പത്തുവർഷം: നൂറിലേറെ രാഷ്ട്രീയ കൊലപാതകങ്ങൾ 35 ദിവസത്തിനിടെ നാല് ജീവൻ
തിരുവനന്തപുരം
അവധിദിനമായ ഞായറാഴ്ച കേരളം ഉണർന്നത് എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും സംസ്ഥാന നേതാക്കളുടെ കൊലപാതക വാർത്തയറിഞ്ഞ്. 35 ദിവസത്തിനിടെ നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ഇതിൽ രണ്ടുപേർ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരാണ്. ഒരു എസ്.ഡി.പി.ഐ പ്രവർത്തകനും ഒരു സി.പി.എം പ്രവർത്തകനും കൊല്ലപ്പെട്ടു.
കഴിഞ്ഞമാസം 15നാണ് പാലക്കാട് എലപ്പുള്ളിയിൽ ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിത് കൊല്ലപ്പെട്ടത്. നേരത്തെ എസ്.ഡി.പി.ഐയുമായുണ്ടായ സംഘർഷ കേസിലെ പ്രധാനപ്രതിയായിരുന്നു സഞ്ജിത്. ഈ കേസിൽ ആറു എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലാണ്. ഈ മാസം രണ്ടിനാണ് പത്തനംതിട്ടയിലെ പെരിങ്ങരയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിനെ ആർ.എസ്.എസ്- ബി.ജെ.പി സംഘം വെട്ടിക്കൊന്നത്. ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയായിരുന്നു കൃത്യം നടത്തിയത്.
ഈ കേസിൽ അഞ്ചു ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലാണ്. ഇതിന്റെ അലയൊലികൾ കെട്ടടങ്ങും മുമ്പാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെടുന്നത്. ആദ്യം നടന്ന രണ്ടു കൊലപാതകങ്ങളുടെ പേരിൽ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിൽ നിൽക്കെയാണ് എട്ടുമണിക്കൂറിന്റെ വ്യത്യാസത്തിൽ ആലപ്പുഴയിലെ ഇരട്ടകൊലകൾ.
2016 മെയ് 25ന് പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയതു മുതൽ ഇന്നലെ വരെ അമ്പതിലേറെ കൊലപാതകങ്ങളാണ് നടന്നത്. 2010 മുതലുള്ള 11 വർഷത്തെ കണക്കുകൾ നോക്കുകയാണെങ്കിൽ നൂറിലേറെ കൊലപാതകങ്ങളും നടന്നു. 2010 മുതൽ കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും സി.പി.എം പ്രവർത്തകരാണ്. കൂടുതൽ കേസുകളിലെ പ്രതികളും സി.പി.എം പ്രവർത്തകരാണ്. 45 കേസുകളിൽ സി.പി.എമ്മും 35 കേസുകളിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരും ആരോപണം നേരിടുന്നു.
ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ളവ ഇക്കാലയളവിലാണ് നടന്നത്. പുത്തലത്ത് നസിറുദ്ദീൻ, അഭിമന്യൂ എന്നിവരുടേതടക്കം ആറുകൊലപാതക കേസുകളിൽ എസ്.ഡി.പി.ഐയും പ്രതിസ്ഥാനത്താണ്. കോൺഗ്രസ് എട്ടും മുസ്‌ലിംലീഗ് നാലും കേസുകളിൽ ആരോപണവിധേയരാണ്.
ഇക്കാലയളവിൽ 40 സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് കണക്ക്. 36 ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരും കൊല്ലപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പത്തും കോൺഗ്രസിന്റെ പതിനൊന്നും പ്രവർത്തകർ കൊല്ലപ്പെട്ടു. എസ്.ഡി.പി.ഐയുടെ രണ്ടുപേരും കൊല്ലപ്പെട്ടു.
ഇസ്‌ലാം മതം സ്വീകരിച്ചതിന് മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ ഫൈസൽ എന്ന യുവാവിനെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്നതുൾപ്പെടെയുള്ള സംഭവങ്ങൾ നടന്നെങ്കിലും അവ രാഷ്ട്രീയകൊലപാതകങ്ങളുടെ ഗണത്തിലല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."