കൊലപാതകങ്ങള്‍ ആസൂത്രിതമെന്ന് പൊലിസ്; ആലപ്പുഴയില്‍ നിരോധനാജ്ഞ
ആലപ്പുഴ: ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നാലെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍. കൂട്ടം കൂടുന്നതിനും സംഘം ചേരുന്നതിനും നിയന്ത്രണമെന്ന് കലക്ടര്‍ അറിയിച്ചു. 12 മണിക്കൂറിനുള്ളില്‍ രണ്ട് പാര്‍ട്ടികളുെട നേതാക്കളാണ് ആലപ്പുഴയില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍(38) കൊല്ലപ്പെട്ടത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നില്‍ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഷാന്‍ ബൈക്കില്‍നിന്നു വീഴുന്നതും പിന്നാലെ ആളുകള്‍ ഓടി വന്ന് വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പിന്നാലെ ഇന്ന് പുലര്‍ച്ചെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. പുലര്‍ച്ചെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം നടന്നത്. വീട്ടില്‍ കയറിയാണ് വെട്ടിയതെന്നാണ് വിവരം. പുലര്‍ച്ചെ വീട്ടിലെത്തി വാതിലില്‍ മുട്ടി. വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ അകത്തേക്ക് കയറി ഡൈനിങ് ഹാളില്‍ വെച്ചാണ് വെട്ടിയത്. പത്തു വെട്ടുണ്ടെന്ന് പൊലിസ് പറയുന്നു. സംഘത്തില്‍ എട്ടുപേരുണ്ടായിരുന്നുവെന്നും പൊലിസ് റിപ്പോര്‍ട്ട്.
ഷാനിനെ കാറില്‍ പിന്തുടര്‍ന്ന് ബൈക്ക് ഇടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. അഞ്ചംഗ സംഘമാണ് ഇതിന് പിന്നില്‍.
ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത് ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്നു. ആലപ്പുഴ കോടതിയില്‍ അഭിഭാഷകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."