സഊദി ബജറ്റ് പ്രഖ്യാപിച്ചു; 955 ബില്യൺ റിയാൽ ചെലവും 1,045 ബില്യൺ റിയാൽ വരവും
റിയാദ്: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റിന് സഊദി മന്ത്രിസഭ അംഗീകാരം നൽകി. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭ യോഗത്തിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. 955 ബില്യൺ റിയാൽ ചെലവും 1,045 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്ന 90 ബില്യൺ റിയാൽ മിച്ച ബജറ്റാണ് അംഗീകരിച്ചത്.
ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖല വികസനത്തിന് ഊന്നൽ നൽകിയുള്ളതാണ് പുതിയ ബജറ്റ്. വിദ്യാഭ്യാസ മേഖലക്ക് 185 മില്യന്‍ റിയാൽ, അടിസ്ഥാന വികസനം 42 മില്യന്‍, സുരക്ഷ, ഭരണം 101 മില്യന്‍, മുനിസിപ്പല്‍ മേഖല 50 മില്യന്‍, ആരോഗ്യം 138 മില്യന്‍, സൈനികം 171 മില്യന്‍ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.
2021-ൽ സഊദി അറേബ്യ അതിന്റെ എക്കാലത്തെയും ഉയർന്ന എണ്ണ ഇതര വരുമാനം രേഖപ്പെടുത്തി. എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയുടെ സൂചിക ഒക്ടോബറിൽ 13 ശതമാനത്തിലധികം വളർന്നു. 2021ൽ ജി.ഡി.പി വളർച്ച 4.8 ശതമാനം വരെ ഉണ്ടാവും. രാജ്യത്തിന്റെ എണ്ണേതര ഉൽപ്പാദനം 2022 ൽ 4.8 ശതമാനവും 2023 ലും 2024 ലും 5 ശതമാനവും വളരുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ വ്യക്തമാക്കി.
2021 നേക്കാൾ വരുമാനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തുന്ന ബജറ്റ് കരുതൽ ധനം, വികസന ഫണ്ടുകൾ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ ശക്തിപ്പെടുത്തും. 2022 ൽ ജി.ഡി.പി വളർച്ച 7.4 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."