ഗുരുഗ്രാമിലെ ജുമുഅ ഇടപെടൽ നടത്തുമെന്ന് മുസ്‌ലിം ലീഗ്
ന്യൂഡൽഹി
ഹരിയാനയിലെ ഗുരുഗ്രാമിൽ ഏതാനും ആഴ്ചകളായി ജുമുഅ നിസ്‌കാരം നടത്താൻ കഴിയാത്ത സാഹചര്യം ഗൗരവമായി കാണണമെന്നും ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണത്തിന് പരിഹാരം ഉണ്ടാക്കണമെന്നും മുസ്‌ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.
ഏതാണ്ട് നാലര ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് നേരത്തെ നടത്തിയിരുന്ന ജുമുഅ തുടർന്ന് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ജുമുഅ നടക്കുന്ന സമയത്ത് ചില സാമൂഹികവിരുദ്ധർ അലങ്കോലപ്പെടുത്തുകയും സമ്മതിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്ന് യോഗത്തിൽ ആ പ്രദേശത്തുനിന്ന് വന്നവർ പറഞ്ഞു. വിഷയത്തിൽ പരിഹാരം ഉണ്ടാക്കുന്ന കാര്യത്തിലും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ മറ്റു പല സംഘടനകളുമായും ചർച്ച നടത്തുന്നതിനും അഭിപ്രായ രൂപീകരണം ഉണ്ടാക്കുന്നതിലും മുസ് ലിം ലീഗ് മുൻകൈ എടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
പാർലമെന്റിന്റെ ഇടപെടൽ നടത്താനും വിവിധ കക്ഷി നേതാക്കളുമായി സംസാരിക്കാനും അഭ്യന്തര വകുപ്പുമായി ചർച്ച നടത്താനും യോഗം തീരുമാനമെടുത്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷനായി. പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, നവാസ് ഗനി, മുഹമ്മദ് അദീബ് ഹരിയാന, ഖുറം മുഹമ്മദ് അനീസ് ഉമർ, ആസിഫ് അൻസാരി, അഡ്വ. ഹാരിസ് ബീരാൻ, ഫൈസൽ ശൈഖ്, മൗലാന നിസാർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."