ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി; പി.ടി ഉഷയടക്കം ഏഴുപേര്‍ക്കെതിരെ കേസ്
കോഴിക്കോട്: ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അത്ലറ്റ് പി.ടി ഉഷയടക്കം ഏഴു പേര്‍ക്കെതിരെ കേസ്. ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് 46 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ വെള്ളയില്‍ പൊലിസാണ് കേസെടുത്തത്. മുന്‍ ഇന്റര്‍നാഷണല്‍ അത്ലറ്റും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ പി.ടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ടാഗോര്‍ സെന്റിനറി ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന മെല്ലോ ഫൗണ്ടേഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍മാരടക്കമുള്ള ഏഴ് പേര്‍ക്കെതിരെയാണ് ഐ.പി.സി 420 പ്രകാരം കേസെടുത്തത്. പറഞ്ഞസമയത്ത് രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും പണം തിരിച്ചുനല്‍കാതിരിക്കുകയും ചെയ്തതതായി പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ മുന്‍ ഡോക്ടര്‍ അടക്കമുള്ളവരും ഈ കേസില്‍ പ്രതികളാണ്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് പേഴ്സണല്‍ ഓഫിസറും കണ്ണൂര്‍ സ്വദേശിനിയുമായ ജെമ്മ ജോസഫ് സിറ്റി പൊലിസ് മേധാവി എ.വി ജോര്‍ജിന് നല്‍കിയ പരാതി വെള്ളയില്‍ പൊലിസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള 'സ്‌കൈവാച്ച്' എന്ന ഫ്‌ളാറ്റ് വാങ്ങാന്‍ 46 ലക്ഷം രൂപയാണ് നിര്‍മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ആര്‍. മുരളീധരന്‍ വാങ്ങിയത്. 2021 മാര്‍ച്ച് എട്ടിന് രണ്ട് ലക്ഷവും മാര്‍ച്ച് 15ന് 44 ലക്ഷവും ചെക്ക് വഴി പരാതിക്കാരിയുടെ നെയ്വേലിയിലെ വീട്ടില്‍ വന്ന് മുരളീധരന്‍ കൈപ്പറ്റുകയായിരുന്നു. 35000 രൂപ മാസവാടക തരാമെന്നും ഫ്‌ളാറ്റ് കമ്പനി ഉടമ മുരളീധരനും ഉഷയും വാഗ്ദാനം നല്‍കി. എന്നാല്‍ പണമടച്ചതല്ലാതെ ഫ്‌ളാറ്റ് നേരിട്ട് കാണാന്‍ പ്രതികള്‍ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്.
40 വര്‍ഷമായി പരിചയമുള്ള ഉഷ നിരന്തരമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും പിന്നീട് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. പണം തിരിച്ചുനല്‍കാമെന്ന് ആദ്യം പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്. നഗരമധ്യത്തിലാണ് ഫ്‌ളാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും പ്രതികള്‍ പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."