കണ്ണൂര്‍ വി.സി പുനര്‍ നിയമനം; ഗവര്‍ണര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി
കൊച്ചി: കണ്ണൂര്‍ വി.സി നിയമനം സംബന്ധിച്ച ഹരജിയില്‍ ഗവര്‍ണര്‍ അടക്കമുള്ള എല്ലാ എതിര്‍ കക്ഷികള്‍ക്കും നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. പുനര്‍നിയമനം ശരിവച്ച സിംഗില്‍ ബഞ്ചിന്റെ തീരുമാനത്തിനെതിയുള്ള ഹരജി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. ഇത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് മൂന്നാഴ്ചയ്ക്കകം പരിഗണിക്കും. സേവ് യൂണിവേഴ്‌സിറ്റി ഫോറം സമര്‍പ്പിച്ച ഹരജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. സര്‍ക്കാരിന് താത്കാലിക ആശ്വാസമാകുകയായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. ചട്ടം ലംഘിച്ച് കണ്ണൂര്‍ വിസിയെ പുനര്‍നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. ഹരജി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചതോടെ പ്രതിപക്ഷത്തിനും ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."