തമിഴ്നാടിനെ കശ്മീരാക്കുന്നോ; കോപ്ടര്‍ ദുരന്തത്തില്‍ വിദ്വേഷം പ്രചാരണം നടത്തിയ ബി.ജെ.പി യുട്യൂബറെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലിസ്
മധുര: കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. യുട്യൂബറായ മാരിദാസിനെയാണ് മധുര സൈബര്‍ ക്രൈം പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.
ഡി.എം.കെ ഭരണത്തിന് കീഴില്‍ തമിഴ്നാട് കശ്മീരായി മാറുകയാണോ എന്നായിരുന്നു മാരിദാസിന്റെ ട്വീറ്റ്. ഉടന്‍തന്നെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. രാജ്യത്തോട് കൂറുപുലര്‍ത്താത്ത ആളുകള്‍ ഒത്തുചേരുമ്പോള്‍ ഒരു ഗൂഡാലോചന രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും വിഘടനവാദ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റില്‍ മാരിദാസ് പറയുന്നു.
മാരിദാസിനെ ചോദ്യം ചെയ്യാന്‍ മധുര പൊലിസ് കെ പുത്തൂരിലെ സൂര്യ നഗറിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ബി.ജെ.പി അംഗങ്ങള്‍ സ്ഥലത്ത് തടിച്ചുകൂടുകയും മാരിദാസിനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞു.
പ്രതിഷേധങ്ങളെ അവഗണിച്ച് മാരിദാസിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് സ്റ്റേഷനിലെത്തിച്ചു. അവിടെയും പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരെത്തി. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ടി.കെ. രാജശേഖരന്, തങ്കദുരൈ എന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സൈബര്‍ കുറ്റകൃത്യപ്രകാരം മാരിദാസിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."