വധിക്കപ്പെടുന്ന മാധ്യമപ്രവർത്തകരും ഭീഷണി നേരിടുന്ന മാധ്യമങ്ങളും
മാധ്യമങ്ങളുടെ പ്രസക്തി ആധുനിക കാലത്ത് ഏറെ വർധിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ ഇടപെടലുകൾ പൊതുവെ മാധ്യമ സ്വാധീനശേഷി വർധിപ്പിച്ചു എന്നതാണ് യാഥാർഥ്യം. പക്ഷേ അവയിൽ പലതും വിപരീത ഫലങ്ങൾ ഉണ്ടാക്കുന്നു എന്നതും കാണാതിരുന്നുകൂടാ. ജനവികാരങ്ങളും അവരുടെ പ്രശ്നങ്ങളുമാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനകീയാവശ്യങ്ങൾക്ക് വേണ്ടി മാധ്യമങ്ങൾ മുമ്പിൽ നിന്ന് വാദിക്കുമ്പോൾ, അതൊരു പൊതുവികാരമായിത്തീരുന്നു. അവ പലപ്പോഴും ഭരണാധികാരികൾക്ക് അലോസരമാകുകയും ചെയ്യുന്നു. ഈ അലോസരമാണ് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരേയുള്ള ആക്രമങ്ങളും കൊലകളും മറ്റുമായി പരിണമിക്കുന്നത്. വിവര സാങ്കേതികവിദ്യ വളരുന്നതോടൊപ്പം അവ പൊതുബോധത്തെ കൂടുതൽ സ്വാധീനിക്കുകയും ഭരണകൂട ഭീകരതക്കെതിരേ പൊരുതാൻ ജനങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു എന്നത് നേരാണ്. ഇത്തരമൊരു ഘട്ടത്തിൽ മാധ്യമങ്ങളെ നിശബ്ദരാക്കുകയും അത്തരം മാധ്യമപ്രവർത്തകരെ ഇല്ലാതാക്കുകയും ചെയ്യുക എന്നത് ജനാധിപത്യ വിരുദ്ധ സർക്കാരുകളും ഏകാധിപതികളും ബാധ്യതയായി ഏറ്റെടുക്കുന്നു. അതിനാലാണ് ലോകമൊട്ടാകെ മാധ്യമങ്ങൾക്ക് നേരേ ഭീഷണികൾ വർധിച്ചുകൊണ്ടിരിക്കുന്നത്, മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയോ അവരെ കാണാതാവുകയോ ചെയ്യുന്നത്. മാധ്യമ സ്ഥാപനങ്ങളിലും മേധാവികളുടെ വീടുകളിലും ഓഫിസുകളിലും നിരന്തരം റെയ്ഡ് നടത്തി അവരെ സമ്മർദത്തിലാക്കുന്നതും ഇതിനാലാണ്.
മാധ്യമങ്ങൾക്കെതിരായി വർധിച്ചുവരുന്ന ആക്രമണങ്ങളുടെ നേർചിത്രമാണ് കഴിഞ്ഞ ദിവസം സി.പി.ജെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലുള്ളത്. പത്രപ്രവർത്തകർക്ക് സംരക്ഷണം നൽകുന്നതിന് ആഗോളാടിസ്ഥാനത്തിലുള്ള സംഘടനയാണ് സി.പി.ജെ. 293 മാധ്യമ പ്രവർത്തകരാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ലോകത്തൊട്ടാകെ ഇക്കൊല്ലം ജയിലിലടക്കപ്പെട്ടത്. 24 മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തു. 1992 മുതൽക്കാണ് മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് സി.പി.ജെ അന്വേഷിച്ചു തുടങ്ങിയത്. അന്ന് തൊട്ട് കഴിഞ്ഞ ദിവസം വരെ 1,440 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കാരനായ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ദാനിഷ് സിദ്ദീഖി അഫ്ഗാനിൽ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് തീർക്കുന്നതിൽ ചൈനയാണ് മുമ്പിൽ. അമ്പത് പത്രപ്രവർത്തകരെയാണ് ചൈനീസ് ഭരണകൂടം ജയിലിലടച്ചത്. എന്നാൽ ഭരണകൂടങ്ങളുടെ ഏറാൻമൂളികളായി പല മാധ്യമങ്ങളും മാറുന്നുണ്ട്. ഇന്ത്യയിലെ പല ദേശീയ മാധ്യമങ്ങളും ഭരണകൂട അനുകൂല ജിഹ്വകളായി തരം താണിട്ടുണ്ട്. ലോകശ്രദ്ധ പിടിച്ച് പറ്റിയ കർഷക സമരം തമസ്കരിക്കാൻ ഇന്ത്യയിലെ പല സുപ്രധാന മാധ്യമങ്ങളുമുണ്ടായിരുന്നു. വിവരസാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ചയിൽ, മാധ്യമങ്ങളിൽ ചിലത് സത്യം എത്ര മൂടിവച്ചാലും അവ പുറത്ത് വന്നുകൊണ്ടിരിക്കും. കർഷക സമരത്തിലും സംഭവിച്ചത് അതാണ്.
ഇന്ത്യയിലും മാധ്യമങ്ങൾ കടുത്ത ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നാൽപത് വർഷം മുമ്പുള്ള ഇന്ത്യൻ മാധ്യമ രംഗത്തെയും ഇപ്പോഴത്തെ മാധ്യമങ്ങളുടെ അവസ്ഥയും താരതമ്യം ചെയ്യുമ്പോഴാണ് വ്യത്യാസം മനസിലാക്കാൻ കഴിയുക. അക്കാലത്ത് മാധ്യമ സ്വാതന്ത്ര്യം എത്രമേൽ അസൂയാവഹമായ നിലയിലായിരുന്നു എന്ന് നമുക്ക് ബോധ്യപ്പെടും. പ്രശസ്ത മാധ്യമപ്രവർത്തകനായ എൻ. റാം തന്റെ ഒരു പ്രഭാഷണത്തിനിടയിൽ അഭിപ്രായപ്പെട്ടത് ഇന്ത്യയിലെ മാധ്യമങ്ങൾ വംശനാശ ഭീഷണിയിലാണെന്നായിരുന്നു. അത് അക്ഷരംപ്രതി ശരിയാണെന്ന് രാജ്യത്ത് മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരേ വർധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ശരിവയ്ക്കുന്നുണ്ട്. സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ തുറന്ന ആക്രമണങ്ങൾക്കു വിധേയമാകുന്നുണ്ട്. മാധ്യമ പ്രവർത്തകരെ പൊതുസമൂഹത്തിന് മുമ്പിൽ അപമാനിതരാക്കാനും അപഹാസ്യരാക്കാനും സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകൾ ഇതിന്റെ ഭാഗമാണ്. അഴിമതിക്കും വർഗീയതക്കും എതിരേ നിരന്തരം ശബ്ദിക്കുന്ന മാധ്യമപ്രവർത്തകർ ഇന്ത്യയിലും കൊല്ലപ്പെടുന്നത് രാഷ്ട്രീയമായ അസഹിഷ്ണുതയുടെയും ഭരണകൂട താൽപര്യങ്ങളുടെയും ഭാഗമായിട്ടു വേണം കാണാൻ.
സ്വതന്ത്ര മാധ്യമ പ്രവർത്തനം രാജ്യത്ത് ഉറപ്പുവരുത്തുന്നതിനായി രൂപീകൃതമായതാണ് പ്രസ് കൗൺസിൽ. എന്നാൽ ആ സ്ഥാപനം ഇന്ന് ദുർബലമാണ്. ഭരണഘടനാസ്ഥാപനങ്ങൾ ദുർബലമാകുമ്പോൾ, പത്ര സ്വാതന്ത്ര്യത്തോടൊപ്പം ജനാധിപത്യവും ദുർബലമാകും. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ ജനാധിപത്യവും മതേതരത്വവും കൂടിയാണ് അപകടത്തിലാകുന്നത്. ജനങ്ങളുടെ അറിയാനുള്ള ഭരണഘടനാപരമായ അവകാശത്തെ നിറവേറ്റുക എന്ന ധർമം നിർവഹിക്കുന്ന മാധ്യമപ്രവർത്തകർക്ക് നേരേ കേരളത്തിലെ കോടതികളിൽപോലും അഭിഭാഷകരുടെ ഭാഗത്ത് നിന്നും അക്രമമുണ്ടായി. ഈ വിഷയങ്ങളിലൊക്കെയും ഇടപെടുന്നതിൽ പ്രസ് കൗൺസിൽ ദയനീയ പരാജയമായിരുന്നു.
അധികാര കേന്ദ്രങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരേ പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരേ സന്ധിയില്ലാതെ എഴുതിക്കൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തകരുടെയും മാധ്യമങ്ങളുടെയും നിർഭയമായ നിലനിൽപ്പിന് വേണ്ടി പൊതുസമൂഹത്തിൽ നിന്നാണ് ഇനിയുള്ള കാലത്ത് പ്രതികരണങ്ങൾ ഉയർന്നുവരേണ്ടത്. ലോകത്തിലെ മൂന്നിലൊന്ന് ആളുകളും മാധ്യമ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നാണ് പത്രപ്രവർത്തകരുടെ സുരക്ഷക്കായി ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന പറയുന്നത്. ജനാധിപത്യ പ്രക്രിയയിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ് ഇത് ഏറെയും സംഭവിച്ചു കൊണ്ടിരിക്കുന്നതും. ഇന്ത്യയും ഇതിൽ പെടുമെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അവശ്യ ഘടകമായിത്തീരുമ്പോൾ, അവയുടെ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടാകുന്ന ഭീഷണികൾ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരേയുള്ള ഭീഷണികൾ കൂടിയാണ്. ഇത്തരം ശക്തികളെ ചെറുത്തുതോൽപ്പിക്കേണ്ട ബാധ്യത ജനാധിപത്യ സമൂഹത്തിനുണ്ട്. അതവർ നിറവേറ്റുന്നില്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം പൗരസ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും മാഞ്ഞുപോകുന്ന കാലവും വിദൂരമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."