സഊദിയിൽ ചെക്ക്പോസ്റ്റിൽ വീഡിയോ എടുത്ത മലയാളി ഒരു മാസമായി ജയിലിൽ
ദമാം: സഊദിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയ കേസിൽ ജയിലിൽ. കുടുംബവുമൊത്ത് റിയാദ് ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം വീഡിയോ എടുത്ത് ടിക് ടോക്കിൽ പോസ്റ്റിയ സംഭവത്തിൽ തൃശൂർ ചാവക്കാട് സ്വദേശിയാണിപ്പോൾ ഒരു മാസമായി ജയിലിൽ കഴിയുന്നത്. വർഷങ്ങളായി കുടുംബമൊത്ത് ദമാമിൽ താമസിക്കുന്ന യുവാവിനാണ് ദുരനുഭവം.
ദമാം ക്രിമിനൽ കോടതി പരിഭാഷകൻ മുഹമ്മദ് നജാതിയാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കുടുംബവുമൊത്ത് റിയാദ് ഹൈവേയിലൂടെസഞ്ചരിക്കവേ ചെക്ക്പോസ്റ്റിന്റെ അടുക്കൽ നിന്നും ഉദ്യോഗസ്ഥരുടെ ചെറിയ ഒരു വീഡിയോ, ഉടനെയത് ടിക് ടോക്കിലേക്ക് പോസ്റ്റിയത് ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥൻ മൊബൈലും കുടുംബനാഥനെയും കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറുകയായിരുന്നു. കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചു. നിയമമറിയാതെ ചെയ്തു പോയതാണെന്നും കുടുംബമൊത്ത് താമസിക്കുന്നതിനാൽ കനിയണമെന്നും അപേക്ഷിച്ചെങ്കിലും കോടതി ഇത് ചെവികൊണ്ടില്ല.
പ്രതിക്ക് രണ്ട് മാസം ജയിലും 5,000 റിയാൽ (ഏകദേശം ഒരു ലക്ഷം രൂപ) പിഴയും വിധിച്ചു. പ്രതി ഒരുമാസത്തോളമായി ദമാം സെൻട്രൽ ജയിലിലാണ്. സമാനമായ ഒട്ടനവധി കേസുകളിൽ മലയാളി അവനറിയാതെ പെട്ടു പോവുന്നുവെന്നും അതിനാൽ തന്നെ അത്തരം കേസുകളിൽ പിടിക്കപ്പെട്ട് രണ്ടു മാസം മുതൽ പത്തു വർഷം വരെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയാളികളേയും സഊദി ജയിലുകളിൽ നമ്മൾക്ക് കാണാൻ കഴിയുമെന്നും ജയിൽ ശിക്ഷ മാത്രമല്ല ലക്ഷങ്ങൾ പിഴയടക്കേണ്ടതായും വരുമെന്നും മുഹമ്മദ് നജാതി മുന്നറിയിപ്പ് നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."