HOME
DETAILS

ലിംഗസമത്വമല്ല നീതിയാണ് പ്രായോഗികം

  
backup
December 19 2021 | 05:12 AM

7863563-2

ശുഐബുൽഹൈതമി


'കുട്ടികൾ ഇളയമുതിർന്നവരല്ല; സ്ത്രീകൾ മാറിടം മറച്ച പുരുഷന്മാരുമല്ല' - വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഉദ്ധരണിയാണിത്. ഈ പ്രസ്താവന ജൻഡർ ന്യൂട്രാലിറ്റി ആശയത്തിന് പള്ളിക്കൂടത്തിൽ പരവതാനി വിരിക്കപ്പെടുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം ഉടയാടയുമായി ബന്ധപ്പെട്ടതല്ല, ഉടലുമായും ഉണ്മയുമായും തന്നെ ബന്ധപ്പെട്ടതാണത്. പുരുഷന്മാരിൽ വിജയകരമാണെന്ന് കണ്ടെത്തിയ പല മരുന്നുകളും സ്ത്രീകളിൽ നിഷ്ഫലമാവുകയോ വിപരീതഫലം അനന്തരമുണ്ടാവുകയോ ചെയ്തപ്പോഴാണ് മുകളിലെ വാചകം ചർച്ചയായത്.


ഭരണകൂടയുക്തിയും
പൊതുബോധവും


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏകദേശം ഒരേപോലെയുള്ള വസ്ത്രം സ്‌കൂളിൽ യൂനിഫോമാക്കാൻ ഒരു പ്രാദേശിക സ്‌കൂൾ കൂട്ടം തീരുമാനിച്ചതല്ല അടിസ്ഥാന പ്രശ്‌നം. യൂനിഫോം പരിഷ്‌ക്കാരങ്ങൾ എല്ലാ ഔദ്യോഗിക മേഖലകളിലും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്ര ബന്ധമൊന്നുമില്ലാതെ യൂനിഫോമിലെ കേവലം നിറമോ രീതിയോ മാറുമ്പോൾ പോലും മതിയായ പഠനങ്ങളും കൂടിയാലോചനകളും നടക്കാറുണ്ട്.
ക്ലാസ് മുറികളിലെ എഴുത്തുപലകയുടെ നിറം കറുപ്പിൽനിന്ന് പച്ചയാക്കുന്ന ചർച്ച മുമ്പിവിടെ ഉണ്ടായപ്പോൾ വിഷയം പാകിസ്താനിൽ വരെ എത്തിയ നാടാണിത്. സംസ്‌ക്കാരത്തിന്റെ അടിവേറ്റിൽ കൊത്തുമ്പോൾ ആരായാലും ഒന്നടക്കംവരുത്തി അവധാനത കാണിക്കണം. കാരണം, വിപുലമായ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളും സംഹാരശേഷിയുമുള്ള ജൻഡർ ന്യൂട്രാലിറ്റിയുടെ വിളംബരമാണെന്നോണമുള്ള ക്യാപ്ഷനുണ്ടായതും പിന്നീട് പ്രതിഷേധങ്ങളുണ്ടായപ്പോൾ വിദ്യാഭ്യാസ മന്ത്രി മുതൽ പേപ്പർബോയ് വരെ ഏകസ്വരത്തിൽ ന്യായീകരിക്കുന്നതും വിഷയത്തെ പ്രത്യാഘാതപരമാക്കിയിരിക്കുകയാണ്. ജനാധിപത്യവ്യവസ്ഥയിലെ ഏറ്റവും കടുത്ത നിയമദണ്ഡ് ഭരണകൂടയുക്തിക്കൊത്ത് നിർമിക്കുകയും ഏകപക്ഷീയമായി അതിനൊത്ത പൊതുബോധം കൃത്രിമമായി വളർത്തുകയും അപരശബ്ദങ്ങൾക്കെതിരേ വംശീയചാപ്പ ചാർത്തുകയും ചെയ്യുന്ന രീതി ഒട്ടും ശരിയല്ല. സ്വന്തം യുക്തിയും വിജയിക്കുന്നവരുടെ പൊതുബോധവുമാണ് ലിബറലിസത്തിന്റെ ഒരേയൊരു ധാർമ്മികചട്ടം. അതാകട്ടെ ഇടത്തിനിടം ഭിന്നവുമായിരിക്കും.


ബുദ്ധിജീവികളുടെ ദൈന്യത


ഇൗ വിഷയത്തിലെ മറുവാദങ്ങൾ മുസ്‌ലിം മൗലികവാദസ്വരമായി അട്ടിമറിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്. മതിയായ താത്ത്വിക ന്യായീകരണം അനുകൂലിക്കുന്നവർക്കില്ലെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പ്രമുഖ സ്വതന്ത്രചിന്തകനായ മൈത്രേയനും മറ്റും പറഞ്ഞുകൂട്ടുന്ന അബദ്ധങ്ങൾ.ട്രാൻസ് സമൂഹത്തിന്റെ സൗകര്യത്തെ കൂട്ടുപിടിച്ച് പാന്റും ഷർട്ടുമാണ് കംഫർട്ട് എന്നൊക്കെ പറയുന്നവരെ എങ്ങനെയാണ് സ്വതന്ത്രചിന്തകനെന്ന് പറയുക!
ക്വിയറുകൾക്ക് Out Coming എന്നൊരു പ്രക്രിയയുണ്ട്. വർഷങ്ങളോളം ഉടലിന്റെ പുറത്തോട് യോജിക്കാത്ത അകം പേറേണ്ടിവരുന്ന കക്ഷി (സാങ്കൽപികം ) തന്റെ യഥാർഥ സ്വത്വം തിരിച്ചറിഞ്ഞ് അവ്യക്തതയുടെ പുറം തോട് തകർത്ത് പുറത്തെത്തുന്ന മാനസിക പരിവർത്തനമാണത്. മനസ്സിനോട് ചേരാത്ത ഉടലിന്റെ തടവറയാണ് അവർക്ക് മുമ്പിലെ പ്രശ്‌നം. അപ്പോൾ പുരുഷനായി മാറിയ സ്ത്രീക്ക് കംഫർട്ടായതാവില്ല സ്ത്രീയായി മാറിയ പുരുഷന്. സ്ത്രീയായി മാറാൻ ലക്ഷങ്ങൾ മുടക്കി സർജറി ചെയ്ത, സമൂഹത്തിന്റെ ബഹിഷ്‌ക്കരണങ്ങൾ താങ്ങിത്തളർന്ന ഒരു ട്രാൻസിനോട് നിർബന്ധപൂർവം അണിയേണ്ട വസ്ത്രം നിർദേശിക്കലാണോ പുരോഗമനം.


നിരാകരണത്തിന്റെ
നിർണയങ്ങൾ


ജൻഡർ ന്യൂട്രാലിറ്റി മതത്തിനോ യുക്തിക്കോ ശാസ്ത്രത്തിനോ അംഗീകരിക്കാനാവാത്ത ലിബറലിസത്തിന്റെ വ്യാജ സൃഷ്ടിയാണ്. പ്രാപഞ്ചികമായ പദാർഥഗുണമാണ് ലൈംഗിക ദ്വന്ദം. മനുഷ്യരിലേക്ക് വരുമ്പോൾ അത് പരസ്പരാകർഷണത്തിൽ ബന്ധിതരായ പുരുഷനും സ്ത്രീയുമാണ്. ഇതാണ് നൈസർഗിക പ്രകൃതം. മറ്റു അവയവങ്ങൾക്ക് പരിമിതികൾ വരാമെന്നത് പോലെ ലൈംഗികപരിമിതികളും വരാമെന്നല്ലാതെ വേറൊരു ലൈംഗിക സമൂഹം പ്രകൃത്യാ ഇല്ല. എന്നാൽ അത്തരം അപര ലൈംഗികന്യൂനപക്ഷങ്ങളെ ജനാധിപത്യപരമായി ഉൾക്കൊള്ളുകയും പൊതുവിടങ്ങളെ നിരാകരിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്തതിനാൽ കൂടി പ്രോത്സാഹിക്കപ്പെടാൻ മാത്രമുള്ള വാദഗുണം പ്രസ്തുത തിയറിക്കില്ലെങ്കിലും അത്തരം വ്യക്തികളോടുള്ള മാനുഷിക പരിഗണനയെ ആരും എതിർക്കുന്നുമില്ല. ജനാധിപത്യപരമായി വിയോജിപ്പുകളെ ഉൾക്കൊള്ളാൻ ക്വിയർ സമൂഹത്തിനും സാധിക്കേണ്ടതുണ്ട്.


ലിംഗസമത്വമോ സമന്വയമോ അല്ല ലിംഗനീതി മാത്രമാണ് പ്രായോഗികം എന്നതാണ് അടിസ്ഥാനം. ന്യൂട്രൽ ജൻഡർ എന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ടുവയ്ക്കുന്നവർ പോലും അതിനെ പരികൽപ്പിക്കുന്നത് മാനസിക സങ്കൽപ്പമായിട്ടാണെന്ന് ഇത് വസ്ത്രത്തിലേക്കിറക്കുന്നവർ മനസിലാക്കണം. ഉടലിന്റെ ജൈവികമായ വൈവിധ്യങ്ങളെ മറികടക്കാൻ മാനസിക സങ്കൽപ്പങ്ങൾക്ക് കഴിയില്ല. ആണും പെണ്ണും ശാരീരികമായി ഒരുപോലെയാവണമെങ്കിൽ ചിലത് വെട്ടുകയും ചിലത് വയ്ക്കുകയും വേണ്ടിവരും. സ്വന്തം ജൻഡർ ഏതാണെന്ന കാര്യത്തിൽ കൃത്രിമമായ അവ്യക്ത അടിച്ചേൽപ്പിക്കപ്പെടാൻ വിധിക്കപ്പെടുന്ന ബാല്യ, കൗമാരങ്ങളുടെ കാര്യത്തിൽ മനുഷ്യാവകാശപ്രവർത്തകർക്ക് ഖിന്നം വരേണ്ടതുണ്ട്. Gender dysphoriaയുടെ ഭാഗമായി വരുന്ന അനേകം ലൈംഗികജന്യ മനോരോഗങ്ങളായിരിക്കും ഇതിന്റെ അനന്തരഫലമെന്ന് ചില യൂറോപ്യൻ രാഷ്ട്രങ്ങളിലെ കണക്കുകൾ പറഞ്ഞുതരും.
ഒരുദാഹരണം നോക്കൂ,സ്വിറ്റ്‌സർലാന്റിലെ ആരോഗ്യ വകുപ്പ് 13-17 വയസ്സിനിടയിൽ പ്രായമുള്ള പെൺകുട്ടികൾക്കിടയിൽ 2008 മുതൽ 2018 വരെ നടത്തിയ പഠനത്തിൽ അവർക്ക് Gender dysphoria (ഒരു വ്യക്തിക്ക് അവരുടെ ജൈവിക ലൈംഗികതയും അവരുടെ ലിംഗസ്വത്വവും തമ്മിലുള്ള പൊരുത്തക്കേട് കാരണം ഉണ്ടായേക്കാവുന്ന അസ്വസ്ഥതയാണ് ജെൻഡർ ഡിസ്‌ഫോറിയ. ഈ അസ്വാസ്ഥ്യമോ അസംതൃപ്തിയോ വളരെ തീവ്രമായിരിക്കാം, അത് വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുകയും ദൈനംദിന ജീവിതത്തിൽ ഹാനികരമായ സ്വാധീനം ചെലുത്തുകയും ചെയ്യും) 1500 ശതമാനം വർധിച്ചുവെന്നാണ് പഠനത്തിൽ തെളിയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ഇരകളാക്കപ്പെടുന്നത് നിർമ്മലചിത്തരായ പെൺകുട്ടികൾ തന്നെയാവും. കാമറയ്ക്ക് മുമ്പിലെ തൽക്കാലത്തെ ചാട്ടമല്ല ആധാരമാക്കേണ്ടത്. ആവേശങ്ങൾ അവശതയിലവസാനിക്കുന്ന പിൽക്കാലമാണ്. ധാർമ്മിക ചട്ടങ്ങളിൽനിന്ന് പെൺകുട്ടികളെ ബാല്യത്തിൽ തന്നെ പിഴുതെടുത്താൽ, ക്രമേണ കുടുംബ നിർവഹണങ്ങളിൽ മതസ്വാധീനം ഇല്ലാതെയാക്കാം എന്ന അജൻഡ കൂടി ഇവിടെയില്ലെന്ന് പറയാനാവില്ല.


ജൻഡർ ന്യൂട്രാലിറ്റി വാദം അപകടം ചെയ്യുമെന്ന് മനസ്സിലായപ്പോൾ അധികൃതരും താത്ത്വികരും പെൺകുട്ടികൾക്ക് കൂടുതൽ സുഖസൗകര്യപ്രദമായ വസ്ത്രമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നാക്കി സ്വരം നേർപ്പിച്ചിട്ടുണ്ടെങ്കിലും അതും ശുദ്ധഭോഷ്‌ക്കാണ്. പെൺകുട്ടികൾക്ക് ശാരീരികമോ മാനസികമോ ആയി കംഫർട്ടബിൾ ആണെന്ന് ട്രയൽ കറക്ഷൻ വഴി തെളിയിച്ചാൽ മാത്രമേ അത് ശാസ്ത്രീയമാവുകയുള്ളൂ. ഒരൊറ്റ പരീക്ഷണവും കൂടാതെ നേരിട്ട് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനെ പുരോഗതിയെന്ന് പറയുമെങ്കിലേ ഇത് പുരോഗമനം ആവുകയുള്ളൂ. മാത്രമല്ല, പെൺകുട്ടികൾ ആൺകുട്ടികളിലേക്ക് വികസിക്കേണ്ടവരാണെന്ന വസ്ത്രധ്വനിയിലെ പാട്രിയാർക്കി ഈ വേദിയിൽ മാത്രം അവർക്ക് പ്രശ്‌നമല്ല. പാന്റും ഷർട്ടും ആൺകുട്ടികളുടേതാണെന്നന്നതിന് തെളിവ് ചോദിക്കുന്നവർ കമ്പോളസമവാക്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. പാവാടയും ഫ്രോക്കും പെൺകുട്ടികളുടേതാണെന്നതിനും തെളിവില്ലാത്തതിനാൽ ആൺകുട്ടികളെ കൂടി അതണിയിപ്പിച്ചാലും തീരുമല്ലോ പ്രശ്‌നങ്ങൾ? ആൺകുട്ടികളുടെ കംഫർട്ട് ആർക്കും വിഷയമല്ലേ ഇവിടെ!


സാമൂഹികമായ ചട്ടങ്ങൾ നൂറ്റാണ്ടുകളുടെ അനുശീലനം വഴി രൂപപ്പെടുന്നതും ഭരണകൂടത്തിന്റെ നിയമങ്ങളേക്കാൾ വേരോട്ടം ചെന്നതുമായിരിക്കും. ഒരു സമൂഹത്തിന് മുന്നോട്ടുപോവാൻ കോടതിയിൽ ശരിയായ ന്യായങ്ങൾ മാത്രം മതിയാവില്ല, മനസ്സാക്ഷിയിൽ ന്യായമായ ശരികൾ കൂടി വേണ്ടതുണ്ട്.
സാമ്പ്രദായികമായ പാവാട കാറ്റിലുലഞ്ഞ് പാറുമ്പോൾ പെൺകുട്ടികളുടെ കണങ്കാൽ പ്രത്യക്ഷപ്പെടും എന്നൊക്കെ ഭാഷമാറ്റി പറഞ്ഞ് പിടിച്ച് നിൽക്കുന്നവർ മറ്റൊരുവേദിയിൽ ശരീരം മറക്കാൻ പറയുന്ന മതത്തിനെതിരേ പറഞ്ഞ് ഉപജീവനം കണ്ടെത്തുന്നവരാണ്. കുട്ടികളുടെ ഹിതവും ആത്മവിശ്വാസവുമാണ് പ്രധാനമെങ്കിൽ അവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് ഓരോരുത്തർക്കും ഇഷ്ടപ്പെട്ടത് അണിയാനനുവദിക്കുകയാണ് വേണ്ടത്. സഭ്യത ലംഘിക്കപ്പെടാതിരിക്കാൻ അണിയരുതാത്തവ മാത്രം അധികൃതർക്ക് പ്രസിദ്ധപ്പെടുത്തുകയും ആവാം. അടിച്ചേൽപ്പിക്കപ്പെട്ട ധാർമ്മികതക്കെതിരേ കുതറിമാറുന്ന പരിഷ്‌ക്കാരം അതിനേക്കാൾ ഭീകരമായ അടിച്ചേൽപ്പിക്കാവുന്നത് പ്രശ്‌നവൽക്കരിക്കപ്പെടുന്നില്ല.


വിവേചനങ്ങളവസാനിക്കാൻ വ്യത്യസ്തതകളെ നശിപ്പിക്കുകയോ വൈവിധ്യങ്ങളെ മൂടിവെക്കുകയോ അല്ല വേണ്ടത്. വിവേചനചിന്താഗതി മാറ്റിയെടുക്കുകയാണ് വേണ്ടത്. ദലിതർ അവഗണിക്കപ്പെടുന്നതിന് പരിഹാരം ഭരണകൂടം ദലിതരെ സവർണരായി പ്രഖ്യാപിക്കലോ മറിച്ചോ അല്ല. ദലിതരെ അവരുടെ സാംസ്‌ക്കാരിക തനിമ നിലനിർത്തി മുഖ്യധാരയിലെത്തിക്കലാണവിടെ പോംവഴി. വ്യത്യസ്തകളെ വ്യത്യസ്തതയോടെ പരിപാലിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ നാനാത്വങ്ങളുടെ ഏകീകരണം എന്നാക്കുന്ന പ്രവണത ശരിയല്ല. നാലിനെയും കൂടി ഒന്നാക്കലല്ല, മറിച്ച് നാലിനെയും നാലായി വിടുന്ന ഒരിടമാവലാണ് നാടിന് നല്ലത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago