നീറ്റ് ഉത്തരക്കടലാസിൽ കൃത്രിമം; തെളിവില്ലെന്ന് ഹൈക്കോടതി ഹരജി തള്ളി
കൊച്ചി
നീറ്റ് പരീക്ഷയുടെ ഒ.എം.ആർ ഷീറ്റിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരിയുടെ ആരോപണം തെളിയിക്കുന്നതിനു മതിയായ തെളിവുകൾ കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ നാഗരേഷ് ഹരജി തള്ളിയത്. നാഷനൽ ടെസ്റ്റിങ് ഏജൻസി നൽകിയ പരിശോധനാ റിപ്പോർട്ടിൽ ഹരജിയിൽ ആരോപിക്കുന്ന കാര്യങ്ങൾക്ക് തെളിവുകളില്ലെന്നു കോടതി വിലയിരുത്തി.
കഴിഞ്ഞ സെപ്റ്റംബർ 12നു നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസിന്റെ ഒ.എം.ആർ ഷീറ്റിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും ഹരജിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അച്ഛന്റെയും അമ്മയുടെയും പേരുകളും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ ഒപ്പും ശരിയായ നിലയിലല്ലെന്നും ഹരജിക്കാരി കോടതിയിൽ ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് കോടതി നാഷനൽ ടെസ്റ്റിസ് ഏജൻസിയോട് (എൻ.ടി.എ)പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. എൻ.ടി.എ യ്ക്ക് പരിശോധനയ്ക്ക് നൽകിയ ഒ.എം.ആർ ഷീറ്റ് വ്യക്തിപരമായി പരിശോധിക്കുന്നതിനു കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. പരിശോധനയ്ക്കു ശേഷവും ഹരജിക്കാരി തന്റെ ആരോപണങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഐ.ഐ.ടിയിലെ ജോയിന്റ് ഡയരക്ടർ ചെയർമാനായ മൂന്നു പ്രൊഫസർമാരുടെ സംഘത്തെയാണ് പരിശോധനയ്ക്കായി എൻ.ടി.എ നിയമിച്ചത്. റിപ്പോർട്ട് അവിശ്വസിക്കേണ്ട കാര്യമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തൃശൂർ വാടാനപ്പള്ളി സ്വദേശിനി റിതു സിബിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."