എസ്.ഡി.പി.ഐ നേതാവിന്റെ കൊല: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലക്കുള്ള പകവീട്ടലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണം. വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പോലിസ് വ്യക്തമാക്കുന്നു.
അതേസമയം ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഈ കേസില്‍ ഒരു പ്രതിയേയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേ സമയം കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലയാളി സംഘത്തിലെ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ട് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. രതീഷ്, രാജേന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇനി എട്ട് പേരാണ് കേസില്‍ പിടിയിലാകാനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ നടക്കും. നേരത്തെ വിട്ടുനിന്ന ബി.ജെ.പിയും നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേ സമയം ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. മറ്റന്നാല്‍ രാവിലെ ആറുമണിവരേയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെയാണ് ദീര്‍ഘിപ്പിച്ചത്. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും ഇതുവരെ പിടികൂടാന്‍ പൊലിസിനായിട്ടില്ല.
അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.
സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."