മാസം ഏഴായിട്ടും പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട് അട്ടത്തു തന്നെ
അൻസാർ മുഹമ്മദ്
കൊച്ചി
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുന്നതു സംബന്ധിച്ച ആശയക്കുഴപ്പം തീർക്കാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് ഏഴു മാസം പിന്നിട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാതെ സർക്കാർ.
ഉമ്മൻ ചാണ്ടി സർക്കാരാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി കൊണ്ടുവന്നത്. പിണറായി സർക്കാർ റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു ചെയർമാനും മുൻ നികുതി വകുപ്പ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയരക്ടർ ഡോ. ഡി. നാരായണ എന്നിവർ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 30ന് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇതുവരെ സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ല.
നിയമസഭയിൽ അംഗങ്ങളുടെ ചോദ്യത്തിന് റിപ്പോർട്ട് വിശദമായി പരിശോധിക്കുകയാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.
നിയമസഭയും സർക്കാരും ഒരിക്കൽ അംഗീകരിച്ചതിനാൽ നിയമപരമായി പിന്മാറാൻ പ്രയാസമായതിനാൽ മെച്ചപ്പെട്ട രീതിയിൽ തുടരാനാണ് സമിതിയുടെ ശുപാർശ.
അടുത്ത ബജറ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാൻ സർക്കാർ തയാറല്ല
ഭരണാനുകൂല സർവിസ് സഘടനാ പ്രതിനിധികൾക്കു പോലും പദ്ധതി തുടരുമോ ഇല്ലയോ എന്നറിയില്ല. 2013 ഏപ്രിൽ ഒന്നുമുതൽ സംസ്ഥാന സർക്കാർ സർവിസിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പങ്കാളിത്ത പെൻഷൻ ബാധകമാണ്. ദേശീയതലത്തിൽ പങ്കാളിത്ത പെൻഷൻ പരിഷ്‌കരിച്ചുകഴിഞ്ഞു. സർക്കാർ വിഹിതം പത്തിൽനിന്ന് 14 ശതമാനമാക്കി. ഗ്രാറ്റുവിറ്റി നൽകാനും തീരുമാനിച്ചു.
മരിച്ചാൽ കുടുംബത്തിന് 20 ലക്ഷവും പെൻഷനും ഉറപ്പാക്കി. ഇക്കാര്യങ്ങളൊന്നും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല.
ശമ്പളത്തിന്റെ പത്തുശതമാനം ജീവനക്കാരിൽനിന്നും പത്തുശതമാനം സർക്കാരിൽനിന്നും പെൻഷൻ ഫണ്ടിലേക്ക് പോകുന്നുണ്ട്.
അഞ്ചു ലക്ഷം ജീവനക്കാരിൽ 2013 ഏപ്രിൽ ഒന്നിന് ശേഷം സർവിസിൽ പ്രവേശിച്ച 1.4 ലക്ഷം പേരാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
ഇടതുമുന്നണി സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെന്നത്.
ഈ വാഗ്ദാനലംഘനത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാർ തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."