വളരുന്ന അസമത്വ ഭൂപടം
ഡോ. എൻ.പി അബ്ദുൽ അസീസ്
പാരീസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷണ കേന്ദ്രമായ വേൾഡ് ഇനീക്വാലിറ്റി ലാബ് 2021 ഡിസംബർ 7നാണ് ലോക അസമത്വ റിപ്പോർട്ട് (World Inequality Report 2022) പുറത്തിറക്കിയത്.ലാബ് കോഡയരക്ടർ ലൂക്കാസ് ചാൻസെൽ, ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി, ഇമ്മാനുവൽ സാസ്, ഗബ്രിയേൽ സുക്മാൻ ഉൾപ്പെടെ നിരവധി വിദഗ്ധർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. എല്ലാ രാജ്യവും അവരുടെ ആഭ്യന്തര ഉൽപ്പാദനവും (ജി.ഡി.പി) അതിന്റെ വളർച്ചാനിരക്കും പോലെയുള്ള സാമ്പത്തിക സൂചകങ്ങൾ പുറത്തുവിടുമ്പോൾ, ജനസംഖ്യയിലുടനീളം വരുമാനവും സമ്പത്തും എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നതെന്നും ആർക്കൊക്കെയാണ് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നതെന്നും പറയുന്നില്ല. ഇത് സുപ്രധാനമായ വിവരങ്ങളിലൊന്നാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സമ്പത്ത്, വരുമാനം, ലിംഗനീതി, പരിസ്ഥിതി എന്നിവയിലെ അസമത്വങ്ങളെക്കുറിച്ചുള്ള ഏറ്റവും കാലികമായ പ്രവണതകളും സ്ഥിതിവിവരക്കണക്കുകളുമാണ് റിപ്പോർട്ടിൽ ഉൾപ്പെടുന്നത്. സമ്പത്തിന്റെയും ദേശീയ വരുമാനവിഹിതത്തിന്റെയും കാര്യത്തിൽ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വളരെ വലുതാണെന്നും വരേണ്യവർഗത്തിനനുകൂലമാണ് സർക്കാരുകളുടെ നയങ്ങളെന്നും അവ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഗോളതലത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നിടത്തേക്ക് അസമത്വം തിരിച്ചെത്തുകയാണ്. ലോകജനസംഖ്യയുടെ ഏറ്റവും സമ്പന്നരായ 10 ശതമാനമാളുകൾ ആഗോള വരുമാനത്തിന്റെ 52 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നു. അതേസമയം ദരിദ്രരായ 50 ശതമാനം പേർക്ക് അതിന്റെ 8.5 ശതമാനം മാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ആഗോള സമ്പത്തിലെ അസമത്വങ്ങൾ വരുമാന അസമത്വത്തേക്കാൾ മോശമാണ്. ദരിദ്രരായ 50 ശതമാനമാളുകൾക്ക് ആഗോള സമ്പത്തിന്റെ രണ്ട് ശതമാനമാണ് ലഭിക്കുന്നതെങ്കിൽ, സമ്പന്നരായ 10 ശതമാനമാളുകൾക്ക് സമ്പത്തിന്റെ 76 ശതമാനമാണ് ലഭിക്കുന്നത്. യൂറോപ്പിലാണ് ഏറ്റവും കുറഞ്ഞ അസമത്വമുള്ള രാജ്യങ്ങളെങ്കിൽ ഏറ്റവും ഉയർന്നത് മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കൻ മേഖലകളിലുമാണുള്ളത്.
ചെറിയ കാലയളവിനുള്ളിലാണ് ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണവും അവരുടെ സമ്പത്തും ഇരട്ടിയിലധികമായത്. 2018ൽ ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന ഏറ്റവും ദരിദ്രരായ 3.8 ബില്യൺ ആളുകളുടെ അത്രയും ആസ്തികൾ 26 സമ്പന്നരായ ശതകോടീശ്വരന്മാരുടേതിന് തുല്യമാണെന്ന് ഓക്‌സ്ഫാം റിപ്പോർട്ടും കണ്ടെത്തി. രാജ്യങ്ങൾ തമ്മിലുള്ള അസമത്വം കുറയുകയും രാജ്യങ്ങൾക്കുള്ളിൽ അത് വർധിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തൽ.
ദേശീയസമ്പത്തിൽ സ്വകാര്യ ഉടമസ്ഥതയുടെ വിഹിതം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊതുമേഖലയിലെ സമ്പത്തിന്റെ (പൊതുകെട്ടിടങ്ങൾ, സർവകലാശാലകൾ, റോഡുകൾ, ആശുപത്രികൾ മുതലായവ) അളവ് ചുരുങ്ങുകയാണെന്നും റിപ്പോർട്ട് കണ്ടെത്തുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാജ്യങ്ങളും സ്വകാര്യവ്യക്തികളും സമ്പന്നമാകുമ്പോൾ സർക്കാരുകൾ ദരിദ്രമാകുകയാണ്. വികസിത, സമ്പന്നരാജ്യങ്ങളിൽ പൊതുമേഖലയുടെ കൈവശമുള്ള സമ്പത്തിന്റെ വിഹിതം പൂജ്യത്തോടടുക്കുകയാണ്, അതായത് സമ്പത്തിന്റെ ആകെത്തുക സ്വകാര്യ വ്യക്തികളുടെ കൈകളിലാണെത്തിച്ചേരുന്നത്. കൊവിഡ് പ്രതിസന്ധി ഈ സ്ഥിതി വലുതാക്കുകയാണ് ചെയ്തത്.
ഇനി നമ്മുടെ രാജ്യത്തെക്കുറിച്ച് ഈ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ എന്താണെന്ന് പരിശോധിക്കാം. ഇന്ത്യ വെറുമൊരു ദരിദ്രരാജ്യം മാത്രമല്ലെന്നും സമ്പത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ വളരെ അസമത്വങ്ങൾ നിലനിൽക്കുന്ന ഒന്നാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. വർധിച്ചുവരുന്ന ദാരിദ്ര്യവും സമ്പന്നരായ വരേണ്യവർഗ്ഗവുമുള്ളതും ലോകത്തിലെതന്നെ ഏറ്റവുമധികം അസമത്വവുമുള്ളതുമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. 2021ലെ മൊത്തം ദേശീയവരുമാനത്തിന്റെ അഞ്ചിലൊന്നിൽ കൂടുതൽ (21.7 ശതമാനം) ഏറ്റവും സമ്പന്നരായ ഒരു ശതമാനമാളുകളുടെയും 57 ശതമാനം സമ്പന്നരായ 10 ശതമാനമാളുകളുടെയും കൈകളിലാണുള്ളത്. അതേസമയം താഴെയുള്ള 50 ശതമാനമാളുകൾക്ക് 13 ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ മുതിർന്നവരുടെ (Adults) ശരാശരി ദേശീയ വരുമാനം 2,04,200 രൂപയാണ്. താഴെയുള്ള 50 ശതമാനമാളുകളുടെ ശരാശരി ദേശീയ വരുമാനം 53,610 രൂപയാണെങ്കിൽ മുകളിലുള്ള 10 ശതമാനമാളുകൾക്ക് ഇരുപത് മടങ്ങ് അധികമാണുള്ളത് (11,66,520 രൂപ). ഇന്ത്യയിലെ ഇന്നത്തെ വരുമാന അസമത്വം പണ്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുണ്ടായിരുന്നതിനേക്കാൾ വലുതാണ്. ബ്രിട്ടീഷുകാരുടെ (1858-1947) കാലഘട്ടത്തിൽ, ഏറ്റവും ഉയർന്ന 10 ശതമാനം ദേശീയ വരുമാനത്തിന്റെ 50 ശതമാനമാണ് നേടിയതെങ്കിൽ ഇന്നത് 57 ശതമാനമാണ്. സ്വാതന്ത്ര്യാനന്തര ദശകങ്ങളിലെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളാണ് പിന്നീട് വരുമാന അസമത്വങ്ങൾ കുറച്ചിരുന്നത് (3540 ശതമാനം). എന്നാൽ 1980കളുടെ മധ്യം മുതൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള ഉദാര, സ്വകാര്യവൽക്കരണ നയങ്ങളാണ് വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വങ്ങൾ തീവ്രമായി വർധിക്കാൻ കാരണമായത്.
ഇന്ത്യയിൽ സമ്പത്തിന്റെ അസമത്വം വരുമാന അസമത്വത്തേക്കാൾ വലുതാണ്. ഇവിടുത്തെ മധ്യവർഗം താരതമ്യേന ദരിദ്രരാണ്. അവരുടെ ശരാശരി സമ്പത്ത് 7,23,930 രൂപ അല്ലെങ്കിൽ മൊത്തം ദേശീയ വരുമാനത്തിന്റെ 29.5 ശതമാനം മാത്രമാണ്. എന്നാൽ അതിസമ്പന്നരായ10 ശതമാനത്തിന് 65 ശതമാനമാണുള്ളത് (ശരാശരി 63,54,070 രൂപ). അതേസമയം ഇന്ത്യയിലെ ദേശീയ സമ്പത്തിന്റെ 33 ശതമാനവും ഏറ്റവും സമ്പന്നരായ ഒരുശതമാനം കൈവശപ്പെടുത്തി (ശരാശരി 3,24,49,360 രൂപ). താഴെയുള്ള 50 ശതമാനത്തിന് ഏതാണ്ട് ശരാശരി 66,280 രൂപയോ അല്ലെങ്കിൽ മൊത്തം ദേശീയ വരുമാനത്തിന്റെ 6 ശതമാനമോ മാത്രമാണുള്ളത്. അതുപോലെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ കുടുംബത്തിന്റെ ശരാശരി സമ്പത്ത് 9,83,010 രൂപയാണ്.
ലിംഗ അസമത്വവും ഇന്ത്യയിൽ വളരെ കൂടുതലാണ്. സ്ത്രീ തൊഴിലാളികളുടെ വരുമാന വിഹിതം 18 ശതമാനം മാത്രമാണ്. ലോകത്തിലെ ഏറ്റവും താഴ്ന്ന സ്ത്രീകളുടെ വരുമാന വിഹിതമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് ഏഷ്യൻ ശരാശരിയേക്കാൾ (21%) കുറവാണ്. പുരുഷന്മാരേക്കാൾ കുറഞ്ഞ വരുമാനവും കുറഞ്ഞ ആസ്തിയും ഉള്ളതിനാൽ, ലോകത്തിലെ ദരിദ്രരിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ്. ആ അനുപാതം വർധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിക്ക് വലുതും ചെറുതുമായ എന്നാൽ അംഗീകരിക്കപ്പെടാത്തതുമായ ഒരുപാട് സംഭാവനകളാണ് അവർ നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ കുറഞ്ഞതും തുല്യതയില്ലാത്തതുമായ വേതനമാണ് അവർക്ക് ലഭിക്കുന്നത്.
അസമത്വത്തെ സംബന്ധിച്ചിടത്തോളം ഓക്‌സ്ഫാം റിപ്പോർട്ടും സമാനമായ ഫലങ്ങളാണ് കണ്ടെത്തിയത്. ഇതനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന 10 ശതമാനം പേർ മൊത്തം ദേശീയ സമ്പത്തിന്റെ 77 ശതമാനമാണ് കൈവശപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണ് (24,42,200 കോടി രൂപ). കൊവിഡ് സമയത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച 11 ശതകോടീശ്വരന്മാരുടെ സമ്പത്തിലുണ്ടായ വർധനവ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയോ അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെയോ 10 വർഷത്തെ നടത്തിപ്പിന് തുല്യമാണ്.
യു.കെയേയും യു.എസിനെയും ചൈനയെയും മാതൃകയാക്കി ഇന്ത്യയിൽ സ്വകാര്യമേഖലകൾക്കും ബഹുരാഷ്ട്രകുത്തക കമ്പനികൾക്കും പ്രാധാന്യം നൽകിയത് ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെ തന്നെ ഇല്ലാതാക്കാൻ കാരണമായി. സമ്പന്നർ അവരുടെ സാമ്പത്തികശക്തി ഉപയോഗിച്ച് രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. അതിനാൽ, ഉയർന്ന ഈ അസമത്വം സമ്പന്നന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ വിധി നിർണയിക്കുന്ന സ്ഥിതിയിലെത്തിച്ചു. സർക്കാരും അവർക്കനുകൂലമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. അനുദിനം സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ പൂർണമായും ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
വർധിച്ചുവരുന്ന സാമ്പത്തിക,വരുമാന അസമത്വത്തിനെതിരേ പോരാടേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയേണ്ടതുണ്ട്. അസമത്വത്തിന്റെ തലങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയുടെ ലഭ്യതയും അത് അളക്കുന്നതിനുള്ള സംവിധാനങ്ങളും സ്ഥാപിക്കേണ്ടത്തുണ്ട്. അത് അസമത്വം ലഘൂകരിക്കാൻ കഴിയുന്ന നയപരമായ നടപടികൾക്ക് അനുകൂലമായി പൊതുജനാഭിപ്രായം ഉയർത്താൻ സഹായിക്കും. സമ്പന്നരായ വ്യക്തികൾക്കും കോർപറേറ്റുകൾക്കും മറ്റും ഉയർന്ന നികുതികൾ ചുമത്തിയും വിതരണസമ്പ്രദായത്തെ പുനർനിർണയിച്ചുമുള്ള നടപടികളുണ്ടാകണം. സുസ്ഥിര വികസനത്തിന്റെ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ മാനങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവും സുസ്ഥിരവുമായ വളർച്ച കൈവരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. എല്ലാവർക്കുമായി മെച്ചപ്പെട്ട ഭാവിയും കൂടുതൽ തുല്യതയും സമത്വവും ന്യായയുക്തവുമായ പുതിയ 'മനുഷ്യ സമ്പദ്‌വ്യവസ്ഥ' കെട്ടിപ്പടുക്കേണ്ട സമയം സംജാതമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."