അങ്കമാലിയില്‍ ട്രെയിന്‍ പാളംതെറ്റിയ സംഭവം കണ്ണൂരിലും യാത്രക്കാര്‍ക്കു ദുരിതദിനം
കണ്ണൂര്‍: അങ്കമാലി കുറുകുറ്റിയില്‍ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയതോടെ ട്രെയിന്‍ സര്‍വിസ് താളംതെറ്റിയതിനാല്‍ കണ്ണൂരിലും യാത്രക്കാര്‍ വലഞ്ഞു.
ഇന്നലെ രാവിലെ 7.50ന് ഈ ട്രെയിനില്‍ മംഗളൂരുവിലേക്കു പോകാന്‍ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് ആദ്യം വലഞ്ഞത്. മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ രോഗികളടക്കമുള്ളവര്ക്കു ചെന്നൈ-മംഗളൂരു മെയിലിനാണു പുറപ്പെടാനായത്. 9.30ന് എറണാകുളം ഭാഗത്തേക്കു പോകാന്‍ മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് പ്രതീക്ഷിച്ച് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഈ ട്രെയിന്‍ റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്.
ഏറനാട് എക്സ്പ്രസിനു ശേഷം എറണാകുളത്തേക്ക് ഉച്ചകഴിഞ്ഞാണു പിന്നീടു ട്രെയിന്‍ ഓടിയത്. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇന്നലെ സര്‍വിസ് നടത്തിയില്ലെങ്കിലും കണ്ണൂരില്‍ നിന്നു തിരികെയുള്ള എറണാകുളം എക്സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വിസ് നടത്തിയതു യാത്രക്കാര്‍ക്ക് ഒരുപരിധി വരെ ആശ്വാസമായി. ഇന്നലെ രാവിലെ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് രാത്രി ഏഴിനും കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് രാത്രി 7.50നുമാണ് പുറപ്പെട്ടത്. ഈ ട്രെയിനുകള്‍ വൈകിയതറിയാതെ മലയോര മേഖലയില്‍ നിന്നു പോലും ഇന്നലെ വൈകുന്നേരം യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി കാത്തിരുന്നു.
എറണാകുളം ഭാഗത്തുനിന്നു കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളില്‍ എത്തേണ്ട യാത്രക്കാരാണു ട്രെയിന്‍ സര്‍വിസ് താറുമാറായതു കാരണം ഏറ്റവും കൂടുതല്‍ വലഞ്ഞത്. ഇന്നലെ അവധി ദിനമായതിനാല്‍ സീസണ് ടിക്കറ്റ് യാത്രക്കാര്‍ യാത്രാദുരിതത്തില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."