ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങള്‍ ഞെട്ടിക്കുന്നത്; അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിന്, പ്രതിപക്ഷം പിന്തുണക്കുമെന്നും വിഡി സതീശന്‍
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍ വര്‍ഗീയവിഷം വിതക്കാന്‍ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് വിഭാഗീയതക്കും മതവേര്‍തിരിവിനും വേണ്ടി മനഃപൂര്‍വം നടത്തുന്ന ഗൂഢാലോചനയാണ്. ഇരുവരും പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ രണ്ട് ശക്തികളെയും കേരളത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള വികാരമാണ് ഉണ്ടാകേണ്ടത്. കേരളത്തെ വര്‍ഗീയമായി ചേരിതിരിക്കാനുള്ള ശ്രമത്തെ കോണ്‍ഗ്രസും യു.ഡി.എഫും ചെറുത്തു തോല്‍പിക്കും. രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോഴാണ് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. മുഖ്യമന്ത്രി സോഷ്യല്‍ എന്‍ജിനീയറിങ് എന്ന പേരില്‍ നടത്തുന്ന വര്‍ഗീയ പ്രീണന നയങ്ങളും ഇത്തരം സാഹചര്യത്തില്‍ എത്തിച്ചിട്ടുണ്ട്. അക്രമങ്ങളെയും കൊലപാതകങ്ങളെയും പൂര്‍ണമായി അമര്‍ച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയാല്‍ അതിനെ പ്രതിപക്ഷം പിന്തുണക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍(38) കൊല്ലപ്പെട്ടത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നില്‍ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. പിന്നാലെ ഇന്ന് പുലര്‍ച്ചെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. പുലര്‍ച്ചെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."