പൊലിസ് തലപ്പത്ത് അഴിച്ചുപണിക്കൊരുങ്ങി സർക്കാർ
അൻസാർ മുഹമ്മദ്
കൊച്ചി
പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണിക്കൊരുങ്ങി സർക്കാർ. ഈ മാസം അവസാനത്തോടെ ഐ.പി.എസുകാർക്ക് കൂട്ട സ്ഥലംമാറ്റമുണ്ടാകും.
1997 മുതൽ 2008 വരെയുള്ള ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകാനുള്ള സ്‌ക്രീനിങ് കമ്മിറ്റി ശുപാർശയ്ക്ക് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. 1997 ബാച്ചിൽപ്പെട്ട തിരുവനന്തപുരം കമ്മിഷണർ ഐ.ജി ബലറാം കുമാർ ഉപാധ്യ, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.ജി മഹിപാൽ യാദവ് എന്നിവർ എ.ഡി.ജി.പിമാരാകും. 2004 ബാച്ചിലെ ഡി.ഐ.ജിമാർ ഐ.ജിമാരായും 2008 ബാച്ചിൽപ്പെട്ട എസ്.പിമാരായ ആർ. നിശാന്തിനി, രാഹുൽ ആർ. നായർ, സതീശ് ബിനോ, അജിതാ ബീഗം, പുട്ട വിമലാധിത്യ എന്നിവർക്ക് ജനുവരി ഒന്നിന് ഡി.ഐ.ജിമാരായും പ്രൊമോഷൻ ലഭിക്കും. സസ്പെൻഷനിലായതിനാൽ ലക്ഷ്മണയെ പ്രൊമോഷൻ പട്ടികയിൽ പരിഗണിച്ചില്ല.
തിരുവനന്തപുരം, കോഴിക്കോട് സിറ്റി കമ്മിഷണർമാർ, കൊച്ചി അഡിഷണൽ സിറ്റി പൊലിസ് കമ്മിഷണർ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി, പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി, തൃശൂർ, തിരുവനന്തപുരം റൂറൽ എസ്.പിമാർ, റെയിൽവേ, തീവ്രവാദ വിരുദ്ധ സേന എന്നിവിടങ്ങളിലെ എസ്.പിമാർ, കൊല്ലം, തൃശൂർ പൊലിസ് മേധാവി സ്ഥാനത്തും മാറ്റമുണ്ടാകും. കൂടാതെ കെ.എ.പി -4 ബറ്റാലിയൻ, മലബാർ സ്‌പെഷൽ പൊലിസ് എന്നിവയുടെ തലപ്പത്തും പുതിയ നിയമനമുണ്ടാകും. ഇതോടൊപ്പം എല്ലാ ജില്ലാ പൊലിസ് മേധാവിമാർക്കും സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന.
ക്രമസമാധാന ചുമതല വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്കും ക്രൈംബ്രാഞ്ച്, വിജിലൻസ് എസ്.പിമാർക്കും മാറ്റമുണ്ടാകും. ഈ ആഴ്ച തന്നെ പട്ടിക തയാറാക്കി നൽകാൻ സംസ്ഥാന പൊലിസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."