വിവാഹപ്രായം ഉയര്‍ത്തുന്ന ബില്ല് സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ടു
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചത്.
പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ വലിച്ചുകീറി പ്രതിഷേധിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നുംസംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.
ബില്‍ സഭയില്‍ എം.പിമാര്‍ക്ക് രാവിലെ വിതരണം ചെയ്തിരുന്നു. വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും.
നിയമം പ്രാബല്യത്തിലായാല്‍ മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി വിവാഹനിയമങ്ങള്‍ മാറും. ബാലവിവാഹ നിരോധന നിയമത്തില്‍ ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യല്‍ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്ഡിയന് ഷിപ്പ് ആക്ട് 1956, ഫോറിന് മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം ഏഴ് നിയമങ്ങളാണ് മാറുക.
സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികള്‍ രംഗത്ത് എത്തി. മുസ്ലിം ലീഗും സിപിഎമ്മും സിപിഐയും ബില്ലിനെതിരെ ശക്തമായിരംഗത്തെത്തി. പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടിയും എം.ഐ.എമ്മും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."