ഭീഷണികൾക്കെതിരെ ഒരുമിച്ച് പോരാടും, ഏതെങ്കിലും അംഗ രാജ്യത്തിനെതിരെയുള്ള ആക്രമണം ജിസിസി ക്ക് നേരെയുള്ളതായി കണക്കാക്കും: ജിസിസി ഉച്ചകോടി
റിയാദ്: ഭീഷണികൾക്കെതിരെ ഒരുമിച്ച് പോരാടുമെന്നും ഏതെങ്കിലും അംഗ രാജ്യത്തിനെതിരെയുള്ള ആക്രമണം ജിസിസി ക്ക് നേരെയുള്ളതായി കണക്കാക്കുമെന്നും പ്രഖ്യാപിച്ച് 42 ആമത് ജിസിസി ഉച്ചകോടിക്ക് സമാപനമായി. സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ ദർശനം കൃത്യവും സമ്പൂർണ്ണവും നിരന്തരം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നേതാക്കൾ റിയാദ് പ്രഖ്യാപനത്തിന്റെ അന്തിമ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ജിസിസി സുപ്രീം കൗൺസിലിന്റെ 42-ാമത് സമ്മേളന ഉച്ചകോടി റിയാദിലെ ദിരിയ രാജ കൊട്ടാരത്തിലാണ് നടന്നത്.
സാമ്പത്തിക ഐക്യം, സംയുക്ത പ്രതിരോധ, സുരക്ഷാ സംവിധാനം, ജിസിസി ഐക്യദാർഢ്യവും സുസ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള നിലപാടുകളുടെ ഏകോപനം, താൽപ്പര്യങ്ങൾ സംരക്ഷിക്കൽ, പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങൾ ഒഴിവാക്കുക, ജിസിസി പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുക, ജിസിസിയുടെ പ്രാദേശികവും അന്തർദേശീയവുമായ പങ്ക് മെച്ചപ്പെടുത്തൽ രാഷ്ട്രീയ നിലപാടുകളും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാഷ്ട്രീയ പങ്കാളിത്തം വികസിപ്പിക്കലും എന്നിവയെ സൽമാൻ രാജാവിന്റെ ദർശനം പിന്തുണയ്ക്കുന്നുവെന്നും സമ്മേളന പ്രസ്താവന വിലയിരുത്തി. ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫാണ് അന്തിമ പ്രസ്താവന വായിച്ചത്.
സഊദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് ജിസിസി അംഗ രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. എല്ലാ ഭീഷണികൾക്കും വെല്ലുവിളികൾക്കുമെതിരെ കൂട്ടായ പ്രവർത്തനത്തിനുള്ള ജിസിസി പ്രതിബദ്ധത നേതാക്കൾ ഊട്ടി ഉറപ്പിച്ചുവെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉച്ചകോടിക്കെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ -ജാബർ അൽ-സബാഹ്, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ-സെയ്ദ് എന്നിവരെ സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."