ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് പാക് സേനയും
ഇസ് ലാമാബാദ്
ഇന്ത്യൻ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെയും പത്നിയുൾപ്പെടെയുള്ള 13 പേരുടെയും ദാരുണമായ അപകട മരണത്തിൽ അനുശോചിച്ച് പാക് സേനയും. പാക് സംയുക്ത സേനാ മേധാവി ജനറൽ നദീം റാസയും ചീഫ് ഓഫ് ആർമി സ്റ്റാഫ് ഖമർ ജവാദ് ബജ് വയും അനുശോചിച്ചതായി പാക് സായുധ സേനാ വക്താവ് മേജർ ജനറൽ ബാബർ ഇഫ്ത്തിഖാർ ട്വീറ്റ് ചെയ്തു.
2008ൽ യു.എൻ സമാധാന സേനാ ദൗത്യത്തിൽ പങ്കെടുത്ത കാലത്ത് ബിപിൻ റാവത്തും ബജ് വയും തമ്മിൽ മികച്ച ബന്ധമാണുണ്ടായിരുന്നതെന്നും പാക് സേന അനുസ്മരിച്ചു.
അന്ന് ആഫ്രിക്കൻ ആഭ്യന്തരയുദ്ധം നടക്കുമ്പോൾ കോംഗോയിലായിരുന്നു ഇരുവരെയും നിയമിച്ചത്. റാവത്ത് യു.എൻ സേനയുടെ കീഴിലുള്ള വടക്കൻ കീവ് ബ്രിഗേഡിനും ബജ് വ തെക്കൻ കീവ് ബ്രിഗേഡിനുമാണ് നേതൃത്വം നൽകിയത്. മുൻ സൈനിക മേധാവി ജനറൽ ബിക്രം സിങ്ങിൻ്റെ നായകത്വത്തിലുള്ള കിഴക്കൻ ഡിവിഷൻ്റെ കീഴിലായിരുന്നു ഇരു ബ്രിഗേഡുകളും.
പാക് സേനയിലെ റിട്ട. ഓഫിസറായ മേജർ ആദിൽ രാജയും അനുശോചനമറിയിച്ചു. ഒരു സൈനികനെന്ന നിലയിൽ നിങ്ങൾക്കുണ്ടായ നഷ്ടത്തിൽ ദുഃഖം അറിയിക്കുന്നതായി ഇന്ത്യയുടെ റിട്ട. ബ്രിഗേഡിയർ ആർ.എസ് പതാനിയയെ അദ്ദേഹം അറിയിച്ചു. ശത്രുവിൻ്റെ മരണം ആഘോഷിക്കരുത്, ഒരുനാൾ സുഹൃത്തും മരിക്കും എന്ന പഞ്ചാബി ആപ്തവാക്യം ഉദ്ധരിച്ചായിരുന്നു ട്വീറ്റ്. നന്ദി, ഇതാണ് ഒരു സൈനികനിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് പതാനിയ മറുപടിയും നൽകി. പാക് വ്യോമസേനാ മേധാവി സഹീർ അഹ്മദ് ബാബർ സിദ്ദുവും അനുശോചിച്ചു.
അമേരിക്കൻ റഷ്യൻ എംബസികളും ജനറൽ റാവത്തിൻ്റെ അപകട മരണത്തിൽ അനുശോചനമറിയിച്ചു.
ഇന്ത്യൻ സൈന്യത്തിന് ചരിത്രപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ റാവത്തിനു സാധിച്ചതായി യു.എസ് എംബസി ട്വീറ്റ് ചെയ്തു.
റഷ്യക്ക് ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് അംബാസഡർ നിക്കോളായ് കുദാഷേവ് പറഞ്ഞു. ജപ്പാൻ അംബാസഡർ, സിങ്കപ്പൂർ ഹൈക്കമ്മിഷൻ, ഇസ്റാഈൽ പ്രതിരോധ മന്ത്രി എന്നിവരും അനുശോചനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."