HOME
DETAILS

വിലക്കയറ്റ "മഹായജ്ഞ"ത്തിൽ സർക്കാരും

  
backup
December 15 2021 | 04:12 AM

5463245632-6


സാധാരണ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ് അനുദിനം മുകളിലോട്ട് കുതിക്കുന്ന വിലക്കയറ്റം. കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നീ പ്രയോഗങ്ങളെയെല്ലാം അപ്രസക്തമാക്കുകയാണ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അറ്റമില്ലാത്ത വിലക്കയറ്റം. സാധാരണക്കാരനെ ജീവിക്കാൻ സമ്മതിക്കാത്ത വിലക്കയറ്റം എന്ന വിശേഷണമാണ് ഇപ്പോഴത്തെ വില വർധനവിന് യോജിക്കുക. വില ഏറെയുള്ള തക്കാളി വേണ്ടെന്ന് വച്ച് മറ്റു പച്ചക്കറികൾ വാങ്ങാമെന്ന് കരുതിയാൽ പൊള്ളലേൽക്കുന്ന വിലയാണ് എല്ലാറ്റിനും ഇപ്പോഴുള്ളത്. മണ്ഡലകാലമായതിനാൽ പച്ചക്കറികളുടെ ഉപയോഗം വർധിച്ചതിനാലാണ് വില വർധിച്ചതെന്ന വാദം ശുദ്ധ കളവാണ്.


മണ്ഡലകാലങ്ങളിലൊന്നും ഇതുപോലൊരു പച്ചക്കറി വിലക്കയറ്റം മുമ്പ് ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ കഴുത്തുഞെരിക്കുന്ന വിലക്കയറ്റം, മണ്ഡലകാലമായതിനാൽ ഹൈന്ദവ സഹോദരങ്ങളെയാണ് ഏറെയും ബാധിക്കുക. ചില വീടുകളിൽ മാത്രമാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. അതാകട്ടെ നിത്യവും ഉപയോഗിക്കാൻ മതിയാവുകയുമില്ല. പുറത്തുനിന്ന് വാങ്ങാൻ അവർ നിർബന്ധിതരാവുകയാണ്. കർണാടകയിൽനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പച്ചക്കറി കൊണ്ടുവരുന്നത്. ഈ പ്രാവശ്യം അവിടെ പ്രളയമായതിനാൽ പച്ചക്കറികളെല്ലാം നശിച്ചുപോയതാണ് വിലക്കയറ്റത്തിന് കാരണമായി സർക്കാരും കച്ചവടക്കാരും നിരത്തുന്ന ന്യായം. എന്നാൽ, ഈ ന്യായത്തിന്റെ മറപറ്റി നടത്തുന്ന പൂഴ്ത്തിവയ്പിനെതിരേ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചത്. ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ച് ജനങ്ങൾക്ക് ആശ്വാസം പകരേണ്ട സർക്കാർ വിലക്കയറ്റത്തിനൊപ്പം നിൽക്കുകയാണ്. പച്ചക്കറി വിലക്കയറ്റം ഇത്രമേൽ രൂക്ഷമായിട്ട് സർക്കാർ വിപണിയിൽ ഇടപെട്ടോ?. ഉത്സവാഘോഷങ്ങളിൽ മാത്രം വിപണിയിൽ ഇടപെട്ടാൽ പോര. പിൻവാതിൽ നിയമനവും സ്വജനപക്ഷപാത നിയമനങ്ങളും യൂനിവേഴ്സിറ്റികളിൽ തകൃതിയായി നടക്കുമ്പോൾ, അതിന്റെ പേരിൽ ഗവർണറുമായി കൊമ്പുകോർക്കുമ്പോൾ, അതിൽ മാത്രം ബദ്ധശ്രദ്ധരാകുന്ന സർക്കാർ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രാരാബ്ധങ്ങളിൽ ശ്രദ്ധ പതിപ്പിക്കാത്തതിൽ അത്ഭുതമില്ല. ഹോർട്ടി കോർപ് വഴി പച്ചക്കറി മാർക്കറ്റിൽ ഇടപെടുമെന്ന് സർക്കാർ പറഞ്ഞിരുന്നു. അതു വെറും വീമ്പുപറച്ചിലായി അവശേഷിക്കുകയും ചെയ്തു.


സർക്കാർ വിപണിയിൽ ഇടപെട്ട് വില കുറയ്ക്കാൻ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, കത്തുന്ന പുരയിൽ ഊരുന്ന കഴുക്കോൽ ലാഭമെന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രവർത്തനങ്ങളിലും വ്യാപൃതരാണ്. പച്ചക്കറി വില പിടിച്ചാൽ കിട്ടാത്ത വണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിൽ അവസരം പാഴാക്കേണ്ടെന്ന് കരുതിയായിരിക്കണം സർക്കാരും വിലക്കയറ്റത്തിൽ പങ്കാളിയായത്. സപ്ലൈകോ വഴിയുള്ള നിത്യോപയോഗ വസ്തുക്കളുടെ വില കൂട്ടിയാണ് വിലക്കയറ്റ ഉദ്യമത്തിൽ സർക്കാരും പങ്ക് നിർവഹിക്കുന്നത്. ഡിസംബർ ഒന്ന് തൊട്ട് അരി മുതൽ എല്ലാ പലവ്യഞ്ജനങ്ങൾക്കും സപ്ലൈകോ വില കൂട്ടിയിരുന്നു. അതിൽ തൃപ്തി വരാതെ പതിനൊന്ന് മുതൽ വീണ്ടും വില വർധിപ്പിച്ചിരിക്കുകയാണ്.


പൊതുവിപണിയിൽ വില വർധിക്കുമ്പോൾ അത് പിടിച്ചുനിർത്താൻ ബാധ്യസ്ഥരാ
യ സർക്കാരാണ് സപ്ലൈകോവിന്റെ വിലക്കയറ്റ മഹായജ്ഞത്തിൽ പങ്കാളിയായിരിക്കുന്നത്. വിലക്കയറ്റത്തിൽ പ്രയാസപ്പെടുന്ന ജനത്തെ കൊള്ളയടിക്കാൻ പറ്റിയ സന്ദർഭമാണിതെന്ന് സർക്കാരും കരുതിക്കാണും. മട്ടയും കുറുവയുമടക്കം സപ്ലൈകോയിൽ എല്ലാവിധ അരിക്കും വില വർധിപ്പിച്ചിട്ടുണ്ട്. പുളി, ചായപ്പൊടി, സോപ്പുപൊടി തുടങ്ങി നിത്യവും ഉപയോഗിക്കുന്ന വസ്തുക്കൾക്കും വില കൂടി. വില വർധനവിന് സപ്ലൈകോ നിരത്തുന്ന ന്യായീകരണമാണ് ഏറെ രസാവഹം. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായാണ് വില വർധിപ്പിക്കുന്നതെന്ന വിചിത്ര വിശദീകരണമാണ് സപ്ലൈകോ നൽകുന്നത്. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചപ്പോൾ പല സംസ്ഥാനങ്ങളും ആനുപാതികമായി അധിക നികുതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ, സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ കേരളത്തിൽ അധിക നികുതി ഉപേക്ഷിക്കാൻ തയാറായില്ല. ന്യായീകരിക്കാൻ ധനതത്ത്വശാസ്ത്രജ്ഞനായ മുൻ ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്കിനെപ്പോലും അദ്ദേഹം നിഷ്പ്രഭനാക്കി ധനതത്ത്വശാസ്ത്രത്തിലെ കാണാപ്പുറങ്ങൾ വിശദീകരിച്ച് കേരളീയ സമൂഹത്തെ അത്ഭുതപരതന്ത്രരാക്കുകയും ചെയ്തു. അധിക നികുതി പിൻവലിക്കാതെ, പിടിവിടാതെ നിൽക്കുകയും ചെയ്തു. ഇന്ധന അധിക നികുതി ഉപേക്ഷിക്കാൻ തയാറാകാത്ത ധനതത്ത്വശാസ്ത്രമായിരിക്കണം സപ്ലൈക്കോവിലും സർക്കാർ പരീക്ഷിച്ചിട്ടുണ്ടാവുക. ഇത് കണ്ടിട്ടായിരിക്കണം വൻകിടക്കാരും പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളിലും വില വർധിപ്പിച്ചിട്ടുണ്ടാവുക.


തുടർഭരണം ജനങ്ങൾ വീണ്ടും ഇടതു സർക്കാരിന്റെ കൈയിൽ വച്ചുകൊടുത്തതിനുള്ള നന്ദി പ്രകടനവും കൂടിയായിരിക്കണം മനുഷ്യരെ ശ്വാസംമുട്ടിക്കുന്ന ഈ വിലക്കയറ്റം. തക്കാളി വില വർധനവിനെതിരേ സമൂഹ മാധ്യമങ്ങളിൽ വന്ന ട്രോളുകളൊന്നും വിപണയിൽ ഇടപെടാൻ സർക്കാരിനെ പ്രേരിപ്പിച്ചില്ല. തക്കാളിക്ക് പിന്നാലെ എല്ലാ പച്ചക്കറികൾക്കും തീവിലയാണിപ്പോൾ. ഒരു കിലോ മുരിങ്ങയ്ക്ക് 350 രൂപ കൊടുക്കണം. വിവാഹ സീസണുകളാണ് വരാനിരിക്കുന്നത്. സാധാരണ മനുഷ്യർ എങ്ങനെ താങ്ങും ഈ വിലക്കയറ്റമെല്ലാം. ജനതയോടുള്ള സർക്കാരിന്റെ വെല്ലുവിളിയായി മാത്രമേ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ കാണാനാകൂ. രണ്ടാഴ്ചയ്ക്കിടെ 20 മുതൽ 40 ശതമാനം വരെയാണ് പച്ചക്കറികൾക്ക് വില വർധിച്ചിരിക്കുന്നത്. നിത്യോപയോഗ വസ്തുക്കളുടെ വില വർധന മറ്റെല്ലാ രംഗത്തും വർധനവിന് ഇടയാക്കിയിട്ടുണ്ട്. ടാക്സി, ഓട്ടോ ചാർജ് എന്നിവ സർക്കാരിനെ കാത്തുനിൽക്കാതെ തന്നെ വർധിപ്പിച്ചു. ബസ് ചാർജ് വർധിപ്പിക്കാൻ ബസ് ഉടമകളും സർക്കാരും ചർച്ചാ പ്രഹസനങ്ങൾ അവസാനിപ്പിച്ച് അവസരം പാർത്ത് കഴിയുന്നു. ചിലപ്പോൾ ബസ് സമരനാടകത്തിന് പിന്നാലെ ബസ് ചാർജും വർധിപ്പിച്ചേക്കാം. ഇടതുമുന്നണി അധികാരത്തിൽ വരികയാണെങ്കിൽ വില വർധനവേ ഉണ്ടാകില്ലെന്ന് പ്രകടനപത്രികയിൽ ആണയിട്ട സർക്കാർ ഭരിക്കാൻ തുടങ്ങിയിട്ട് ആറ് വർഷമാകാൻ പോകുന്നു. കൊവിഡിനെയും ഇന്ധന വിലവർധനവിനെയും കർണാടകയിലും തമിഴ്നാട്ടിലും പെയ്ത മഹാമാരിയെയും പഴി പറഞ്ഞ് നിസംഗരായിരിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. ചുരുങ്ങിയ പക്ഷം സപ്ലൈകോ മാർക്കറ്റിലെ വിലയെങ്കിലും താഴ്ത്തിക്കൊണ്ടുവരാൻ ജനങ്ങളുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ ശ്രമിക്കേണ്ടതായിരുന്നില്ലേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago