HOME
DETAILS

വിവാഹപ്രായ നിയമം: ന്യായവും യുക്തിയും

  
backup
December 19 2021 | 22:12 PM

4563-4563

ഡോ. ഫൈസൽ ഹുദവി മാരിയാട്


രാജ്യത്തെ പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18ൽ നിന്ന് 21 വയസാക്കി ഉയർത്താനുള്ള നീക്കത്തിനെതിരേ ഉയർന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധങ്ങൾ അവഗണിച്ച് തീരുമാനവുമായി മുന്നോട്ടുേപാവുകയാണ് കേന്ദ്രസർക്കാർ. 2006ലെ ശൈശവ വിവാഹ നിരോധന നിയമം ഭേദഗതി ചെയ്ത് കൊണ്ടുവരുന്ന പ്രോഹിബിഷൻ ഓഫ് ചൈൽഡ് മാരേജ് (എ) ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിക്കഴിഞ്ഞു. നിലവിലുള്ള ഹിന്ദുവിവാഹ നിയമം (1955), ക്രിസ്ത്യൻ വിവാഹനിയമം (1872), പാർസി വിവാഹ- വിവാഹമോചന നിയമം (1936) തുടങ്ങിയ വ്യക്തിനിയമങ്ങളിലെയും സ്പെഷൽ മാര്യേജ് ആക്ടിലെയും വകുപ്പുകളിൽ ഭേദഗതി വരുത്തുന്നതായിരിക്കും പുതിയ നിയമം. കൃത്യമായ വയസ് നിർണയിച്ചിട്ടില്ലാത്ത മുസ്‌ലിം പേഴ്‌സണൽ ലോയും പുതിയ നിയമത്തിനു വിധേയമാവും.


വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാനുള്ള ആലോചന കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയതായിരുന്നു. ഇതു സംബന്ധിച്ച രൂപീകരിക്കപ്പെട്ട സമിതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. എന്നാൽ അതിനും മുമ്പ് ബജറ്റ് പ്രസംഗത്തിനിടെ ധനകാര്യമന്ത്രി നിർമലാ സീതാരാമനാണ് ആദ്യമായി ഇത്തരമൊരു ആശയം ഔദ്യോഗിമായി അവതരിപ്പിക്കുന്നത്. രാജ്യത്തെ മാതൃമരണ നിരക്ക് കുറക്കുന്നതിനും പെൺകുട്ടികളുടെ പോഷകാഹാര അളവ് മെച്ചപ്പെടുത്തുന്നതിനുമായി വിവാഹപ്രായം ഉയർത്തിയാലോ എന്നാലോചിക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തണമെന്നാണ് ആ പ്രസംഗത്തിൽ ധനകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. ഇതിനെത്തുടർന്നാണ് 2020 ജൂൺ മാസത്തിൽ രാഷ്ട്രീയപ്രവർത്തകയായ ജയ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ ഇതിനായി സർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ തന്നെ സമിതി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും അതിലെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടില്ല. മാത്രവുമല്ല, വിവാഹപ്രായം ഉയർത്തുന്നതിനു പിന്നിലുള്ള ന്യായവും യുക്തിയും ആളുകളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ട മന്ത്രാലയത്തിൽനിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതും സാമൂഹികവും സാംസ്‌കാരികവുമായ നിരവധി ആശങ്കകൾക്കു വകനൽകുന്നതുമായിരുന്നിട്ടു വിവാഹപ്രായം ഉയർത്താനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ കാര്യമായ പ്രതികരണങ്ങൾ തുടക്കത്തിലേ ഉണ്ടായില്ല എന്നത് ഒരു വസ്തുതയാണ്.


ഇന്ത്യയിലെ വിവാഹപ്രായം


നിലവിൽ ആൺകുട്ടികൾക്ക് 21 വയസും പെൺകുട്ടികൾക്ക് 18 വയസുമാണ് നിയമപരമായി ഇന്ത്യയിൽ വിവാഹം ചെയ്യാനുള്ള വയസ്. നിശ്ചിത പ്രായത്തിൽ താഴെ വിവാഹം ചെയ്തുകൊടുക്കുന്നത് ശിക്ഷാർഹമായ കുറ്റമായത് 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തോടെയാണ്. ഇതനുസരിച്ച് പ്രായമെത്താത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും വിവാഹം ചെയ്തുകൊടുത്താൽ രക്ഷിതാക്കൾ മാത്രമല്ല, പതിനെട്ടു വയസിനു മുകളിലുള്ള വരൻ, കുട്ടിയുടെ പിതാവ്/രക്ഷിതാവ്, വിവാഹത്തിന് കൂട്ടുനിൽക്കുന്നവർ എല്ലാവരും ജാമ്യമില്ലാത്ത കുറ്റക്കാരായിരിക്കും. വരനുപുറമെ, വിവാഹത്തിന് കാർമികത്വം വഹിക്കുന്നവർ, അയൽവാസികൾ, വിവാഹ സദ്യകളും മറ്റു സേവനങ്ങളും നൽകുന്നവർ, വിവാഹത്തിന് വഴിയൊരുക്കിയ ഏജന്റുമാർ/ഇടനിലക്കാർ തുടങ്ങിയവരൊക്കെ രണ്ട് വർഷം വരെ കഠിനതടവിനും ഒരുലക്ഷം രൂപവരെ പിഴക്കും (ഒന്നോ അല്ലെങ്കിൽ ഒന്നിച്ചോ) ശിക്ഷിക്കപ്പെടാം.
2007ൽ നിലവിൽവന്ന ശൈശവ വിവാഹ നിരോധനത്തിനു മുമ്പ് തന്നെ 18, 21 എന്നിങ്ങനെയുള്ള പ്രായപരിധി നിലവിലുണ്ടായിരുന്നു. അഥവാ, 1929ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിലെ 1978 ഭേദഗതിപ്രകാരവും സ്പഷൽ മാര്യജ് ആക്റ്റ് 1954 അനുസരിച്ചും 18ഉം 21ഉം പ്രായപരിധികൾ നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അത് ലംഘിക്കുന്നത് ശിക്ഷാർഹമായി പരിഗണിക്കപ്പെട്ടിരുന്നില്ല എന്നുമാത്രം. എന്നാൽ, 2006ലെ ശൈശവ വിവാഹ നിയമത്തിന് ശേഷവും ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും 15 വയസിനു താഴെയുള്ളവർപോലും വിവാഹിതരാവുന്നുണ്ട്. അന്താരാഷ്ട്ര സംഘടനയായ യൂനിസെഫിന്റെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ 22 കോടിയിലധികം (223 മില്യൻ) ശിശുവിവാഹങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ തന്നെ 10.2 കോടി പെൺകുഞ്ഞുങ്ങൾ 15 വയസാകുന്നതിനും മുമ്പേ വിവാഹിതരായവരാണെന്ന് റിപ്പോർട്ട് പറയുന്നു. 2016ലെ കണക്കനുസരിച്ച് 18 വയസിനു മുമ്പ് വിവാഹിതരാവുന്ന പെൺകുട്ടികൾ 27 ശതമാനം വരും. പെൺകുട്ടികൾക്ക് നിശ്ചയിക്കപ്പെട്ട 18 വയസെന്ന നിലവിലെ പ്രായപരിധിപോലും കൃത്യമായി നടപ്പാക്കാനാവാത്ത ഒരു രാജ്യത്ത് 18നു പകരം 21 എന്നത് എത്രമാത്രം പ്രായോഗികമായിരിക്കും? പോഷകാഹാരക്കുറവ് നികത്താനും പ്രസവാനുബന്ധ മാതൃമരണ നിരക്ക് കുറക്കുന്നതിനും വിവാഹപ്രായപരിധി ഉയർത്തുന്നത് സഹായകമാണെന്ന് വസ്തുതാപരമായി അംഗീകരിക്കാനാവുമോ? വിവാഹപ്രായ പരിധി ഉയർത്തുകയും വിവാഹപ്രായത്തിനു മുമ്പ് ഉഭയകക്ഷിസമ്മതത്തോടെയുള്ള ലൈംഗികതക്ക് അംഗീകാരവും നിയമപരിരക്ഷയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് എന്താണ്?


വിവാഹപ്രായത്തിലെ യുക്തി


വിവാഹത്തിനുള്ള സമ്മതം, വിവാഹത്തിനുള്ള കുറഞ്ഞ പ്രായം, വിവാഹ രജിസ്ട്രേഷൻ എന്നിവയെ സംബന്ധിച്ച അന്താരാഷ്ട്ര കൺവൻഷൻ (Convention on Consent to Marriage, Minimum Age for Marriage and Registration of Marriages, 1962) വിവാഹപ്രായപരിധിയെ സംബന്ധിച്ച നയരൂപീകരണത്തിന് ലോക രാജ്യങ്ങൾക്ക് പ്രേരണയേകുന്നത്. എല്ലാരാജ്യങ്ങളും വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കണമെന്നും നടക്കുന്ന ഓരോ വിവാഹത്തിനും വിവാഹിതരാവുന്നവരുടെ സമ്മതം ഉണ്ടായിരിക്കണമെന്നും വിവാഹങ്ങളെല്ലാം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നുമാണ് കൺവൻഷന്റെ പ്രധാന നിർദേശങ്ങൾ. എന്നാൽ എത്രയായിരിക്കണം വിവാഹപ്രായപരിധി എന്നതിനെ സംബന്ധിച്ച് കൺവൻഷൻ കൃത്യമായി തീരുമാനമെടുത്തിരുന്നില്ല. അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അതാതു രാജ്യങ്ങൾക്ക് വിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വന്നിട്ടുള്ള 1965ലെ ശുപാർശ (Recommendation on Convention on Consent to Marriage, Minimum age at Marriage, Registration of Marriage) വിവാഹപ്രായപരിധി നിശ്ചയിക്കുമ്പോൾ അത് പതിനഞ്ചു വയസിനു താഴെയായിരിക്കരുതെന്ന് പറയുന്നുണ്ട്. വിവാഹപ്രായ പരിധി പതിനെട്ടായി നിശ്ചയിക്കുന്നതാണ് യുനിസെഫ് ശൈശവ വിവാഹത്തിന് നൽകുന്ന നിർവചനം. ഇവിടെ പ്രസക്തമായ മറ്റൊരു വസ്തുത എല്ലാ രാജ്യങ്ങളും പതിനെട്ട് വയസിനു താഴെ നടക്കുന്ന വിവാഹങ്ങളെ ശൈശവ വിവാഹമായി ഗണിക്കുന്നില്ല എന്നതാണ്. ഉദാഹരണമായി വികസിതരാജ്യമായി ഗണിക്കപ്പെടുന്ന സ്‌കോട്‌ലൻഡ്. ഇവിടെ പതിനാറാണ് കുറഞ്ഞ വിവാഹപ്രായം. ഭൂരിപക്ഷം രാജ്യങ്ങളിലും പതിനെട്ട് വയസിന്റെ നിഷ്‌കർഷയുണ്ടെങ്കിലും അതിനു താഴെ നടക്കുന്ന വിവാഹങ്ങൾക്കും പല രാജ്യങ്ങളിലും നിയമപരിരക്ഷയുണ്ട്. ഉദാഹരണത്തിന് അമേരിക്ക. ഇവിടെ പതിനെട്ടാണ് പ്രായപരിധിയെങ്കിലും അതിനു താഴെയുള്ളവരുടെ വിവാഹം കുറ്റകരമല്ല. അത്തരം വിവാഹങ്ങൾക്ക് രക്ഷിതാക്കളുടെയോ കോടതിയുടെയോ അനുമതിയുണ്ടായാൽ മതി. ഇംഗ്ലണ്ട്, ജർമനി, ഇറ്റലി, സ്‌പെയ്ൻ, ഗ്രീസ്, പോളണ്ട്, ആസ്ത്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ പല വികസിത രാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. വെനസ്വലയിൽ പതിനെട്ട് പ്രായപരിധിയുണ്ടെങ്കിലും രക്ഷിതാക്കളുടെ അനുമതിയോടെ പെൺകുട്ടികളെ പതിനഞ്ചാം വയസിലും ആൺകുട്ടികളെ പതിനാറാം വയസിലും വിവാഹം കഴിക്കാവുന്നതാണ്. കാനഡയിലാണെങ്കിൽ പതിനെട്ടു വയസാണ് വിവാഹപ്രായപരിധിയെങ്കിലും രക്ഷിതാക്കളുടെ അനുമതിയോടെ പതിനാറാം വയസിലും കോടതിയുടെ അനുമതിയോടെ പതിനഞ്ചാം വയസിലും വിവാഹം സാധ്യമാണ്.


വികസിത രാജ്യങ്ങളിലെ നിലവിലുള്ള പ്രായപരിധി പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന മറ്റൊരു വസ്തുത, ഒരേ രാജ്യത്തിൽ തന്നെ വ്യത്യസ്ത പ്രായപരിധികൾ നിലനിൽക്കുന്നുവെന്നതാണ്. ഇതിനുള്ള ഉദാഹരണങ്ങളാണ് റഷ്യയും അമേരിക്കയും. വിവാഹിതരാവുന്നതിന് നിയമപരമായി 18 വയസ് നിലനിൽക്കുന്ന അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നതിനുള്ള പ്രായപരിധി മാത്രമാണത്. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മിക്കയിടങ്ങളിലും 16 കഴിഞ്ഞാൽ തന്നെ വിവാഹിതരാവാം. ഭൂരിപക്ഷം രാജ്യങ്ങളിലും പതിനെട്ടു തികഞ്ഞാലാണ് നിയമപരമായി ഒരാൾ പ്രായപൂർത്തിയും പക്വതയുമുള്ളവനായി ഗണിക്കപ്പെടുന്നത് എന്നതിനാലാണ് 18ന് മുമ്പുള്ള വിവാഹങ്ങൾക്കു രക്ഷിതാക്കളുടെ സമ്മതം വേണമെന്ന നിബന്ധനവച്ചിരിക്കുന്നത്.

(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago