വെള്ളം കിട്ടാതെ ചത്തു കിടക്കുന്ന ജിറാഫുകള്‍; വരണ്ടുണങ്ങുന്ന കെനിയയില്‍ നിന്ന് ഉള്ള് പിടക്കുന്ന കാഴ്ചകള്‍
ജീവനറ്റു കിടക്കുന്ന ആറ് ജിറാഫുകള്‍. ദ്രവിച്ചു തുടങ്ങിയിട്ടുണ്ട് ചിലതൊക്കെ. കെനിയയില്‍ നിന്നുള്ളതാണ് ഈ കാഴ്ച. വരള്‍ച്ചയാണ് ജിറാഫുകളുടെ ജീവനെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വറ്റിപ്പോയ കുളത്തില്‍ നിന്നും വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെളിയില്‍ പുതഞ്ഞുപോയ ഇവ.
കെനിയയിലെ വരള്‍ച്ചയുടെ തീവ്രത വെളിവാക്കുന്നതാണ് ഈ ചിത്രങ്ങള്‍. വാജിറിലെ സാബുലി വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് കരളലയിക്കുന്ന ഈ ദൃശ്യം. മൃതദേഹങ്ങളും വരണ്ട നിലയിലാണ്. ജിറാഫുകള്‍ ചത്തിട്ട് കുറച്ചു ദിവസങ്ങളായെന്ന് ഫോട്ടോയില്‍ നിന്നും വ്യക്തമാണ്.
സെപ്തംബറില്‍ സാധാരണ മഴയുടെ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് ഈ മേഖലയില്‍ മഴ ലഭിച്ചത്. കടുത്ത വരള്‍ച്ചയും കുടിവെള്ളക്ഷാമവും പട്ടിണിയും മൂലം ജിറാഫുകള്‍ അവശനിലയിലായിരുന്നു. മഴയുടെ അഭാവം മൂലമുണ്ടായ ഭക്ഷ്യജല ദൗര്‍ലഭ്യം മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിച്ചു. വരള്‍ച്ച വന്യമൃഗങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വന്യജീവികള്‍ക്ക് കൂടുതല്‍ വെള്ളം എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രദേശങ്ങള്‍ തുറന്ന് വിടേണ്ടത് അത്യാവശ്യമാണെന്നും ബര്അല്ഗി ജിറാഫ് സങ്കേതത്തിലെ തൊഴിലാളിയായ ഇബ്രാഹിം അലി പറഞ്ഞു.
വരള്‍ച്ച ഗാരിസ കൗണ്ടിയിലെ 4,000 ജിറാഫുകളുടെ ജീവനെടുക്കുമെന്ന് കെനിയന്‍ പത്രമായ ദി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരള്‍ച്ചയെ ദേശീയ ദുരന്തമായി കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാട്ട സെപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നു. വരള്‍ച്ച മൂലം രണ്ട് ദശലക്ഷത്തിലധികം കെനിയക്കാര്‍ പട്ടിണിയിലാകുമെന്നാണ് റിപ്പോര്‍ട്ട്.
ആഗസ്തില്‍ പുറത്തിറക്കിയ ആദ്യത്തെ ദേശീയ വന്യജീവി സെന്‍സസ് അനുസരിച്ച്, കെനിയയില്‍ മൂന്നിനത്തില്‍ പെടുന്ന ആകെ 34,240 ജിറാഫുകള്‍ ഉണ്ട്. മസായി ജിറാഫ്, റെറ്റിക്യുലേറ്റഡ് ജിറാഫ്, നുബിയന്‍ ജിറാഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."