ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം; രണ്ട് പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് കസ്റ്റഡിയില്‍. ഗൂഡാലോചനയില്‍ പങ്കാളികളായ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്മണി സ്വദേശി കൊച്ചുകുട്ടന് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘത്തിന് റെന്റ് എ കാര്‍ വാഹനം ക്രമീകരിച്ചു നല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു.
24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍(38) കൊല്ലപ്പെട്ടത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നില്‍ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഷാന്‍ ബൈക്കില്‍നിന്നു വീഴുന്നതും പിന്നാലെ ആളുകള്‍ ഓടി വന്ന് വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പിന്നാലെ ഇന്ന് പുലര്‍ച്ചെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. പുലര്‍ച്ചെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം നടന്നത്. വീട്ടില്‍ കയറിയാണ് വെട്ടിയതെന്നാണ് വിവരം. പുലര്‍ച്ചെ വീട്ടിലെത്തി വാതിലില്‍ മുട്ടി. വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ അകത്തേക്ക് കയറി ഡൈനിങ് ഹാളില്‍ വെച്ചാണ് വെട്ടിയത്. പത്തു വെട്ടുണ്ടെന്ന് പൊലിസ് പറയുന്നു. സംഘത്തില്‍ എട്ടുപേരുണ്ടായിരുന്നുവെന്നും പൊലിസ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."