HOME
DETAILS

രാഹുൽഗാന്ധിയുടെ 'ഹിന്ദുരാജ്യ'മേത്?

  
backup
December 19 2021 | 05:12 AM

846525463-2


സ്വതന്ത്ര ഇന്ത്യയിൽ ഭരണകൂടവും രാഷ്ട്രീയനേതൃത്വവും ഏതെങ്കിലും മതത്തിന്റെ വക്താക്കളായി മാറരുതെന്ന കർക്കശ നിലപാടെടുത്ത പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ പേരക്കുട്ടിയുടെ മകനിൽ നിന്ന് 'ഹിന്ദുരാജ്യ' പരാമർശമുണ്ടായത് ശരിയോയെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ 'മതേതരത്വ'മെന്ന മഹനീയാശയം എഴുതിച്ചേർക്കാൻ നേതൃത്വം നൽകിയ ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി ഇങ്ങനെയൊരു നിലപാടെടുക്കാൻ പാടുണ്ടോയെന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്. രാഷ്ട്രീയ എതിരാളികളായിരുന്നു ഈ ചോദ്യം ഉന്നയിച്ചതെങ്കിൽ അതിനെ രാഷ്ട്രീയലാഭ ലാക്കോടു കൂടിയ വിമർശനമെന്നു പറയാം. തീർച്ചയായും കോൺഗ്രസ് വിരുദ്ധ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും രാഷ്ട്രീയതാൽപ്പര്യത്തോടെ രാഹുൽഗാന്ധിയുടെ പരാമർശത്തെ വിമർശിക്കുന്നുണ്ട് എന്നത് സത്യം. അത് അവഗണിക്കാം. പക്ഷേ, നിഷ്പക്ഷ നിലപാടുകാരായ നല്ലമിക്കയാളുകൾക്കും ഇപ്പോഴും ദഹിക്കാത്തതാണ് രാഹുൽഗാന്ധി നടത്തിയ 'ഹിന്ദുക്കളുടെ രാജ്യ'മെന്ന പരാമർശം. കോൺഗ്രസ് പാർട്ടിയോ രാഹുൽഗാന്ധിയോ ഇക്കാര്യത്തിൽ വിശദീകരണം നൽകാതിരിക്കുകയും രാഷ്ട്രീയ എതിരാളികൾ അത് കോൺഗ്രസ്സിനെ ആക്രമിക്കാനുള്ള ശക്തമായ ആയുധമാക്കുകയും ചെയ്തിരിക്കെ മതേതര ഇന്ത്യ തീർച്ചയായും ചർച്ച ചെയ്തു വ്യക്തത വരുത്തേണ്ട കാര്യമാണിത്. അവഗണിച്ചാൽ രാഷ്ട്രീയരംഗത്തു കടുത്ത പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നതിൽ സംശയമില്ല.


'ഇന്ത്യ നിങ്ങളെപ്പോലുള്ള ഹിന്ദുത്വവാദികളുടെ രാജ്യമല്ല, യഥാർഥ ഹിന്ദുക്കളുടെ രാജ്യമാണ്' എന്ന പരാമർശത്തിന്റെ അർഥം വ്യാഖ്യാനത്തിന്റെ രീതിയനുസരിച്ചു മാറും. 'ഇന്ത്യ ഹിന്ദുത്വവാദികളുടെ രാജ്യമല്ല' എന്ന ഭാഗത്തിന് ഊന്നൽ കൊടുത്താൽ അത് മതേതരത്വനിലപാടിനെ ശക്തിപ്പെടുത്തുന്ന പ്രസ്താവനയാണ്. അതേസമയം, 'ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്' എന്ന ഭാഗത്തിനാണ് ഊന്നൽ നൽകുന്നതെങ്കിൽ അതു പ്രതിലോമകരമായ പരാമർശമാണ്. സംഘ്പരിവാർ ഏറെക്കാലമായി ഉയർത്തിക്കൊണ്ടിരിക്കുന്നതും ഇപ്പോൾ അതിശക്തമാക്കിയതുമായ ഹിന്ദുരാഷ്ട്രവാദത്തിന്റെ മറ്റൊരു രൂപം.രാഹുൽഗാന്ധി ഏതർഥത്തിലായിരിക്കും ഈ പരാമർശം നടത്തിയിരിക്കുക?


കോൺഗ്രസ്സിന്റെ ഇക്കാലമത്രയുമുള്ള ചരിത്രം വച്ചുകൊണ്ട് അതൊരു ഹിന്ദു പാർട്ടിയാണെന്നു പറയാനാകില്ല. അങ്ങനെ ആരോപണമുണ്ടായിട്ടില്ലെന്നല്ല. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് തന്നെ കോൺഗ്രസ്സിനെതിരേ പല കോണുകളിൽ നിന്നും അത്തരം ആരോപണമുണ്ടായിരുന്നുവെന്നതു സത്യം. ഇന്ത്യക്കു സ്വാതന്ത്ര്യം കൊടുക്കുന്നതിനെ പല്ലും നഖവുമുപയോഗിച്ച് എതിർത്തിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെപ്പോലുള്ളവർ കോൺഗ്രസ്സിനെ ബ്രാഹ്മണരുടെ പാർട്ടിയെന്നാണ് പരിഹസിച്ചിരുന്നത്. കോൺഗ്രസ്സിനെ നയിക്കുന്നത് സവർണഹിന്ദുക്കളാണെന്നും അവർക്ക് അധികാരം കിട്ടിയാൽ ന്യൂനപക്ഷത്തിന് നീതി കിട്ടില്ലെന്നുമുള്ള നിലപാടെടുത്താണ് ജിന്നയുടെ നേതൃത്വത്തിൽ സർവേന്ത്യാ മുസ്‌ലിം ലീഗ് പാകിസ്താൻ വാദമുയർത്തുന്നത്. പക്ഷേ, സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിം കളുൾപ്പെടെയുള്ള ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിന്റെ മുന്നണിപ്പോരാളി താനായിരിക്കുമെന്ന് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പോരാട്ടത്തിന്റെ നായകനായിരുന്ന ഗാന്ധി തെളിയിച്ചു. വിഭജനം ഇവിടെ ലക്ഷക്കണക്കിനാളുകളെ കുരുതി കൊടുത്തുവെങ്കിലും ആ ദുരന്തത്തിന്റെ തോത് ഗണ്യമായി കുറയ്ക്കുവാൻ മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹനീയ വ്യക്തിക്കു കഴിഞ്ഞുവെന്നതിനെ ശത്രുക്കൾക്കു പോലും നിഷേധിക്കാനാവില്ല. 'പഞ്ചാബ് അതിർത്തിയിൽ പതിനായിരക്കണക്കിന് സൈനികർക്കു കഴിയാത്തത് ബംഗാൾ അതിർത്തിയിൽ കൃശഗാത്രനായ ഒരു മനുഷ്യന് സാധിച്ചു'വെന്ന് മൗണ്ട് ബാറ്റൻ പ്രഭു ആശ്ചര്യത്തോടെ പറഞ്ഞത് ഓർക്കുക. തികഞ്ഞ മതവിശ്വാസിയായിരുന്ന ഗാന്ധിയെങ്കിലും അതിലേറെ മതേതരവാദികായിരുന്നു അദ്ദേഹം.


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മതവിശ്വാസിയും ദൈവവിശ്വാസിയുമായിരുന്നില്ല. അതേസമയം, അദ്ദേഹം കറകളഞ്ഞ മതേതര വിശ്വാസിയായിരുന്നു. ദൈവത്തിൽ വിശ്വസിക്കാതിരിക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തെപ്പോലെ വിലപ്പെട്ടതാണ് ഇഷ്ടമുള്ള ഏതു ദൈവത്തിലും വിശ്വസിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യമെന്ന് ഉറച്ചുവിശ്വസിച്ചയാളാണ് നെഹ്റു. ഭാരതത്തിലെ പൗരാണിക ഭരണകർത്താക്കൾ അനുവർത്തിച്ച 'സർവമത സമഭാവ'മെന്ന തത്വത്തിൽ അടിയുറച്ചു ഭരിച്ച നേതാവാണ് നെഹ്റു.ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ഭരണഘടനയുടെ അന്തിമ രൂപത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചർച്ച നടന്നുകൊണ്ടിരിക്കെ പ്രൊഫ. കെ.ടി ഷാ ഒരു കാര്യം ആവർത്തിച്ചു. 'ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം' എന്ന വാക്ക് എഴുതിച്ചേർക്കണമെന്നായിരുന്നു അത്. എന്നാൽ, അടിമുടി മതേതരത്വത്തിൽ ഊന്നിയുള്ള ഭരണഘടനയിൽ, ഞങ്ങൾ ഇന്ത്യക്കാർ എന്ന പ്രഥമവാക്കുകളോടെ ആരംഭിക്കുന്ന ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് പ്രത്യേകമായി എഴുതിച്ചേർക്കേണ്ടതുണ്ടോ എന്ന നിലപാടായിരുന്നു നെഹ്റുവും അംബേദ്ക്കറുമുൾപ്പെടെയുള്ളവർക്ക്.


ഇന്ത്യക്ക് ഒരിക്കലും മതേതര മൂല്യങ്ങൾ കൈവിടാനാവില്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു അവർ. വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ അക്കാലത്ത് മതേതര ഇന്ത്യക്ക് കഴിയുകയും ചെയ്തു.എന്നാൽ, പിൽക്കാലത്ത് കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്നും രാജ്യത്ത് വർഗീയധ്രുവീകരണമുണ്ടാക്കുന്ന ശക്തികൾ അണിയറയിൽ ശക്തിസംഭരിക്കുകയാണെന്നും ബോധ്യം വന്നു രാജ്യം കണ്ട ഏറ്റവും കരുത്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്. അതിന്റെ ഫലമായാണ് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ അവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'മതേതരത്വം' എന്ന വാക്ക് ഉൾക്കൊള്ളിച്ചത്. അതോടെ എത്ര കൊടിയ ഏകാധിപതി ഭരണത്തിലേറിയാലും ഈ രാജ്യത്തെ മതരാഷ്ട്രമാക്കാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസം മതേതര മനസ്സുകളിൽ ഉണ്ടായി. പക്ഷേ, വർത്തമാന കാലത്ത് മതേതരത്വം അങ്ങേയറ്റത്തെ ഭീഷണിയിലാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ് എന്ന പ്രസ്താവനകൾ അതിശക്തമായി ഉയർന്നുവരുന്നു. ഭരണഘടനയിൽ നിന്നു 'മതേതരമെന്ന അശ്ലീല പദം ഒഴിവാക്കണ'മെന്ന മുദ്രാവാക്യം ആവർത്തിച്ച് ഉയരുന്നു. രാജ്യത്ത് വർഗീയമായ ചേരിതിരിവുകളുണ്ടാക്കാനുള്ള തീവ്രശ്രമം എങ്ങും നടക്കുന്നു.


ഹിന്ദുത്വവാദികൾ ഉയർത്തുന്ന ഈ ഭീഷണിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് രാഹുൽഗാന്ധി 'ഇത് നിങ്ങൾ ഹിന്ദുത്വവാദികളുടെ രാജ്യമല്ല' എന്നു സധൈര്യം പറഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നു. അതൊരു ധീരമായ പ്രഖ്യാപനം തന്നെയാണ്. അതേസമയം, അദ്ദേഹം നടത്തിയ, 'ഹിന്ദുക്കളുടെ ഇന്ത്യയാണ്' എന്ന രണ്ടാമത്തെ പരാമർശം അംഗീകരിക്കാനാവില്ല എന്നും പറയട്ടെ. അദ്ദേഹം പറയേണ്ടിയിരുന്നത് 'ഇത് മതേതര ഇന്ത്യയാണ്' എന്നായിരുന്നു. അതാണ് ഗാന്ധി ജീവിതം കൊണ്ടു തെളിയിച്ചത്. അതാണ് നെഹ്റുവും ഇന്ദിരയും അധികാരക്കസേരകളിലിരുന്നു തെളിയിച്ചത്. അതാണ് മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago