'എല്ലാം നശിപ്പിച്ചു, മകനെ ജയിലിലാക്കി, ഉപ്പ ഹൃദയം പൊട്ടി മരിച്ചു...'; വംശഹത്യ തകര്‍ത്ത ഡല്‍ഹിയിലെ മുസ്‌ലിം ജീവിതങ്ങള്‍
2020 ഫെബ്രുവരി ഒരു സമൂഹത്തിനു മേല്‍ മരണദൂതുമായി വീണ്ടും സംഘ്പരിവാരങ്ങള്‍ ആയുധങ്ങളുമേന്തി ഉന്മാദനൃത്തം ചവിട്ടിയ നാളുകള്‍. അതിലൊരു ദിനമായിരുന്നു അത്. മതേതര ജനാധിപത്യ ഇന്ത്യയിലെ പൗരനായ ഷാനവാസ് അന്‍സാരി എന്ന മുപ്പതുവയസ്സുകാരന്റെ ജീവിതം മാറ്റിയെഴുതപ്പെട്ട നാള്‍. വാളും വടിവാളും മറ്റു മാരകായുധങ്ങളുമേന്തി അലറിപ്പാഞ്ഞു നടന്നൊരുകൂട്ടം ഹിന്ദുത്വര്‍ തകര്‍ത്തു അനേകം ജീവതങ്ങളിലൊന്നായി ഷാനവാസും മാറിയ നാള്‍.
ആക്രോശവുമായി തെരുവിലലയുന്ന ആള്‍ക്കൂട്ടത്തിന്റെ കണ്ണില്‍ പെടാതിരിക്കാനാണ് ഷാനവാസ് തന്റെ കടക്കുള്ളിലേക്ക് കയറിയത്. ഷട്ടറടച്ച് കടക്കുള്ളില്‍ നിറഞ്ഞ സാധനങ്ങള്‍ക്കു നടുവില്‍ ഒന്ന് ശ്വാസമെടുക്കുക പോലും ചെയ്യാതെ ആ ചെറുപ്പക്കാരന്‍ ഒളിച്ചിരുന്നു. തന്നില്‍നിന്നുയരുന്ന നിശ്വാസങ്ങള്‍ക്കു പോലും തന്റെ മരണത്തിന്റെ ഗന്ധമാണെന്നൊരു ഭീതിയിലും അവര്‍ തന്നെ കണ്ടെത്തില്ലെന്ന് സ്വയം വിശ്വസിപ്പിച്ചൊരു വിശ്വാസത്തില്‍ അയാള്‍ വീണ്ടും വീണ്ടും അട്ടിയിട്ട സാധനങ്ങള്‍ക്കുള്ളിലേക്ക് പതുങ്ങിക്കൊണ്ടിരുന്നു. അത്രമേല്‍ ഭീതി പൊതിയുന്നുണ്ടായിരുന്നു അന്നേരം ആ ചെറുപ്പക്കാരനെ. പക്ഷേ കാര്യമുണ്ടായില്ല. ദണ്ഡുകളും വാളുകളും ബാറ്റണുകളും പെട്രോള്‍ ബോംബുകളും മറ്റുമായെത്തിയ അക്രമി സംഘം അവനെ കണ്ടു കഴിഞ്ഞിരുന്നു. കടയുടെ ഷട്ടറുകള്‍ അവര്‍ അടിച്ചു കര്‍ത്തു. അവനെ പുറത്തേക്ക് വലിച്ചിഴച്ച് തല്ലിച്ചതച്ചു.
<
Shahnawaz, the only breadwinner in a family of 5 from Khajuri is languishing behind bars from last 15 months,charged with 16 fake cases related to Delhi riots. Their house & shop was looted and vandalised during the riot. Weeks after of Shahnawaz's arrest his father died in pic.twitter.com/XjKUnASjZN
— Shabnam Nafisa Kalim (@BanjaraThoughts) December 9, 2021
അവനറിയാവുന്ന ചിലരുമുണ്ടായിരുന്നു അക്രമിസംഘത്തില്‍. അവരെ നോക്കി കൈകൂപ്പി തന്നെ വെറുതെ വിടണമെന്ന് അവന്‍ കേണു പറഞ്ഞു. ഒടുവില്‍ എന്തോ ദയ തോന്നി അവരവന്റെ ജീവന്‍ ബാക്കിവെച്ചു- ഷാനവാസിന്റെ ഇളയ സഹോദരന്‍ ഷഹ്‌സെബ് അന്‍സാരി ആ ദിനം ഭീതിയോടെ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ഷാനവാസിന്റേയും ഉപ്പയുടേതുമുള്‍പെടെ തെരുവിലെ മുഴുവന്‍ കടകള്‍ക്കും അവര്‍ തീയിട്ടു. ഒരായുസ്സിന്റെ മുഴുവന്‍ അധ്വാനവും സമ്പാദ്യവും സ്വരുക്കൂട്ടിവെച്ച അനേകായിരം കിനാക്കളുമെല്ലാം ആ അഗ്നിജ്വാലയില്‍ വെന്തെരിഞ്ഞു.
രാജ്യം കണ്ട ഭീകരമായ വംശഹത്യകളിന്നായിരുന്നു അത്. സി.എ.എ എന്‍.ആര്‍.സി പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊളഅളുമ്പോഴാണ് തലസ്ഥാന നഗരിയില്‍..എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കും കണ്‍മുന്നില്‍ ഈ വിളയാട്ടം. അന്‍പതു പേരാണ് അന്ന് കൊല്ലപ്പെട്ടത്.
അക്രമം നടന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, പൊലിസ് വീട്ടിലെത്തുകയും ഷാനവാസിനെ തൂക്കിയെടുത്ത് കൊണ്ടുപോവുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം ഷെഹ്‌സാബും പിതാവ് റാഷിദും അവനെ അന്വേഷിച്ച് പോയപ്പോള്‍, കൊലപാതകം, കലാപം, തീവെപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ അയാള്‍ പ്രതിയാണെന്നും ഒരു ഡസനിലധികം കേസുകള്‍ അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഡല്‍ഹി പൊലിസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
പൊലിസ് ബലംപ്രയോഗിച്ചാണ് ഷാനവാസിന്റെ കുറ്റസമ്മതമൊഴി വാങ്ങിയതെന്ന് കുടുംബം ആരോപിക്കുന്നു. ശൂന്യമായ പേപ്പറില്‍ ഒപ്പിടാന്‍ വേണ്ടി കസ്റ്റഡിയില്‍ വെച്ച് തന്നെ പൊലിസ് മര്‍ദ്ദിച്ചതായി ഷാനവാസ് തങ്ങളോട് പറഞ്ഞതായും ഷെഹ്‌സാബ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി പൊലിസ് നിരപരാധികളെ വേട്ടയാടുകയാണെന്നും കലാപത്തിന് പ്രേരിപ്പിച്ചവരെയും അതില്‍ പങ്കെടുത്തവരെയും ഒഴിവാക്കുകയാണെന്നും ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അക്രമി സംഘം വന്‍തോതില്‍ കൊള്ളയും കൊള്ളിവയ്പും നടത്തി. മുസ്‌ലിംകളുടെ വീടുകളും പള്ളികളും തിരഞ്ഞുപിടിച്ച് കത്തിച്ചു.
എന്നാല്‍, നിരപരാധിയായ തന്റെ മകനെ പോലിസ് കുടുക്കിയെന്നും ഷാനവാസിന്റെ കുടുംബം പറയുന്നു. തങ്ങളുടെ കടകള്‍ക്ക് തീവെച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതികളെ വ്യക്തമായി ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും സംഭവത്തില്‍ മൂന്ന് മുസ്‌ലിംകളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 'ഇതൊരു ഹിന്ദു ആള്‍ക്കൂട്ടമാണെന്ന് വ്യക്തമാക്കിയിട്ടും അവര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു'കുടുംബം പറയുന്നു.
കടകള്‍ നഷ്ടപ്പെട്ടതും മകനെ നിരവധി കേസുകളില്‍ കുടക്കിയതും ഷാനവാസിനെ പോലിസ് ക്രൂരമായി മര്‍ദിച്ചതും അദ്ദേഹത്തിന്റെ പിതാവിനെ വല്ലാതെ വേദനിപ്പിച്ചു. 'വംശഹത്യയില്‍ തങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, എന്നിട്ടും ഞങ്ങളുടെ മകനെ ജയിലിലടച്ചത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല,'
ഷെഹ്‌സാബ് ഓര്‍ക്കുന്നു. വിഷാദാവസ്ഥയിലായ അദ്ദേഹം 2020 ജൂണില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ ബുദൗണിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍. 2000ന്റെ തുടക്കത്തിലാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്.
പിതാവ് മരിക്കുകയും ജ്യേഷ്ഠന്‍ ജയിലില്‍ ആവുകയും ചെയ്തതോടെ അമ്മയും സഹോദരിയും താനുമടങ്ങുന്ന കുടുംബത്തിന്റെ ചുമതല ഷെഹ്‌സാബിന്റെ ചുമലിലായി. ഇത് തന്റെ സ്വപ്നങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവനെ നിര്‍ബന്ധിതനാക്കി. 'കുട്ടിക്കാലം മുതല്‍ എനിക്ക് പഠിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു, പക്ഷേ ഈ ദുരന്തത്തിന് ശേഷം തനിക്ക് എന്റെ വിദ്യാഭ്യാസം ഉപേക്ഷിച്ച് സമ്പാദിക്കാന്‍ തുടങ്ങേണ്ടി വന്നു.'
വീട്ടുകാര്‍ സ്വന്തം നിലയില്‍ കട പുതുക്കി പണിതെങ്കിലും കച്ചവടം പുനരാരംഭിക്കാന്‍ സമയമായപ്പോള്‍ കാരണമൊന്നും പറയാതെ ഉടമ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചു. അന്ന് താന്‍ ഒരുപാട് കരഞ്ഞതായും ഷെഹ്‌സാബ് പറഞ്ഞു.
അതിക്രമങ്ങള്‍ക്കു മുമ്പ്അത്യാവശ്യം നല്ല രീതിയില്‍ ജീവിച്ചിരുന്നവരായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ഏറെ കഷ്ടപ്പെടുകയാണെന്ന് ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്ന ഷെഹ്‌സാബ് പറയുന്നു. ഷെഹ്‌സാബ് ഷാസീബ് പെട്ടികള്‍ പാക്ക് ചെയ്യുന്ന ഫാക്ടറിയിലാണ് ആദ്യം പോയത്. പ്രതിമാസം 8,000 രൂപ ലഭിച്ചിരുന്നു.'ഇത് അധികമായിരുന്നില്ല, പക്ഷേ ഭിക്ഷ തേടാതെ മുന്നോട്ട് പോവാന്‍ ഇതു സഹായിച്ചു'അദ്ദേഹം പറഞ്ഞു.
എന്നാല്‍ 'സഹോദരന്റെ കേസുകളില്‍ ഹാജരാകാന്‍ തനിക്ക് വക്കീലുമാരിലേക്കും കോടതികളിലേക്കും ഓടേണ്ടി വന്നതിനാല്‍ സ്ഥിരമായി ജോലിക്ക് പോവാന്‍ കഴിയാതെ വന്നതോടെ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന് ആ ജോലി നഷ്ടപ്പെട്ടു'.
തന്റെ സഹോദരനെതിരെ പൊലിസിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നും എന്നാല്‍ എന്തുകൊണ്ടാണ് കോടതി അവനെ വെറുതെ വിടാത്തതെന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും ഷെഹ്‌സാബ് ചൂണ്ടിക്കാട്ടുന്നു.
ജംഇയത്തുല്‍ ഉലമായുമായി ബന്ധപ്പെട്ട് അഡ്വ. ഇസഡ് ബാബര്‍ ചൗഹാനാണ് ഷാനവാസിനെ പ്രതിനിധീകരിക്കുന്നത്. നിരവധി കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചിലതില്‍ ഇനിയും ജാമ്യം കാത്തിരിക്കുകയാണെന്നും ബാബര്‍ പറഞ്ഞു.
ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അവന്‍ നിരപരാധിയാണ്. ബാബര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."