നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് തവക്കൽന ഇമ്മ്യൂൺ ആകണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി
റിയാദ്: നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് തവക്കൽന ഇമ്മ്യൂൺ ആകണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം പുതിയ പരിഷകരണം ഏർപ്പെടുത്തി. ഇത് വരെ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ലിങ്ക് വഴി രേഖകൾ സമർപ്പിച്ച് തവക്കൽന ഇമ്മ്യൂൺ ആക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഇനി മുതൽ മൂന്ന് ഡോസ് എടുത്തവർക്ക് മാത്രമായാണ് ഇത് പരിമിതപ്പെടുത്തിയത്. ഇതോടെ, നാട്ടിൽ നിന്ന് വാക്സിൻ എടുത്ത് തവക്കൽന അപ്ഡേറ്റ് ചെയ്യാനായി കാത്തിരുന്ന പ്രവാസികൾ കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് മുതൽ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത സഊദി പ്രവാസികൾക്ക് വാക്സിൻ ഡോസുകൾ ഒഴിവാക്കാൻ സാധ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
സഊദിയിൽ മൂന്ന് ഡോസ് നിർബന്ധമാക്കിയതാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ കാരണമെന്നാണ് അറിയുന്നത്. ഫെബ്രുവരി മുതൽ രണ്ടാം ഡോസ് എടുത്തു നിശ്ചിത സമയം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ പൊതു സ്ഥലങ്ങളിലും ഓഫീസുകളിലും ജോലിക്കും പ്രവേശനം സാധ്യമല്ല. ഒമിക്രോൺ പശ്ചാത്തലത്തിലാണ് മൂന്നാം ഡോസ് അഥവാ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയത്.
സഊദിയിൽ എത്തുന്ന സന്ദർശക വിസക്കാർക്കും അവരുടെ വാക്സിൻ സ്റ്റാറ്റസ് തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി പുതിയ സംവിധാനം കഴിഞ്ഞ ദിവസമാണ് നിലവിൽ വന്നത്. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്കിലാണ് സഊദി സന്ദർശക വിസക്കാർക്കും തങ്ങളുടെ വാക്സിൻ വിവരങ്ങൾ തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. എന്നാൽ, ഇവർക്കും മൂന്ന് ഡോസ് നിർബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."