ഗോവിന്ദാപുരത്ത് ജാതി പറയുന്ന സി.പി.എമ്മുകാർ
പ്രാകൃത കാലത്തെ ഇന്ത്യയെയാണ് പരിഷ്കൃത കാലത്തെ ഗോവിന്ദാപുരം ഓർമിപ്പിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയും പിന്നീടുള്ള രണ്ട് പതിറ്റാണ്ട് വരെയും വളരെ സജീവമായി കേരളത്തിൽ നിലനിന്നുപോന്നിരുന്ന ജാതിവ്യവസ്ഥിതിയുടെയും തൊട്ടുകൂടായ്മയുടെയും അടിവേരുകൾ 21ാം നൂറ്റാണ്ടിലും ഇളകാതെ പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരത്ത് നിലനിൽക്കുന്നുവെന്നതിൽ ഓരോ കേരളീയനും ലജ്ജിച്ച് തല താഴ്ത്തണം. പാലക്കാട് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് തൊട്ടുകൂടായ്മക്കെതിരേയും ജാതീയതക്കെതിരേയും സന്ധിയില്ലാ സമരം നടത്തിയതിന്റെ ഊറ്റവുമായി നിലകൊള്ളുന്ന സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണിയാണ്. സംസ്ഥാനം ഭരിക്കുന്നതും ഇടതു സർക്കാരാണ്. ഗോവിന്ദാപുരം ഉൾകൊള്ളുന്ന ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഭരിക്കുന്നതും സി.പി.എം തന്നെ. എന്നിട്ടും ഗോവിന്ദാപുരത്ത് ജാതീയതയും തൊട്ടുകൂടായ്മയും രൂക്ഷമായി തന്നെ നിലനിൽക്കുന്നു! എന്നാൽ, ഏതാനും കിലോമീറ്റർ മാത്രം ദൂരെയുള്ള തമിഴ്നാട്ടിൽ നിലനിൽക്കുന്ന ജാതീയതക്കും തൊട്ടുകൂടായ്മക്കുമെതിരേ സി.പി.എം കാൽ നൂറ്റാണ്ടായി ഉശിരോടെ സമരം ചെയ്യുന്നുമുണ്ട്. എന്തൊരു വൈരുധ്യം!
ഗോവിന്ദാപുരത്തെ പട്ടികജാതിക്കാരായ 39 കുടുംബങ്ങൾ ജാതീയമായി വേർതിരിക്കപ്പെട്ടിരിക്കുകയാണ്. തൊട്ടുകൂടായ്മയും വേർതിരിവും ഇവിടെ രൂക്ഷമാണ്. പട്ടികജാതി വിഭാഗത്തിലെ ചക്ലിയർ വർഷങ്ങളായി സവർണ ജാതീയതയുടെ അധിക്ഷേപത്തിനും തൊട്ടുകൂടായ്മക്കും ഇരയായിക്കൊണ്ടിരിക്കുന്നു. സവർണർ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്നവർ, ജാതിവ്യവസ്ഥക്കും അപ്പുറമെന്ന് വിധി കൽപ്പിക്കപ്പെട്ട ചക്ലിയർ വിഭാഗത്തെ ഒരു നിലക്കും അടുപ്പിക്കുന്നില്ല. അംഗീകരിക്കുന്നില്ല. അവർ ദൂരെ എട്ടടി മാറിപ്പോകണം. ചെരിപ്പിട്ട് നടക്കാൻ പാടില്ല. കൺവെട്ടത്ത് യാദൃച്ഛികമായിപ്പോലും വരാൻ പാടില്ല. സവർണരുടെ കൃഷിസ്ഥലങ്ങളിൽ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കില്ല. കൂലിപ്പണിയും കൊടുക്കില്ല. മറ്റൊരു റിപ്പബ്ലിക്കല്ലാത്ത ഗോവിന്ദാപുരത്താണ് ഇതൊക്കെയും സംഭവിക്കുന്നത്. അതും പുരോഗമനാശയക്കാർ തിങ്ങിനിറഞ്ഞ കേരളത്തിൽ.
മനുഷ്യർ ഒരേ വർഗമാണെന്നും ആ വർഗത്തിന്റെ അഭിമാനകരമായ നിലനിൽപ്പാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യമെന്നും നാഴികക്ക് നാൽപ്പത് വട്ടം ഉരുവിടുന്ന സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ ഭരിക്കുന്ന കേരളത്തിലാണിതൊക്കെയും സംഭവിക്കുന്നത്. ഗോവിന്ദാപുരത്തെ പട്ടികജാതിക്കാരായ 39 കുടുംബങ്ങൾ കയറിക്കിടക്കാൻ നാല് സെന്റ് ഭൂമിക്കും വീടിനുമായി സമരം നടത്തിവരികയാണ് കഴിഞ്ഞ 65 ദിവസമായിട്ട്. സി.പി.എം ഭരിക്കുന്ന മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് കുടിൽകെട്ടി കുടുംബസമേതം ഇവർ സമരം ചെയ്യുന്നത്. കഴിഞ്ഞ 65 ദിവസം സമരം നടത്തിയിട്ടും അയിത്തോച്ഛാടനത്തിന് വീറോടെ സംസാരിച്ചവർ ഭരണത്തിൽ വന്നിട്ടും അഭിമാനത്തോടെ ജീവിക്കാനുള്ള ഇവരുടെ അവകാശം വകവച്ചു കൊടുക്കാൻ ചെറുവിരൽ പോലും അനക്കുന്നില്ല.
സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകേണ്ടി വന്നു ഒരു മന്ത്രിക്ക് ഇവരുമായി അനുരഞ്ജന ചർച്ചയ്ക്കായി ഒരുങ്ങാൻ. കേരളത്തിലെ ജാതിയതയുടെയും തൊട്ടുകൂടായ്മയുടെയും കനത്ത ഭിത്തികൾ, ഒരു ജാതി ഒരു മതം എന്ന മുദ്രാവാക്യം ശക്തമായി മുഴക്കിയ ഇടതുപക്ഷത്തിന് സംസ്ഥാനത്ത് അവരുടെ സർക്കാരും ഭൂരിപക്ഷം ത്രിതല പഞ്ചായത്തുകളിലും അധികാരത്തിൽ വന്നിട്ടും ഭേദിക്കാൻ കഴിയുന്നില്ലെന്നത് ഖേദകരമാണ്. വിവേചനത്തിന് ഇരയാകുന്നവരുടെ പരാതികൾ ഗൗനിക്കപ്പെടുന്നില്ല. ജാതീയ വിവേചനത്തിൽ സഹികെട്ട് ദലിത് വിഭാഗങ്ങൾ പ്രത്യക്ഷ സമരത്തിനിറങ്ങുമ്പോൾ, അത് പൊതുശ്രദ്ധയിൽ വരുമ്പോൾ മാത്രമാണ് സർക്കാർ അനുനയവുമായി വരുന്നത്. മൃഗങ്ങൾക്ക് പോലും യഥേഷ്ടം വഴികളിലൂടെ സഞ്ചരിക്കാമെന്നും എന്നാൽ, മനുഷ്യരായി ജനിച്ചവർക്ക് സവർണരെന്ന് പറയുന്നവരുടെ കാഴ്ചവട്ടത്തു പോലും വരാൻ പാടില്ലെന്നും പറയുന്നത് സംസ്കൃതചിത്തരായ കേരളീയർ താമസിക്കുന്ന സംസ്ഥാനത്തെ ഗോവിന്ദാപുരത്താണ്. ചണ്ഡാളർ എന്ന് സവർണരാൽ വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യർ എട്ടടി മാറി സഞ്ചരിക്കണമെന്ന വ്യവസ്ഥയുള്ളതും ഇവിടെ തന്നെ.
ജാതീയതയും വർഗവിവേചനവും ഒരു രാഷ്ട്രീയ പാർട്ടി അവരുടെ വളർച്ചയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തി എന്നതിനപ്പുറം, തീണ്ടലും തൊട്ടുകൂടായ്മയും കേരളത്തിന്റെ മണ്ണിൽനിന്ന് പിഴുതെറിയാൻ അവർക്ക് കഴിഞ്ഞില്ല. അതിനായി ആത്മാർഥമായ ഒരു ശ്രമവും നടത്തിയില്ല. ഉദാഹരണമാണ് ഗോവിന്ദാപുരം. ചിലപ്പോൾ പുറം ലോകം അറിയാതെ, കേരളത്തിലെ പല ഉൾഗ്രാമങ്ങളിലും ജാതീയ സ്പർധയും വിവേചനവും തുടരുന്നുണ്ടാവാം. കേരളത്തിൽ ഇപ്പോഴും രണ്ട് ശതമാനം ജനങ്ങൾ അയിത്തം ആചരിക്കുന്നുണ്ടെന്ന് നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് റിസർച്ചും അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയും സംയുക്തമായി നടത്തിയ സർവേയിൽ വെളിപ്പെട്ടതാണ്.
കേരളത്തിൽ ജാതിവ്യവസ്ഥ തുടങ്ങിവച്ചത് ആര്യൻമാരാണെന്ന് വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്പൂതിരിമാർ അവരുടെ മേൽക്കോയ്മക്കുവേണ്ടി രാജാക്കന്മാരെ പാട്ടിലാക്കി. അവർക്ക് സവർണ പദവി നൽകിയായിരുന്നു അവരിൽ മേധാവിത്വം സ്ഥാപിച്ചതും പ്രയോഗിച്ചതെന്നും വില്യം ലോഗൻ പറയുന്നുണ്ട്. മണ്ണിൽ പണിയെടുക്കാതെ സുഖമായി ജീവിക്കാൻ സവർണരെന്ന് പറയപ്പെടുന്നവർ കണ്ടെത്തിയ മാർഗമായിരുന്നു ജാതിവ്യവസ്ഥ. ഈ വ്യവസ്ഥയെ യുക്തിപൂർവം ചോദ്യംചെയ്ത ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ തങ്ങളുടെ വളർച്ചയ്ക്കായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സമർഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. മനുഷ്യരെല്ലാം ഒന്നാണെന്നും മനുഷ്യവർഗമാണ് പ്രധാനമെന്നും പറഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽനിന്ന് ജാതിവിവേചനം അവസാനിപ്പിക്കാൻ ആത്മാർഥമായ ശ്രമം ഉണ്ടായില്ല. ഉണ്ടായിരുന്നുവെങ്കിൽ ഈ 21ാം നൂറ്റാണ്ടിലും ഗോവിന്ദാപുരത്തുനിന്ന് ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും ഒരുതുണ്ട് ഭൂമി വേണം, പാർക്കാൻ കൂര വേണം, വിവേചനത്തിനിരകളാകാതെ അന്തസ്സോടെ അഭിമാനത്തോടെ ജീവിക്കണം എന്നീ ആവശ്യങ്ങളൊന്നും ഉയരുമായിരുന്നില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."