സർവകലാശാലകളുടെ നിലവാരത്തകർച്ച
പരിഹാസത്തിന്റെ കൂരമ്പുകൾ ഒളിപ്പിച്ച് വച്ചതായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കെഴുതിയ ചടുലമായ കത്ത്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാനായി സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്ത് ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഇതിനായി ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ട് തരാമെന്നുമാണ് ഗവർണർ കത്തിൽ പറഞ്ഞത്. ചാൻസലർ സ്ഥാനം ഭരണഘടനാ പദവിയല്ലാത്തതിനാൽ വലിയ പ്രയാസമുണ്ടാവില്ല. പദവി മുഖ്യമന്ത്രിക്ക് കൈമാറുന്ന കരട് നിയമം തയാറാക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകണമെന്നും അതിനു നിയമപരമായ മാർഗം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നുമുള്ള, ഒരൊറ്റ ഞാണിൽ തൊടുത്ത നിരവധി അസ്ത്രങ്ങളാണ് മുഖ്യമന്തിക്ക് നേരെ ഗവർണർ എയ്ത് വിട്ടത്. സാധാരണ രീതിയിലുളള വിമർശനങ്ങൾ കൊണ്ട് ഫലമില്ലെന്ന അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കണം തന്റെ രൂക്ഷ വിമർശനത്തിന് ആക്ഷേപഹാസ്യ ശൈലി ഗവർണർ സ്വീകരിച്ചിട്ടുണ്ടാവുക.
കഴിഞ്ഞ രണ്ടര വർഷം ചാൻസലർ എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ നിരാശയാണ് തോന്നിയത്. അക്കാദമിക് രംഗത്തിന് പുറത്തുള്ളവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇത് സർവകലാശാലകളുടെ നിലവാരത്തകർച്ചക്കും അച്ചടക്കരാഹിത്യത്തിനും വഴിതെളിക്കുന്നുവെന്ന് ഗവർണറുടെ കത്തിൽ അടിവരയിട്ട് പറയുന്നുണ്ട്. അത് അക്ഷരം പ്രതി ശരിയാണ് താനും. നമ്മുടെ സർവകലാശാലകളിൽ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കി വിദേശത്ത് ജോലിക്ക് പോയാൽ അവരുടെ കൈയിലുള്ള സർട്ടിഫിക്കറ്റിന് കടലാസിന്റെ വില പോലും തൊഴിൽ ദാതാക്കൾ നൽകാത്തതിന്റെ അടിസ്ഥാന കാരണം നിലവാരത്തകർച്ചയാണ്. അതിന് കാരണമാകുന്നതാകട്ടെ മതിയായ യോഗ്യതയില്ലാത്തവരെയടക്കം നിയമിക്കുന്ന രാഷ്ട്രീയ അതിപ്രസരവും. ഇത്തരം കാരണങ്ങൾ കൊണ്ടും കൂടിയാണ് നമ്മുടെ മിടുക്കരായ പല വിദ്യാർഥികളും കേരളത്തിന് പുറത്തുള്ള ജെ.എൻ.യു പോലുള്ള സർവകലാശാലകളിലും വിദേശത്തും പ്രവേശനം തേടുന്നത്. ജെ.എൻ.യു വിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവാണ് ഉണ്ടായത്. ഇതിനെതിരേ സംഘ്പരിവാർ ചായ് വുള്ള അധ്യാപകരും എ.ബി.വി.പിയും പ്രതിഷേധമുയർത്തിയെങ്കിലും മികച്ച മാർക്കുള്ളവർക്ക് സംസ്ഥാനം നോക്കാതെ പ്രവേശനം നൽകുമെന്നായിരുന്നു സർവകലാശാല അധികൃതർ പറഞ്ഞത്.
നമ്മുടെ സർവകലാശാലകളിലെ പഠന രംഗത്താണെങ്കിലോ? എസ്.എഫ്.ഐയുടെ മേധാവിത്വമാണവിടെയുള്ളത്. കാലിക്കറ്റും എം.ജിയുമടക്കമുള്ള സർവകലാശാലകളിൽ നിലവാരത്തകർച്ചയുണ്ടാകുന്നത് വിദ്യാർഥി രാഷ്ട്രീയത്തിന്റെ അതിപ്രസരത്താലുമാണ്.സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് സംവരണം ചെയ്തതാണോ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു സർവകലാശാലകളിലെ പല അധ്യാപക നിയമനങ്ങളും നടന്നത്. സ്വജന പക്ഷപാതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കണ്ണൂർ, കാലടി സർവകലാശാലകളിലെ സർക്കാർ ഇടപെടലുകളും മറ്റു വിവാദങ്ങളുമാണ് ഗവർണറെ ചൊടിപ്പിച്ചത്. കണ്ണൂർ വി.സിക്ക് കാലാവധി അവസാനിക്കുന്ന ദിവസം പുനർനിയമനം നൽകിയതും കാലടി വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകിയതും ഗവർണറുടെ അതൃപ്തിക്ക് കാരണമായി. കണ്ണൂർ സർവകലാശാല വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. പുനർ നിയമനവും കാലാവധി നീട്ടലും രണ്ടും രണ്ടാണ്. പുനർ നിയമനത്തിന് നടപടി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ കാര്യത്തിൽ സർക്കാർ ഇതെല്ലാം കാറ്റിൽ പറത്തി. ഇങ്ങിനെ നെറികേടുകളുടെ ഘോഷയാത്രകണ്ട് മനം മടുത്താണ് ഗവർണർ ചാൻസലർ പദവിയും മുഖ്യമന്ത്രിയോട് ഏറെറടുക്കാൻ പറഞ്ഞത്.
അക്കാദമിക് രംഗത്തെ മികച്ചനേട്ടങ്ങളുടെ പേരിൽ നമ്മുടെ സർവകലാശാലകൾ വാർത്താ പ്രാധാന്യം നേടാതായിട്ട് വർഷങ്ങളായി. ഒരു ഭാഗത്ത് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന അക്രമങ്ങളുടെ പേരിലും സ്വജന പക്ഷപാത നിയമനങ്ങളാലുമാണ് സംസ്ഥാനത്തെ സർവകലാശാലകൾ ഇന്ന് വാർത്തകളിൽ ഇടംപിടിക്കുന്നത്. സി.പി. എമ്മിന്റെ സജീവ രാഷ്ട്രീയ നേതാക്കൾക്കും അവരുടെ ഭാര്യമാർക്കുമുളള തൊഴിൽദാന പദ്ധതിയായി സംസ്ഥാനത്തെ സർവകലാശാലകൾ അധഃപതിച്ചിരിക്കുന്നു. വിദ്യാർഥി സംഘടനകളുടെ മേധാവിത്വമാണ് സർവകലാശാലകളെ ഭരിക്കുന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ട് അധ്യാപക സംഘടനകളും നിലയുറപ്പിക്കുമ്പോൾ സർവകലാശാലകൾ പാർട്ടി ഓഫിസുകളുടെ നിലവാരത്തിലേക്കാണ് തരം താഴുന്നത്. വിദ്യാർഥി നേതാക്കൾക്ക് പരീക്ഷ പാസാകാൻ ചോദ്യക്കടലാസ് ചോർത്തി നൽകാനും മാർക്ക് ദാനത്തിനും പാർട്ടി അനുഭാവികൾ കൂടിയായ അധ്യാപകർ കൂട്ടുനിൽക്കുന്നു. ഒരു സർവകലാശാലയുടെ നിലവാരത്തകർച്ചക്ക് ഇതിലപ്പുറമെന്താണ് വേണ്ടത്? പാർട്ടി അനുഭാവികളെ പിൻവാതിലിലൂടെ തിരുകിക്കയറ്റാൻ അധ്യാപക തസ്തികകളിലോ അനധ്യാപക തസ്തികകളിലോ സ്ഥിരം നിയമനം നടത്താറില്ല.
ബി.ജെപി സർക്കാർ ജെ.എൻ.യുവിൽ കൈകടത്താൻ ശ്രമിക്കുന്നതിനെതിരേ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളാണ് പ്രധാനമായും അവിടെ പ്രതിഷേധിക്കാറ്. ഇത്തരമൊരു അവസ്ഥ തന്നെയല്ലേ ഇടത് മുന്നണി സർക്കാർ ഭരിക്കുന്ന കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ചാൻസലർ പദവി മുഖ്യമന്ത്രിക്ക് കൈമാറാൻ തയാറാണെന്ന കത്ത് കനത്ത പ്രഹരത്തിനപ്പുറം ഗവർണർ തന്നെയാണ് സർവകലാശാലകളുടെ പരമാധികാരിയെന്നും മുഖ്യന്ത്രിയെ ബോധ്യപ്പെടുത്തുന്നുമുണ്ട്.
സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള ഗവർണറുടെ അധികാരം കവരുകയും അത് സർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്ത നടപടി അധികമാരും അറിഞ്ഞിരുന്നില്ല. ഗവർണർ അത് വിഷയമാക്കുകയും ചെയ്തിരുന്നില്ല. ഇത്തരമൊരു അധികാര കവർച്ചയുടെ മറപറ്റി ചാൻസലർ പദവിയും സർക്കാരിലേക്ക് മാറ്റുവാൻ അണിയറയിൽ ശ്രമം നടത്തി കൂടായ്കയില്ല. അതിനെതിരേ ഒരു മുഴം നീട്ടിയെറിയുന്നതാണ് മുഖ്യമന്ത്രിക്കുള്ള ഗവർണറുടെ പ്രഹരശേഷിയുള്ള കത്ത്. വിഷയ വിദഗ്ധർ, വൈസ് ചാൻസലറുടെ പ്രതിനിധി, രണ്ട് സിഡിക്കേറ്റ് അംഗങ്ങൾ എന്നിവരടങ്ങുന്ന സമിതിയായിരുന്നു നേരത്തെ അധ്യാപക നിയമനം നടത്തിയിരുന്നത്. ഈ നിയമനരീതി യു.ജി.സി റദ്ദാക്കിയിരുന്നു. വൈസ് ചാൻസലർ, വിഷയ വിദഗ്ധർ, അതത് വിഷയത്തിൽ സർവകലാശാലയിലെ ഡീൻ എന്നിവരാണ് ഇപ്പോൾ സമിതി അംഗങ്ങൾ. വൈസ് ചാൻസലറാണ് വിഷയ വിദഗ്ധരെ തീരുമാനിക്കുന്നതെന്നതിനാൽ അധ്യാപക നിയമനങ്ങളിൽ ഗവർണറുടെ നിലപാട് നിർണായകമാണ്.
ഗവർണർ കത്തിലൂടെ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ സർക്കാർ ഗൗരവപൂർവം പരിഗണിച്ച് കണ്ണൂർ വി.സിയുടെ നിയമന കാര്യത്തിലടക്കം പുനരാലോചനക്ക് തയാറാകണം. സർവകലാശാലകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ പിൻവാതിൽ നിയമനങ്ങളടക്കമുള്ളവയിൽ നിന്ന് സർക്കാർ പിൻവാങ്ങണം. സർവകലാശാലകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് രാഷ്ട്രീയാതിപ്രസരങ്ങളിൽ നിന്നും സർവകലാശാലകളെ രക്ഷിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."