക്കാൻ മോഹം, അരിമണിയില്ല കൊറിക്കാൻ' എന്ന കവി വചനത്തെ അനുസ്മരിപ്പിക്കുന്നതാണ് കേരള സർക്കാരിന്റെ ഇന്നത്തെ അവസ്ഥ. അത്രമേൽ കടത്തിൽ മുങ്ങിയിരിക്കുകയാണ് സംസ്ഥാനം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക , പരിസ്ഥിതി സംഘടനകൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിട്ടും അതിനൊന്നും വഴങ്ങാതെ സിൽവർ ലൈൻ എന്ന ഓമനപ്പേരിട്ട, അർധ അതിവേഗ റെയിൽപാത കേരളത്തിന് മേൽ അടിച്ചേൽപിക്കുന്ന സർക്കാർ ധാർഷ്ട്യത്തിന്റെ പിന്നാമ്പുറ രഹസ്യമാണ് കണ്ടെത്തേണ്ടത്. ഈ പാത സംസ്ഥാനത്തിന്റെ നെഞ്ചകം നെടുകെ പിളർക്കുമെന്നതിൽ സംശയമില്ല. പദ്ധതി ആർക്കുവേണ്ടിയാണ് ഇടത് മുന്നണി സർക്കാർ ഒരുക്കുന്നത് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയുമാണ്.


പദ്ധതിക്കെതിരേ ഇതിനകം തന്നെ കൊല്ലം ജില്ലയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊല്ലം ചാത്തനൂരിൽ വീടിന്റെ മുറ്റത്ത് കല്ലിടുന്നത് തടഞ്ഞ സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താണ് കഴിഞ്ഞ ദിവസം കല്ലിടൽ നടത്തിയത്. ഉദ്യോഗസ്ഥർ വീട്ടുവളപ്പിൽ കടക്കുന്നത് ഗേറ്റ് പൂട്ടി തടഞ്ഞ വീട്ടുകാർ അടക്കമുള്ള നാട്ടുകാരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ ഭാരവാഹികളും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉണ്ട്. ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകളിൽ ഇതിനകം കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൊല്ലത്തെ ചില താലൂക്കുകളെ കീറി മുറിച്ചുകൊണ്ടാണ് കെ റെയിൽ കടന്നുപോകുന്നത്. പദ്ധതിക്കെതിരേ എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെയും പി.സി വിഷ്ണുനാഥ് എം.എൽ.എയുടെയും നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിന് വലിയ ജനപിന്തുണയാണ് കിട്ടിയത്.
കൊവിഡും പ്രളയവും തകർത്ത ഒരു ജനതയുടെ അവസാനത്തെ ആശ്രയമായ വീടും മണ്ണും കവർന്നെടുക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത ഒരിക്കലും അംഗീകരിക്കാനാവില്ല. പദ്ധതിക്ക് വേണ്ടി 25,000 ത്തിൽ അധികം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. ഇവർക്ക് എവിടെ പുനരധിവാസം നൽകുമെന്നതിനെ സംബന്ധിച്ച് സർക്കാരിന് ഒരു നിശ്ചയവുമില്ല. പ്രളയ ദുരന്തത്തിനിരയായവർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. അവർക്ക് തല ചായ്ക്കാൻ ഇതുവരെ ഒരു കുടിൽ പോലും കെട്ടിക്കൊടുക്കാൻ സർക്കാരിനായിട്ടില്ല. മൂലമ്പള്ളിയിൽ ഭവനരഹിതരായ 216 കുടുംബങ്ങൾ ഇപ്പോഴും അനിശ്ചിതമായ ഭാവിയിലേക്ക് കണ്ണുംനട്ട് നെടുവീർപ്പോടെ കഴിയുമ്പോൾ, കെ റെയിലിന് വേണ്ടി കുടിയൊഴിപ്പിക്കുന്ന 25,000ത്തിലധികം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലധികം പേർക്ക് കടത്തിണ്ണകളാണോ സർക്കാർ കണ്ടുവച്ചിരിക്കുന്നത് ?
ഇപ്പോൾ തന്നെ നാല് ലക്ഷം കോടിയോളം രൂപ കടബാധ്യതയുള്ള കേരളത്തിന് താങ്ങാനാവുന്നതല്ല കോടികൾ കടമെടുത്തുള്ള കെ റെയിൽ. സാമ്പത്തികമായി തകർന്ന് തരിപ്പണമായി കിടക്കുന്ന കേരളത്തിന് എന്താവശ്യമുണ്ട് ഈ പദ്ധതി ഇത്ര തിരക്കിട്ട് നടപ്പാക്കാൻ ? കടമെടുത്ത് ശമ്പളവും പെൻഷനും നൽകിവരുന്ന സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കൂടി കടക്കെണിയിലേക്ക് തള്ളിയിടുന്നതാണ്.


പദ്ധതിക്കായി ആയിരക്കണക്കിന് കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. 135 കിലോമീറ്റർ നീളംവരുന്ന നെൽവയലാണ് നികത്തപ്പെടുക. അതിവേഗ പാതയുടെ ഇരുവശത്തുമായി ഏക്കർ കണക്കിന് ഭൂമി ഉപയോഗ ശൂന്യമായി തരിശിടേണ്ടിവരും. മലകൾ തുരന്നും തുരങ്ക പാതകൾ തീർത്തും നദികളുടെ ഒഴുക്കിനെ തടസപ്പെടുത്തിയും സംസ്ഥാനത്തിന്റെ പരിസ്ഥിതി ഘടന ആകെ താളം തെറ്റിച്ചും ഇങ്ങനെയൊരു റെയിൽപാതക്ക് എന്ത് അത്യാവശ്യമാണ് ഈ നാട്ടിലുള്ളത്. ഇപ്പോൾ തന്നെ പ്രളയത്താൽ വലയുന്ന ജനതക്ക് ഇരട്ട പ്രഹരമായിരിക്കും കെ റെയിൽ. പാതക്ക് 12.5 മീറ്റർ ഉയരവും കൂടി വരുന്നതോടെ സംസ്ഥാനം അക്ഷരാർഥത്തിൽ തന്നെ വെട്ടി മുറിക്കപ്പെടും. ഇങ്ങനെയെല്ലാം കഷ്ടനഷ്ടങ്ങൾ സഹിച്ച് ആർക്ക് വേണ്ടിയാണ് ഈ രജത വഴിത്താര സർക്കാർ ഒരുക്കുന്നതെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുകയാണ്. ജനങ്ങൾക്ക് വേണ്ടിയാണ് വികസനം. അല്ലാതെ വികസനത്തിന് വേണ്ടിയല്ല ജനങ്ങളെന്ന് സർക്കാർ എന്തേ ഓർക്കുന്നില്ല.


ഇന്ത്യൻ റെയിൽവേയിൽനിന്ന് റിട്ടയർ ചെയ്ത ചീഫ് എൻജിനിയർ അലോക് കുമാർവർമ കെ റെയിൽ പദ്ധതി വമ്പിച്ച അപകടവും നഷ്ടവും വരുത്തിവയ്ക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിക്കുമ്പോഴാണ് വിശദമായ പഠനം നടത്തി അദ്ദേഹം ഇത്തരമൊരു തീർപ്പിൽ എത്തിയത്.


കെ റെയിൽ പദ്ധതിയിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന സർക്കാർ വാദം വെറും സ്വപ്നം മാത്രമാണ്. ഭൂമി നഷ്ടപ്പെടുന്നവർക്ക് നൽകേണ്ട നഷ്ട പരിഹാരത്തെക്കുറിച്ചോ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ചോ സർക്കാരിന് മിണ്ടാട്ടമില്ല. ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ല. പദ്ധതി എപ്പോൾ എങ്ങനെ ലാഭകരമാകുമെന്നും കൂടി വിശദീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഇത് വരുത്തിവയ്ക്കുന്ന കടമെല്ലാം നികത്താൻ ഈ നൂറ്റാണ്ട് മതിയാകുമോ?സാധാരണക്കാർ നിത്യവും ഉപയോഗിക്കുന്ന കൊച്ചി മെട്രോ പോലും കോടികളുടെ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ അനുമതി പദ്ധതിക്ക് ഇതുവരെ കിട്ടിയിട്ടില്ല. നിലവിലെ അലൈൻമെന്റ് ദക്ഷിണ റെയിൽവേ അംഗീകരിച്ചിട്ടുമില്ല. പദ്ധതി സംബന്ധിച്ച് നിയമസഭയിൽ ചർച്ചയും നടന്നിട്ടില്ല. എന്നിട്ടും പാവപ്പെട്ടവന്റെ തുണ്ടുഭൂമി അധികാരത്തിന്റെ ഹുങ്കിൽ ഒഴിപ്പിക്കുന്നത് ആർക്ക് വേണ്ടിയെന്ന ചോദ്യം ദുരൂഹമായി തന്നെ തുടരുകയാണ്. പദ്ധതി കൊണ്ട് ഉണ്ടാകുന്ന കോട്ടങ്ങളെ വസ്തുതാപരമായി വിശദീകരിക്കുന്നവരെ വികസന വിരുദ്ധരായി ചാപ്പകുത്തൽ എളുപ്പമാണ്. അതാകട്ടെ സർക്കാർ തുടർന്ന് പോരുന്ന വിനോദവുമാണ്. അതിജീവനത്തിന്റെ പാതയിലാണ് ഭൂമിയും വീടും നഷ്ടപ്പെടുന്ന ഈ സാധാരണക്കാരെന്ന് സർക്കാർ ഓർക്കണം. അവർ ക്ഷമയുടെ നെല്ലിപ്പടിയിലാണ് ഇപ്പോഴുള്ളത്. അളമുട്ടിയാൽ ചേരയും കടിക്കുമെന്നൊരു ചൊല്ലുണ്ട്. അതായിരിക്കും ഭൂമിയും വീടും നഷ്ടപ്പെടുന്നവന്റെ പ്രതികരണമായി സംഭവിക്കുക. എല്ലാം നഷ്ടപ്പെടുന്ന അടിസ്ഥാന വർഗത്തിന്റെ തീക്ഷ്ണ സമരത്തിന് മുമ്പിൽ അവസാനം സർക്കാരിന് മുട്ടുമടക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago