കെ റെയിൽ ആരുടെ ആവശ്യം?
അഷ്‌റഫ് കോക്കൂർ
9895707075
വികസനമെന്ന പേരിൽ പിണറായി സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന കെ റെയിൽ പദ്ധതി സി.പി.എം എന്ന രാഷ്ട്രീയപാർട്ടിക്ക് ഒഴികെ കേരളത്തിൽ മറ്റാർക്കും ഒരു ഗുണവുമുള്ളതല്ല. പുരോഗതിയെന്ന വാക്കിന്റെ മറപിടിച്ച് അവതരിപ്പിക്കുന്ന പദ്ധതി കടക്കെണിയിൽ പെടുത്തുക മാത്രമല്ല നാടിന് നാശം വിതയ്ക്കുക കൂടി ചെയ്യുന്നു എന്നതാണ് യാഥാർഥ്യം. റോഡിലെ ഗതാഗതകുരുക്കിന് വിരാമം കുറിക്കപ്പെടുമെന്നും നാല് മണിക്കൂർകൊണ്ട് കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്താൻ കഴിയുമെന്നുമാണ് നേട്ടമായി പറയുന്നത്. എന്നാൽ എന്താണ് ഈ പദ്ധതിയുടെ ഉദ്ദേശം എന്നത് ദുരൂഹമായി തുടരുന്നു.
മണിക്കൂറുകൾ നിര്‍ത്താതെ മഴ പെയ്താല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള നമ്മുടെ കേരളത്തിൽ ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഗൗരവതരമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. കംപ്‌ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ കേരളത്തിന്റെ പരിതാപകരമായ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നമുക്ക് ബോധ്യമായി. എന്നിട്ടും ഇത്രയും വലിയ ബാധ്യത ഏറ്റെടുത്ത് കേരളത്തിനെ ഇനിയും കടത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാനുള്ള ഈ നീക്കത്തെ എങ്ങനെ ന്യായീകരിക്കും?
അറുപത്തി അയ്യായിരം കോടി രൂപ ചെലവിലാണ് പദ്ധതിയെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ പൂർത്തിയാവുമ്പോൾ സംഖ്യ അതിന്റെ ഇരട്ടിവരുമെന്ന് നീതി ആയോഗ് പറയുന്നു. ഇത്രയും തുക ചെലവ് വരുന്ന ഒരു പദ്ധതി മുൻധാരണയില്ലാതെ അവതരിപ്പിക്കുകയും ഇതുവരെ പുറത്തുവരാത്ത ഡി.പി.ആർ അഥവാ ( detail protect report ) വന്നാൽ ''എല്ലാം ശരിയാവും'' എന്ന് പറയുന്നതിന്റെ സാംഗത്യമാണ് കേരളത്തിന് മനസ്സിലാവാത്തത്. ഇതിന്റെ പ്രധാന കാരണം രണ്ടു പ്രളയങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമോ വീടോ നൽകാൻ കഴിയാത്ത, കിറ്റ് നൽകാൻ സാമ്പത്തികമില്ലാത്ത, എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സുപ്രിംകോടതി പറഞ്ഞ സഹായം നൽകാൻ സാമ്പത്തിക കെൽപ്പില്ലാത്ത ദാരിദ്ര്യം ഉറഞ്ഞുതുള്ളുന്ന ഒരു ഖജനാവ് മാത്രം കൈയിലുള്ള സർക്കാരാണ് സ്വപ്ന പദ്ധതിയെന്ന ഓമനപ്പേരിട്ട് ഇതവതരിപ്പിക്കുന്നതെന്ന് കൂടി കൂട്ടിവായിച്ചാൽ ചിത്രം പൂർത്തിയാവും.
പല പ്രദേശങ്ങളിലും ഈ പദ്ധതി കടന്നുപോകുന്നത് ജനവാസ മേഖലയിലൂടെയാണ്. ആയിരങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും നാമാവശേഷമാവും. പാരിസ്ഥിതികമായ സന്തുലിതാവസ്ഥയെ തകിടംമറിച്ച് കേരളത്തെ വിശിഷ്യ മലബാറിനെ നെടുകെപിളർത്തുകയാണ് ഫലത്തിൽ പദ്ധതികൊണ്ട് സംഭവിക്കാൻ പോകുന്നത്. ഭരണകക്ഷിയുടെ പോഷക സംഘടനകളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാ സാഹിതിയുമൊക്കെ പദ്ധതിയോടുള്ള എതിർപ്പ് നേരത്തെ തന്നെ വ്യക്തമാക്കി. ഇപ്പോഴിതാ പ്രധാന ഘടകകക്ഷിയായ സി.പി.ഐയും എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചു. എന്നിട്ടും ഇതിൽനിന്ന് പിണറായി പിന്മാറാത്തത് ദുരൂഹമായി തുടരുകയാണ്.
ഇതിനെതിരേ ജനരോഷത്തിന്റെ പ്രതിരോധം തീർക്കുകയാണ് ഐക്യജനാധിപത്യ മുന്നണി. കെ റെയിൽ കേരളത്തിന് വേണ്ടെന്ന ആവശ്യമുയർത്തി ആഹ്വാനവുമായി ഇന്ന് കേരളത്തിലെ പത്ത് ജില്ലാ ആസ്ഥാനങ്ങളിലും ഐക്യജനാധിപത്യ മുന്നണി പ്രധിരോധ സമരം തീർക്കുകയാണ്. നിരവധി കുടുംബങ്ങളെ തെരുവിലേക്ക് തള്ളിയിടുന്ന, തലമുറകൾക്ക് കടബാധ്യതയുണ്ടാക്കുന്ന ഇൗ പദ്ധതിക്കായുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."