കുടുംബശ്രീ അംഗങ്ങൾ പടിയിറങ്ങുന്നു, വർധിപ്പിച്ച ഓണറേറിയം ലഭിക്കാതെ
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
വർധിപ്പിച്ച ഓണറേറിയം ലഭിക്കാതെ സംസ്ഥാനത്തെ കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്‌സൺമാരും അംഗങ്ങളും പടിയിറങ്ങുന്നു.
സി.ഡി.എസ് ചെയർ പേഴ്‌സൺമാർക്ക് ആയിരം രൂപയും അംഗങ്ങൾക്ക് പ്രതിമാസം 400 രൂപ യാത്രാ ബത്തയുമാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.
ഏപ്രിൽ മുതൽ നൽകേണ്ട വർധിപ്പിച്ച ഓണറേറിയം ഇതുവരെ നൽകിയിട്ടില്ല. എന്നാൽ ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതലുള്ള കുടിശ്ശിക സഹിതം നൽകിയിട്ടുമുണ്ട്. ഈ മാസം 20 ന് കുടുംബശ്രീ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. ജനുവരി 26ന് പുതിയ ഭരണ സമിതികൾ അധികാരത്തിൽ വരും.നിലവിലെ ഭരണ സമിതികൾ ഇതോടെ ഇല്ലാതാകും.
സി.ഡി.എസ് ചെയർ പേഴ്‌സണ് 7,000 രൂപയാണ് പ്രതിമാസം ഓണറേറിയമായി നൽകുന്നത്. ഇതാണ് 8,000 രൂപയാക്കി കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചത്. ഓരോ വാർഡിൽ നിന്നും തെരെഞ്ഞെടുക്കുന്ന സി.ഡി.എസ് അംഗങ്ങൾക്ക് പ്രതിമാസം 100 രൂപയായിരുന്നു യാത്ര ബത്ത നൽകിയിരുന്നത്. ഇത് 500 രൂപയായും ഉയർത്തി. കുടുംബശ്രീ അയൽക്കൂട്ട പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് യാത്രാ ബത്ത നൽകണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടുമില്ല.
അയൽക്കൂട്ടങ്ങളിൽ നിന്ന് ആഴ്ച തോറും ശേഖരിക്കുന്ന പണം(ത്രിഫ്റ്റ്)ബാങ്കുകളിൽ പോയി അടക്കുന്നതിനും സർക്കാർ ഏൽപിക്കുന്ന വിവിധ പരിപാടികൾ നടത്തുന്നതിനും ഒരു സഹായവും നൽകുന്നില്ല. ഇവയെല്ലാം സ്വന്തം ചെലവിൽ നടത്തേണ്ട ഗതികേടാണ് കുടംബശ്രീ പ്രവർത്തകർക്കുള്ളത്. ഓരോ വർഷവും അയൽക്കൂട്ടം പുതുക്കുന്നതിനും കണക്ക് ഓഡിറ്റ് ചെയ്യുന്നതിനുംവരെ ഇവരിൽ നിന്ന് ഫീസ് ഈടാക്കുന്നുമുണ്ട്.
സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് ഓരോ സി.ഡി .എസ് ചെയർ പേഴ്‌സണും ഏപ്രിൽ മുതലുള്ള കുടിശ്ശിക അടക്കം 10,000 രൂപയും അംഗങ്ങൾക്ക് 5,000 രൂപയും ലഭിക്കാനുണ്ട്. പടിയിറങ്ങുന്നതിന് മുമ്പ് തുക ലഭിക്കുമോയെന്നാണ് സി.ഡി.എസ് പ്രവർത്തകർ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."