വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട നടപടി റദ്ദാക്കണം: ജിദ്ദ - പൊന്മള പഞ്ചായത്ത് കെഎംസിസി
ജിദ്ദ: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട സംസ്ഥാന സർക്കാർ നടപടി ഉടനെ റദ്ദ് ചെയ്യണമെന്ന് ജിദ്ദ- പൊൻമള പഞ്ചായത്ത് കെഎംസിസി പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. നിയമനം പി എസ് സി ക്ക് വിടുക വഴി നിരീശ്വര വാദികളെയും മത വിശ്വാസം ഇല്ലാത്തവരെയും നിയമിക്കുകയും അത് വഴി വഖഫ് സ്വത്തുക്കൾ നശിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യമാണ് പിണറായി സർക്കാരിനെന്നും ഇതിനെതിരെ മുഴുവൻ മുസ്‌ലിം സംഘടനകളും രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രെട്ടറിയേറ്റ് മെമ്പർ നാസർ വെളിയങ്കോട് ഉദ്‌ഘാടനം ചെയ്തു. യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആത്മീയ നേതാക്കളെയാണ് വഖഫ് ബോർഡ് ചെയർമാൻ പദവിയിൽ നിയമിക്കാറുള്ളതെന്നും എന്നാൽ ഇടത് സർക്കാർ പാർട്ടി നേതാക്കളെയാണ് ഈ പദവിയിൽ നിയമിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായം ഏറെ പവിത്രതയോടെ കാണുന്ന വഖഫ് ബോർഡിനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇടത് സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വേണ്ടി യു ഡി എഫ് സർക്കാർ കൊണ്ട് വന്ന എല്ലാ പദ്ധതികളും ഇടത് സർക്കാർ അട്ടിമറിക്കുകയാണെന്ന് അദ്ദേഹംവിശദീകരിച്ചു. പരിപാടിയിൽ പൊൻമള പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ടി. ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു.
'കെഎംസിസി കുടുംബ സുരക്ഷ പദ്ധതിയുടെ അനിവാര്യത' എന്ന വിഷയത്തിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്ററും, 'സംഘടന പ്രവർത്തനം' എന്ന വിഷയത്തിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങലും സംസാരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ജോ. സെക്രട്ടറി ടി .കെ അൻവർ സാദത്ത് കുറ്റിപ്പുറം, നൗഷാദലി വടക്കൻ, ഖാലിദ് പുള്ളാടൻ, ഹൈദർ പുവ്വാട് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ലത്തീഫ് പുള്ളാടൻ ഖിറാഅത്ത് നടത്തി. പൊൻമള പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് റാസിൽ ഒളകര സ്വാഗതവും ടി. നജ്മുദ്ധീൻ ചൂനൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."