HOME
DETAILS
MAL
മതനിയമങ്ങളുടെ ദുർവ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും
backup
December 17 2021 | 04:12 AM
വെള്ളിപ്രഭാതം
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
വിശ്വാസികൾക്ക് സന്മാർഗ വെളിച്ചം പകരുന്നതിനും അവരുടെ സാമൂഹിക ഇടപെടലുകൾ സ്രഷ്ടാവിന്റെ മാർഗത്തിൽ സംവിധാനിക്കുന്നതിനും വേണ്ടി അവതരിച്ച ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അന്ധകാര യുഗത്തിലെ മലീമസമായ സാമൂഹിക പരിതസ്ഥിതികളിൽനിന്ന് ഒരു സമുദായത്തിന്റെ വിമോചനം സാധിച്ചെടുക്കുന്നതിന് പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ഏക ആശ്രയവുമായിരുന്നു ഖുർആൻ.
മുസ്‌ലിം ജീവിതത്തിന്റെ സർവതലങ്ങളെയും സ്പർശിച്ചും മാർഗദർശനങ്ങൾ നൽകിയും അവതരിച്ച ഖുർആൻ പവിത്രതയോടെയും അതിലെ സൂക്തങ്ങൾ സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യണമെന്നതാണ് ദൈവിക കൽപന. പ്രവാചകാനുചരരും പൂർവിക പണ്ഡിതരും നൽകിയ വിശദീകരണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിരുദ്ധമായ വിധിവിലക്കുകളുടെ വിചിത്ര മാനങ്ങൾ നൽകി, മതവിരുദ്ധ കാഴ്ചപ്പാടുകൾ ന്യായീകരിക്കുന്നതിനു വരെ ഖുർആനിക സൂക്തങ്ങൾ ഉപയോഗിക്കുന്ന അപകടകരമായ സാഹചര്യങ്ങളെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
ഖുർആൻ വിശദീകരിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്റെയും അനുചരരുടെയും വിശദീകരണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിരുദ്ധമായി തന്റേതായ വീക്ഷണങ്ങൾക്കനുസരിച്ച് ഒരാൾ ഖുർആൻ വ്യാഖ്യാനിക്കുന്നത് ഗുരുതര നിലപാടും കുറ്റകരവുമാണെന്നാണ് പണ്ഡിത പാഠം. തന്നിഷ്ട പ്രകാരം ഖുർആൻ വ്യാഖ്യാനിക്കുന്നവൻ നരകാവകാശിയാണെന്ന് തിരുനബി (സ്വ) പഠിപ്പിച്ചിട്ടുമുണ്ട്.
മിശ്രവിവാഹം ന്യായീകരിച്ചു ഈയിടയായി വഖ്ഫ് ബോർഡ് ചെയർമാൻ സഖാവ് ടി.കെ ഹംസ നടത്തിയ ചില പരാമർശങ്ങളാണ് സാമൂഹിക ഇടങ്ങളിലെ പുതിയ ചർച്ചാവിഷയം. ഇസ്‌ലാമിൽ മിശ്രവിവാഹം നിഷിദ്ധവും അത്തരം ദമ്പതികൾ തമ്മിലുള്ള ലൈംഗിക വേഴ്ചകൾ വ്യഭിചാരവുമാണെന്നാണ് മതകീയ കാഴ്ചപ്പാട്. വിശുദ്ധ ഖുർആനിലും പ്രവാചക പാഠങ്ങളിലും ഇതുസംബന്ധമായ നിരവധി രേഖകളുമുണ്ട്. വേദക്കാരായ ജൂത-ക്രിസ്തീയ സ്ത്രീകളെ വിവാഹം കഴിക്കാൻ മതം അനുവദിക്കുന്നുണ്ടെങ്കിലും കൃത്യമായ നിയമങ്ങളും വ്യവസ്ഥകളും പണ്ഡിതന്മാർ ഖുർആന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ വിശദീകരിച്ചിട്ടുമുണ്ട്.
'സത്യവിശ്വാസികളായ പതിവ്രതകളും നേരത്തെ വേദം നൽകപ്പെട്ടവരിലെ പതിവ്രതകളും നിങ്ങൾക്കനുവദനീയം തന്നെ -പാതിവ്രത്യ സംരക്ഷണമുദ്ദേശിച്ചും വ്യഭിചാരികളും കാമുകിമാരെ വരിച്ചുമല്ലാതെയും അവർക്ക് നിങ്ങൾ വിവാഹ മൂല്യം നൽകിയാൽ. ഒരാൾ സത്യവിശ്വാസം കൈവെടിഞ്ഞാൽ അവന്റെ കർമങ്ങളത്രയും തകർന്നു. പരലോകത്ത് അവൻ നഷ്ടക്കാരിൽപെട്ടവനുമാകുന്നു'(വി.ഖു 5:5).
വിശുദ്ധ ഖുർആൻ പരാമർശിച്ച വേദക്കാരിൽ ഹൈന്ദവരും ഉൾപെടുമെന്നാണ് ടി.കെ ഹംസയുടെ കണ്ടെത്തൽ. ഖുർആൻ പരാമർശിച്ച വേദങ്ങളിൽ ചതുർവേദങ്ങളായ ഋക്, യജുർ, സാമ, അഥർവ വേദങ്ങളും ഉൾപെടുമെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. എന്നാൽ, വേദക്കാർ എന്നതിന്റെ വിവക്ഷ ജൂതരും ക്രിസ്തീയരും മാത്രമാണെന്ന് വിശുദ്ധ ഖുർആൻ സ്പഷ്ടമായി വിശദീകരിച്ചതും ഖുർആൻ വ്യാഖ്യാതാക്കളും പണ്ഡിതരും നിർവചിച്ചതുമാണ്. ഞങ്ങൾക്കു മുമ്പുള്ള രണ്ടു വിഭാഗത്തിനേ വേദം നൽകപ്പെട്ടിട്ടുള്ളൂ; അവരുടെ അധ്യയനം സംബന്ധിച്ച് ഞങ്ങൾ അശ്രദ്ധർ തന്നെയായിരുന്നു(വി.ഖു 6:156). ജൂതരും ക്രിസ്തീയരുമാണ് ഇതുകൊണ്ട് വിവക്ഷയെന്നും അവർക്കാണ് തൗറാത്ത്, ഇൻജീൽ എന്നീ രണ്ട് ഗ്രന്ഥങ്ങൾ നൽകിയതെന്നും പണ്ഡിതർ സംശയലേശമന്യേ വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായത്തിൽ സത്യവിശ്വാസികളെ സംബന്ധിച്ചുള്ള 'താങ്കൾക്കും മുൻഗാമികൾക്കും അവതീർണമായതിൽ വിശ്വസിക്കുകയും പരലോക ജീവിതത്തെ ദൃഢീകരിക്കുകയും ചെയ്യുന്നവരാണ്'( 2:4) എന്ന സൂക്തം തെളിവു പിടിച്ചാണ് ടി.കെ ഹംസ ഇതിൽ ചതുർവേദങ്ങളും ഉൾപെടുമെന്ന വ്യാഖ്യാനം നൽകിയത്. സത്യവിശ്വാസികൾ ചതുർവേദങ്ങളെയും വിശ്വസിക്കണമെന്നും ഹൈന്ദവരെ വിവാഹം ചെയ്യുന്നതിനു തെറ്റില്ലെന്നും അദ്ദേഹം ഫത്‌വയും നൽകുകയുണ്ടായി. ഹൈന്ദവരടക്കമുള്ള ബഹുദൈവാരാധികകളെ അവർ സത്യവിശ്വാസം പുൽകുന്നതുവരെ നിങ്ങൾ വിവാഹം കഴിക്കരുതെന്നാണല്ലോ ഖുർആന്റെ കൽപന(വി.ഖു 2:221). പ്രവാചകൻ ക്രിസ്തു മതവിശ്വാസിയായ മാരിയത്തുൽ ഖിബ്തിയ്യയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും മിശ്രവിവാഹം ഇസ്‌ലാം അനുവദനീയമാക്കിയതിന്റെ ഉദാത്ത മാതൃകയിതാണെന്നുമുള്ള ടി.കെ ഹംസയുടെ നിരർഥകവും ബുദ്ധിശൂന്യവും അബദ്ധജഡിലവുമായ പരാമർശം അദ്ദേഹത്തിന്റെ അൽപജ്ഞാനവും വിവരദോഷവുമാണ് പ്രകടമാക്കുന്നത്.
ഈജിപ്തിലെ മുഖൗഖിസ് രാജാവിന് ഇസ്‌ലാം പരിചയപ്പെടുത്തുന്നതിനായി പ്രവാചകൻ (സ്വ) തന്റെ പ്രതിനിധിയായി ഹാതിബ് ബിൻ അബീ ബൽതഅ എന്ന അനുചരനെ പറഞ്ഞയച്ചിരുന്നു. ദൂതനെ ഹൃദ്യമായി സ്വീകരിച്ച മുഖൗഖിസ് പ്രവാചകനു വേണ്ടി വിശിഷ്ടമായ നിരവധി സമ്മാനങ്ങൾ നൽകിയാണ് തിരിച്ചയച്ചത്. ഇതിൽ ഖിബ്ഥി വംശജർക്കിടയിൽ ഏറെ സ്ഥാനമുള്ള മാരിയ, സഹോദരി സീരീൻ എന്നീ രണ്ട് അടിമ സ്ത്രീകളെയും കൊടുത്തയച്ചു. സമ്മാനങ്ങളുമായി ഹാതിബ് മദീനിയിലേക്ക് മടങ്ങവേ വഴിമധ്യേ മാരിയയും സീരിനും ഇസ്‌ലാമാശ്ലേഷിച്ചു എന്നതാണ് ചരിത്രം(അത്വബഖാതുൽ കുബ്‌റാ).
ബീവി ഹാജർ ഇബ്റാഹീം നബിയിൽ അനുരക്തയായത് പോലെ മദീനയിലെത്തും മുൻപേ മാരിയയും തിരുനബിയിൽ അനുരക്തയായിരുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചു കാലഗതി പ്രാപിച്ച ഹാജർ ബീവിയെ കുറിച്ച് മാരിയ ഒരുപാട് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇബ്റാഹീമിൽനിന്നു ഹാജറിന്ന് കുഞ്ഞുണ്ടാകാൻ സൗഭാഗ്യമുണ്ടായപോലെ തനിക്കു മുഹമ്മദ് നബിയിൽനിന്നു സന്താന സൗഭാഗ്യമുണ്ടാവണമെന്ന് വരെ അവർ ഉൽക്കടമായി ആഗ്രഹിച്ചു.
സ്ത്രീകൾ അവമതിക്കപ്പെടുകയും ചരക്കുകണക്കെ വിൽക്കപ്പെടുകയും ചെയ്തിരുന്ന കാലത്ത് അടിമകളോടുള്ള സമീപനവും സഹവർത്തിത്വവും എങ്ങനെ മാന്യമായിരിക്കണമെന്നു സമൂഹത്തെ പഠിപ്പിക്കലായിരുന്നു മാരിയയെ സ്വീകരിക്കുന്നതിലൂടെ പ്രവാചകൻ ലക്ഷ്യംവച്ചത്. യജമാനനിൽനിന്ന് കുഞ്ഞ് പിറക്കുന്നതോടെ അടിമസ്ത്രീ സ്വതന്ത്രയാകുമെന്ന് അനുചരവൃന്ദത്തെ തിരുനബി പഠിപ്പിക്കുകയും ചെയ്തു. യാഥാർഥ്യം ഇതായിരിക്കെ, എന്തിനാണ് മിശ്രവിവാഹത്തെയും സ്വതന്ത്ര ലൈംഗികവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതിനു ദൈവിക ഗ്രന്ഥങ്ങളെയും നബിപാഠങ്ങളെയും ദുർവ്യാഖാനിക്കുന്നത്?
മതനിരാസവും നിരീശ്വരവാദവും ജനഹൃദയങ്ങളിൽ സന്നിവേശിപ്പിക്കുന്നതിനും പുരോഗമനവാദം അടിച്ചേൽപിക്കുന്നതിനുമുള്ള നിഗൂഢവും ആസൂത്രിതവുമായ നീക്കങ്ങളാണിപ്പോൾ നമ്മുടെ രാഷ്ട്രീയ പരിസരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ലിംഗ സമത്വത്തിന്റെ പേരിൽ ജൻഡർ ന്യൂട്രൽ യൂനിഫോം നടപ്പിലാക്കാനുള്ള ശ്രമം ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മിശ്രവിവാഹവും സ്വതന്ത്ര ലൈംഗികതയുെമല്ലാം പുരോഗമനവാദങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ നേരെ ചൊവ്വേ വ്യക്തമാക്കുന്നതിനു പകരം മതത്തെ കൂട്ട് പിടിച്ച് ന്യായീകരിക്കാനാണ് ഇത്തരം ദുർവ്യാഖ്യാനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും തൽപരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മത ധാർമികത പരിഗണിക്കാതെ വ്യക്തിഗത ധാർമികതക്ക് ഊന്നൽ നൽകുന്നവർ അത് സമർഥിക്കുന്നതിനു പകരം മതഗ്രന്ഥങ്ങളെയും ദൈവിക കൽപനകളെയും ദുർവ്യാഖ്യാനിച്ച് ന്യായീകരണം കണ്ടെത്തുന്നത് അൽപത്വവും പരിഹാസ്യവും അതേസമയം ഭീരുത്വവുമാണ്.
മതകീയ മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും ഉച്ഛാടനം ചെയ്യുക, അന്ധവിശ്വാസത്തിലധിഷ്ഠിതമായ പടിഞ്ഞാറൻ മോഡൽ പുരോഗമനവാദം അടിച്ചേൽപിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങൾ സാർഥകമാക്കുന്നതിനുള്ള ചിലരുടെ ശ്രമങ്ങൾ നിഖശിഖാന്തം എതിർക്കേണ്ടതും പ്രതിരോധിക്കേണ്ടതും പണ്ഡിത ദൗത്യമാണ്. മതനിയമങ്ങളും അതിലെ ധാർമികതയും ഉറക്കെപ്പറയാനുള്ള ചങ്കൂറ്റം നമുക്കുണ്ടാവേണ്ടതുണ്ട്. വിഷയം രാഷ്ട്രീയവത്കരിക്കുമെന്ന ഭീതിയിൽ മൗനം ഭജിച്ചാൽ സമൂഹം അധാർമികതയുടെ തമോഗർത്തത്തിൽ അകപ്പെടുകയും പിന്നീട് മോചനം അപ്രാപ്യവുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."