സര്‍ക്കാര്‍ നയം അറിയാത്ത ആളല്ല ഗവര്‍ണര്‍; ചാന്‍സിലര്‍മാരുടെ അധികാരം കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല: ആരിഫ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി
കണ്ണൂര്‍:സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായിവിജയന്‍. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അഭിപ്രായം മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എല്‍ഡിഎഫിന്റെ നയം. ഇതേ വിഷയം തന്നെയാണ് ഗവര്‍ണറും പങ്കുവച്ചത്. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. ഉന്നതവിദ്യാഭ്യാസമേഖലയിലെ കുറവ് തുറന്നുപറഞ്ഞാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള പരിപാടികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചാന്‍സിലറുടെ അധികാരം സര്‍ക്കാര്‍ ഒരിക്കലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഇനിയൊരിക്കലും അതുണ്ടാകുകയുമില്ല. ഇക്കാര്യം ഉറപ്പുനല്‍കുകയാണ്. ചാന്‍സിലറുടെ സ്ഥാനത്തുനിന്ന് മാറരുതെന്നാണ് ഗവര്‍ണറോട് അഭ്യര്‍ഥിക്കാനുള്ളത്. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി പറയേണ്ടി വന്നത്. അല്ലെങ്കില്‍ വ്യക്തിപരമായി പറഞ്ഞ് തീര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."