'യൂനിഫോം' സിവിൽ കോഡ് ബാലുശേരി മോഡൽ
വി.ആർ അനൂപ്
സംസ്ഥാനത്ത് ആദ്യമായി ലിംഗഭേദമന്യേ ഒരു യൂനിഫോം എന്ന പരിഷ്‌കാരം ജൻഡർ ന്യൂട്രൽ യൂനിഫോം എന്ന പേരിൽ നടപ്പിലാക്കിയിരിക്കുകയാണ്. ബാലുശേരിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളാണ് സംസ്ഥാനത്താദ്യമായി ഈ പരിഷ്‌കരണത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും ഏത് പുതിയ പരിഷ്‌കരണത്തോടും ഉണ്ടാകാവുന്ന വ്യത്യസ്തമായ പ്രതികരണങ്ങൾ ഇതിനോടകം പുതിയ പരിഷ്‌കാരത്തോടും ഉയർന്നുവന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ അത്തരം വ്യത്യസ്ത സമീപനങ്ങൾ മുന്നോട്ടുവയ്ക്കുന്നവരെ മുഴുവൻ പുരോഗമനവിരുദ്ധരും പ്രാകൃതബോധം പേറുന്നവരുമാക്കി ചിത്രീകരിക്കുന്നതിൽ ഭരണകൂടവും ഭരണകൂടയുക്തി തന്നെ പിന്തുടരുന്നവരും ഇതിനോടകം വിജയിച്ചിട്ടുണ്ട്.
വിദ്യാർഥി , വിദ്യാർഥിനി ഭേദമില്ലാതെ പാന്റും ഷർട്ടും എല്ലാവർക്കും എന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ആകെത്തുക. പുതിയ വസ്ത്രം, പ്രത്യേകിച്ചും വിദ്യാർഥിനികൾക്ക് ചലന സ്വാതന്ത്ര്യവും സൗകര്യവും ഉറപ്പുവരുത്തുന്നു എന്നാണ് അതിന് അനുകൂലമായി ഉന്നയിക്കപ്പെടുന്ന പ്രധാന വാദഗതി. അതിനാൽ തന്നെ, അത് പെൺകുട്ടികളെ സംബന്ധിച്ച് ആത്മവിശ്വാസം വർധിപ്പിക്കുന്ന വസ്ത്രവിധാനമാണെന്ന വാദവും ഉയർത്തപ്പെട്ടിട്ടുണ്ട്. അത്തരം വാദങ്ങളൊക്കെയും വാദത്തിനുവേണ്ടി തന്നെ അംഗീകരിച്ചാൽ പോലും പുതിയ യൂനിഫോം പരിഷ്‌കരണത്തിനകത്ത് വിശദീകരണം ആവശ്യമായ നിരവധി ഇടങ്ങളുണ്ട്.
കംഫർട്ട് യൂനിഫോം എന്നല്ല ജൻഡർ ന്യൂട്രൽ യൂനിഫോം എന്നാണ് പുതിയ പരിഷ്‌കരണത്തിന് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ള പേര്. എന്താണ് ജൻഡർ ന്യൂട്രൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? വ്യത്യസ്ത ലിംഗങ്ങൾക്ക് വ്യതിരിക്തതകൾ നിലനിർത്തിക്കൊണ്ട് തുല്യത സാധ്യമാവില്ലേ? തുല്യതക്ക് വേണ്ടി ഏകീകരണം അനിവാര്യമാണോ? ആണെങ്കിൽ ഏകീകരണത്തിന് ഒരു ഏകകം ആവശ്യമില്ലേ? ആരായിരിക്കും ആ ഏകകം തീരുമാനിക്കുക? എങ്ങനെയായിരിക്കും അത് തീരുമാനിക്കപ്പെടുക? എന്നീ ചോദ്യങ്ങൾ നിശ്ചയമായും ഉയരും. അത് നമ്മെ നയിക്കുക, നമ്മുടെ ഭരണഘടന നിർമാണ സമയം മുതൽ ഉയർന്നുകേട്ട യൂനിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള സംവാദ പരിസരത്തേക്ക് തന്നെയാണ്. ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളിൽ സിവിൽ നിയമങ്ങളിൽ ഒരു യൂനിഫോം സിവിൽ കോഡ് ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. എന്നിട്ടും യൂനിഫോം സിവിൽ കോഡ് എന്തുകൊണ്ട് ഉണ്ടായില്ല എന്നതിന്റെ ഉത്തരം ഭരണഘടനയുണ്ടാക്കിയവരുടെയും തുടർന്ന് ഭരിച്ചവരുടെയും ഉന്നതമായ നൈതിക ബോധം എന്ന് തന്നെയാണ്. ഭരിക്കുന്നവരുടെ അത്തരം സമീപനത്തിൽ മാറ്റംവരുമ്പോൾ യൂനിഫോം സിവിൽ കോഡിന് വേണ്ടി മുറവിളി ഉയരുന്നത് സമീപകാലത്ത് തന്നെ നമ്മൾ കണ്ടതാണ്.
എന്തുകൊണ്ട് യൂനിഫോം സിവിൽ കോഡ് അസാധ്യമാണ് എന്നത് ആ യൂനിഫോം ആര്, എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ്. ആ യൂനിഫോം ആധിപത്യമുള്ള ഭൂരിപക്ഷത്തിന്റേതായിരിക്കാനുള്ള സാധ്യതയുള്ളതിനാൽ കൂടിയാണ്.അത്തരം കാര്യങ്ങൾ മനസിൽവച്ച് കൊണ്ട് കൂടിയാവണം യൂനിഫോം ഏകീകരണത്തിന് വേണ്ടിയുള്ള ഇത്തരം പരിശ്രമങ്ങളെ കാണാൻ.
വസ്ത്രത്തിന്റെ കാര്യത്തിൽ കംഫർട്ട് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പക്ഷേ വസ്ത്രം അത് മാത്രമല്ല എന്നും നമുക്കറിയാം. അത് പലപ്പോഴും ഒരു സാംസ്‌കരിക സൂചകം തന്നെയാണ്. അതുകൊണ്ടുതന്നെയാണ്, പാരീസിൽ ശിരോവസ്ത്രം നിരോധിക്കപ്പെടുന്നതും പുരോഗമന കേരളത്തിൽ അതിനുവേണ്ടി മുറവിളികൾ ഉയരുന്നതും. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമെന്ന് ആരും കരുതാനിടയില്ല. അങ്ങനെ ആരും കരുതേണ്ട കാര്യവും ഇല്ല. അതേസമയം, പെൺകുട്ടികൾ പർദ്ദ ധരിച്ചാൽ മാനവികതയുടെ മഹാ ആകാശങ്ങൾ തകർന്ന് താഴെ വീഴുമെന്ന് കരുതുന്നവർ നമുക്കിടയിലുണ്ടെന്ന് മറക്കരുത്. പാന്റും ഷർട്ടും ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ. പക്ഷേ, മറ്റ് ചോയ്‌സുകൾക്കും ഇടം കിട്ടുക തന്നെ വേണം. അടിച്ചേൽപ്പിക്കലിന്റെ ഭാഷ അപകടമാണ്. സർക്കാർ അങ്ങനെയാവുന്നത് സാംസ്‌കാരിക ഫാസിസം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."