പ്രതികാരക്കൊല: രണ്ട് കുരങ്ങന്മാർ 'കസ്റ്റഡിയിൽ'
നാഗ്പൂർ
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ മൃഗങ്ങൾക്കിടയിലെ അപൂർവ പ്രതികാരക്കൊലയുമായി ബന്ധപ്പെട്ട് രണ്ട് കുരങ്ങന്മാരെ വനംവകുപ്പ് 'കസ്റ്റഡി'യിലെടുത്തു.
കുരങ്ങൻ കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നതിന്റെ പ്രതികാരമായി 80ഓളം നായ്ക്കുട്ടികളെ മരത്തിനു മുകളിൽ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയ സംഘത്തിലെ കുരങ്ങന്മാരെയാണ് ഒടുവിൽ വനംവകുപ്പ് പിടികൂടിയത്.
ബീഡ് ജില്ലയിലെ ലാവൂലിലെ മജൽഗാവിലാണ് സംഭവം. നേരത്തെ കുരങ്ങൻ കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നുവെന്ന് ഗ്രാമീണർ പറഞ്ഞു.
തുടർന്നാണ് കുരങ്ങന്മാരുടെ പ്രതികാരം തുടങ്ങിയത്. പിന്നീട് നായ്കുട്ടികളെ കുരങ്ങന്മാർ എടുത്തുകൊണ്ടുപോയി മരത്തിനും കെട്ടിടങ്ങൾക്കും മുകളിൽ നിന്ന് താഴേക്കിട്ട് കൊല്ലുകയായിരുന്നു. കൂട്ടത്തോടെ കുരങ്ങന്മാർ നായ്ക്കുട്ടികളെ കൊന്നൊടുക്കാൻ തുടങ്ങി. ഒടുവിൽ വനംവകുപ്പ് അധികൃതരാണ് കുരങ്ങന്മാരെ കെണിവച്ച് പിടിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു കുരങ്ങന്മാരെ പിടികൂടിയെന്നും അവയെ കാട്ടിൽ തുറന്നുവിടുമെന്നും ബീഡ് ഫോറസ്റ്റ് ഓഫിസർ സച്ചിൻ കന്ദ് പറഞ്ഞു. നാഗ്പൂർ വനംവകുപ്പ് അധികൃതർക്ക് കൈമാറി അവിടുത്തെ കാട്ടിലാണ് ഇവയെ തുറന്നുവിടുക. പ്രതികാരത്തിന് കൂട്ടത്തോടെ കുരങ്ങന്മാർ എത്തിയതോടെ നാട്ടുകാർ പ്രയാസത്തിലായിരുന്നു. തുടർന്ന് അവർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."