സർക്കാരിനോട് ഇടഞ്ഞ് ഗവർണർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത അതൃപ്തി പരസ്യമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ ഇടപെടലുകൾ നടത്തണമെങ്കിൽ താൻ ചാൻസലർ പദവി ഒഴിഞ്ഞു തരാമെന്നും സർക്കാരിന് തന്നെ നീക്കം ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുതരാമെന്നും അറിയിച്ച് മുഖ്യമന്ത്രിക്കു കത്ത് നൽകി.
ചരിത്രത്തിലില്ലാത്തവിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിനു കത്ത് നൽകിയിരിക്കുന്നത്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.
സർവകാലാശാലാ വിഷയങ്ങളിൽ തന്റെ എതിർപ്പ് അറിയിച്ച് ഗവർണർ ആദ്യം കത്തു നൽകിയത് അഞ്ചുദിവസം മുമ്പാണ്. ഗവർണറെ വിശ്വാസത്തിലെടുത്തുള്ള നടപടികൾ കൈക്കൊള്ളുമെന്നറിയിച്ച് സർക്കാർ കത്തിലൂടെ തന്നെ മറുപടി നൽകി.
എന്നാൽ വിഷയത്തിൽ സർക്കാരിന്റെ മറുപടി തള്ളി തന്റെ കടുത്ത എതിർപ്പ് വ്യക്തമാക്കി രണ്ടാമത്തെ കത്തും ഗവർണർ നൽകി.
ഇതേത്തുർന്ന് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇന്നലെ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടു.
എന്നാൽ അനുനയശ്രമത്തിന് ഗവർണർ വഴങ്ങിയില്ലെന്നാണ് സൂചന. ഇതോടെ പൗരത്വ വിഷയത്തിനുശേഷം സർക്കാരും ഗവർണറും തമ്മിൽ പുതിയ പ്രതിസന്ധിക്ക് തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."