നിലപാട് വിഷയങ്ങൾക്കനുസരിച്ച്, എന്തിനെയും എതിർക്കുന്നത് വിനാശകരം: തരൂർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
വിഷയങ്ങൾക്ക് അനുസരിച്ചാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ആശയപരമായി എതിർപക്ഷത്ത് നിൽക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന എന്തിനെയും കണ്ണടച്ച് എതിർക്കുകയെന്ന രാഷ്ട്രീയാചാരം പഠിക്കാത്തതിനാൽ കഴിഞ്ഞ 13 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുകയെന്നത് തനിക്കൊരു ശീലമായി മാറിയെന്നും ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ തരൂർ പറയുന്നു.
കെ റെയിലിനെതിരേ യു.ഡി.എഫ് എം.പിമാർ അയച്ച കത്തിൽ ഒപ്പിടാതിരുന്നതും തിരുവനന്തപുരത്ത് ലുലു മാളിൻ്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംസാരിച്ചതും ചർച്ചയായതിനു പിന്നാലെയാണ് തരൂർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കെ റെയിൽ പദ്ധതി സംബന്ധിച്ച് കൂടുതൽ പഠിക്കാനുണ്ടെന്ന് തോന്നിയതിനാലാണ് കത്തിൽ ഒപ്പിടാതിരുന്നതെന്ന് തരൂർ വിശദീകരിക്കുന്നു. നിവേദനത്തിൽ ഒപ്പിട്ടില്ല എന്നതിനർഥം താൻ പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നല്ല. മറിച്ച് നിലപാട് പരസ്യമാക്കുന്നതിനു മുൻപ് അതേക്കുറിച്ച് പഠിക്കാൻ സമയമാവശ്യപ്പെടുന്നു എന്ന് മാത്രമാണ്. കറുപ്പും വെളുപ്പും എന്ന രണ്ട് കള്ളികളിൽ മാത്രമാണ് മാധ്യമങ്ങൾ കാര്യങ്ങൾ കാണുന്നത്.
ഒന്നുകിൽ മുഖ്യമന്ത്രിക്കൊപ്പം അല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിര് എന്നത് മാത്രമാണ് മാധ്യമങ്ങളുടെ സമീപനം. വിഷയങ്ങൾക്ക് അനുസരിച്ച് യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കുന്ന നെഹ്റുവിന്റെ നിലപാട് മാധ്യമങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നില്ല. മുൻപ് തങ്ങൾ പിന്തുണച്ചിട്ടുള്ള പല പദ്ധതികളും പിന്നീട് യു.പി.എ സർക്കാർ കൊണ്ടുവന്നപ്പോൾ എതിർത്ത ബി.ജെ.പിയെ പോലെയാണ്, എൽ.ഡി.എഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുക വഴി യു.ഡി.എഫും ചെയ്യുന്നത്. ഇത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമെന്താണെന്ന് വ്യക്തമാക്കുകയാണെന്നും തരൂർ പറയുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നത് തടയാൻ പാർട്ടി അച്ചടക്കം എന്ന ആയുധം പ്രയോഗിക്കുകയാണെന്ന വിമർശനവും തരൂർ ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."