പി.എ. ഇബ്രാഹിം ഹാജി: നഷ്ടമായത് കറ കളഞ്ഞ നിസ്വാർഥ സാമൂഹ്യ സേവകനെ: സമസ്ത ഇസ്‌ലാമിക് സെന്റർ
റിയാദ്: കറ കളഞ്ഞ നിസ്വാർഥ സാമൂഹ്യ സേവകനെയാണ് പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രശസ്തി ആഗ്രഹിക്കാതെ തന്നെ പാവപ്പെട്ടവർക്കും ജീവിതമാർഗം നഷ്ടപ്പെട്ടവർക്കും ഇബ്രാഹിം ഹാജിയുടെ മരണം കൊണ്ട് വലിയ നഷ്ടമുണ്ടായത്. വിദ്യാഭ്യാസം നേടാനുള്ള കഴിവുണ്ടായിട്ടും ആവശ്യത്തിന് പണം ഇല്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികൾക്കും തീരാ നഷ്ടം തന്നെയാണ് അദേഹത്തിന്റെ വേർപാട്.
കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർഥികളാണ് അദ്ദേഹത്തിൻറെ സഹായത്തോടുകൂടി ഉന്നത വിദ്യാഭ്യാസം നേടി കൊണ്ടിരിക്കുന്നത്. നാടിന്റെ പലഭാഗത്തുമുള്ള പാവപ്പെട്ട നിരാലംബരായ ജനങ്ങൾ താമസിക്കുന്ന വീടുകളിലേക്ക് അദ്ദേഹം ഓരോ മാസവും വർഷങ്ങളായി സാമ്പത്തിക സഹായം എത്തിക്കുന്നുണ്ട്. സമുദായത്തിനും സമൂഹത്തിനും ആവശ്യമുള്ള ഘട്ടങ്ങളിൽ എല്ലാം എല്ലാ സംഘടനകൾക്കും മുഖം നോക്കാതെ പണം നൽകി അദ്ദേഹം സഹായിക്കുകയും ചെയ്തിരുന്നു.
മനുഷ്യസ്നേഹി, വിദ്യാഭ്യാസ പരിഷ്കർത്താവ്, മാതൃക കുടുംബനാഥൻ, അനേകായിരം പാവങ്ങളുടെ അത്താണി, പാവപ്പെട്ട വിദ്യാർത്ഥികളുടെ പ്രതീക്ഷ തുടങ്ങിയ വിശേഷണങ്ങൾക്ക് ഏറെ അർഹതപ്പെട്ടയാളായിരുന്നു ഇബ്രാഹിം ഹാജിയെന്നും പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹിം ഓമശേരി എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.
നിലവിലെ അവസ്ഥയിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എല്ലാ ഇസ്‌ലാമിക് സെന്ററുകളിലും യൂണിറ്റ് തലങ്ങളിലും പ്രാർത്ഥനാ സംഗമങ്ങൾ നടത്താനും നേതാക്കൾ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."