HOME
DETAILS

നന്മയുടെ തണൽമരം

  
backup
December 21 2021 | 19:12 PM

789563-432

അബ്ദുസ്സമദ് സമദാനി എം.പി


പി.എ ഇബ്‌റാഹീം ഹാജിയുടെ വേർപാടിന്റെ വിവരമറിഞ്ഞ് മനസ് ഏറെ ദുഃഖിച്ചു. സങ്കടമുണർത്തുന്ന സ്മരണകൾ അദ്ദേഹത്തിന്റെ സൗമ്യവ്യക്തിത്വത്തിന്റെ സാന്നിധ്യമായി നമുക്കിടയിൽ അവശേഷിക്കുന്നു. കാലം ഏറെ കഴിഞ്ഞാലും സമൂഹത്തിന്റെ വിവിധ തുറകളിൽ ഒട്ടേറെ നന്മകളുടെ ആ മഹനീയ സാന്നിധ്യം ഓർമകളുടെ യശസ്സാർന്ന രൂപങ്ങളിൽ നിലനിൽക്കുക തന്നെ ചെയ്യും. സാഹിബിന്റെ ജീവിതം ഒരു സാത്വികന്റേതായിരുന്നു. ആ സാത്വികഭാവം വ്യക്തിത്വത്തിന്റെ സകലഭാവങ്ങളിലും പ്രതിഫലിച്ചിരുന്നു. ഏത് സദസിലും അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത് വിനയവും എളിമയും കൊണ്ടായിരുന്നു. മുതിർന്നവരെയും ഇളയവരെയും ഒരുപോലെ പരിഗണിക്കാനും ആദരിക്കാനും എപ്പോഴും സന്നദ്ധനായിരുന്നു.


വ്യാപാരരംഗത്തൂടെയാണ് ഇബ്‌റാഹീം ഹാജി തന്റെ സാമ്പത്തിക വ്യവഹാരങ്ങൾ വികസിപ്പിച്ചതെങ്കിലും അതിനപ്പുറം വിവിധങ്ങളായ സാമൂഹിക, സാംസ്‌കാരിക സംരംഭങ്ങളിൽ സേവനനിരതനായിക്കൊണ്ടാണ് അദ്ദേഹം തന്റെ ജീവിതത്തെ ധന്യമാക്കുകയുണ്ടായത്. മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയ സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതിക്ക് നേതൃപരമായ സംഭാവനകൾ അർപ്പിച്ചു. പത്രസ്ഥാപനങ്ങളുടെ സംഘാടനത്തിലും സക്രിയമായ പങ്കുവഹിച്ചു.


പരമപ്രധാനം അദ്ദേഹം നിർവഹിച്ച മഹനീയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ തന്നെയായിരുന്നു. ഉള്ളഴിഞ്ഞ് അവശരെയും പ്രയാസപ്പെടുന്നവരെയും പല നിലകളിൽ സഹായിക്കുകയുണ്ടായി. ജീവകാരുണ്യം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെ തന്നെയും മുഖമുദ്രയായിരുന്നുവെന്നു വേണം പറയാൻ. സ്വന്തം നിലയിൽ വ്യക്തിപരമായും പൊതുസംരംഭങ്ങളിൽ പങ്കാളിയായും നടത്തിയ ദുരിതാശ്വാസത്തിന്റെയും ആതുരശുശ്രൂഷയുടെയും മേഖലകളിലെ സേവനങ്ങൾ ദയയുടെയും അനുകമ്പയുടെയും മഹാ പ്രവാഹങ്ങളായിത്തീർന്നു. അതത്രയും അദ്ദേഹത്തിലെ വ്യക്തിയിലെ നന്മകളുടെ പ്രതിഫലനവുമായിരുന്നു.


സദാ കർമനിരതനായിരുന്നു പി.എ ഇബ്‌റാഹീം ഹാജി സാഹിബ്. പ്രായമോ അനാരോഗ്യമോ ഒന്നും ബാധിക്കാതെ എപ്പോഴും എവിടെയും ഓടി നടന്നുപ്രവർത്തിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. വിശ്രമിമില്ലാതെ പ്രവർത്തിച്ചു. ഒരു ദിവസത്തിന്റെ സമയം എത്ര കണ്ട് എന്തിനൊക്കെ, ചെലവഴിക്കണം എന്ന കാര്യത്തിൽ കൃത്യമായ നിഷ്ഠയും നിർബന്ധവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ 24 മണിക്കൂർ നേരം വിവിധങ്ങളായ നല്ല കാര്യങ്ങൾക്കുവേണ്ടി വീതിച്ചു നൽകി.
എല്ലാം ഭംഗിയോടെയും വെടിപ്പോടെയും ചെയ്തുതീർക്കുക എന്നതായിരുന്നു ശീലം.ശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ആ മനസ് ഹൃദയം തുറന്നുള്ള പുഞ്ചിരിയിലൂടെ എല്ലാ മനുഷ്യർക്കുമായി ദാനം ചെയ്തു. വശ്യമായ മന്ദഹാസം മറ്റൊരു ദാനധർമം തന്നെയായിരുന്നു. ഒരു പിശുക്കുമില്ലാതെ അത് വാരി വിതറി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകമായി ആ മധുര മന്ദസ്മിതം എന്നും സ്‌നേഹബന്ധങ്ങളിൽ നിറഞ്ഞുനിൽക്കും.


സമുദായ വിഷയങ്ങളിൽ അതീവ തൽപരനായിരുന്നു അദ്ദേഹം. സമുദായത്തെ അലട്ടുന്ന പ്രശ്‌നങ്ങളിൽ അതിന്റെ പരിഹാരാർഥം നിരന്തരം ഇടപെട്ടുപോന്നു. സമുദായ നേതാക്കളോടും പണ്ഡിതന്മാരോടും ഉറ്റബന്ധം പുലർത്തി. ഐക്യത്തിനും രഞ്ജിപ്പിനും വലിയ ഊന്നൽ നൽകി. അതുപോലെ സമുദായ മൈത്രിയും പരസ്പര സൗഹൃദവും പ്രവർത്തനങ്ങളിൽ മുഖ്യസ്ഥാനത്ത് സ്ഥലം പിടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണങ്ങളുടെയെല്ലാം അടിസ്ഥാനം കളങ്കമില്ലാത്ത മനുഷ്യത്വമായിരുന്നു.


കാസർക്കോട് മണ്ണിൽനിന്ന് ഉയർന്നുവന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു വളർന്ന മനുഷ്യത്വത്തിന്റെയും മനുഷ്യനന്മയുടെയും തണൽമരമായിരുന്നു പി.എ. ഇബ്‌റാഹീം ഹാജി. പള്ളിക്കര ഗ്രാമത്തിലെ സാധാരണക്കാരൻ ലോകതലത്തിലേക്ക് വ്യാപിച്ച വിസ്മയ കഥയാണ് അദ്ദേഹത്തിന്റെ ജീവിതം.ഉത്തമവ്യക്തിത്വങ്ങളും നേതൃരംഗത്തെ ആലംബങ്ങളും ആശ്വാസം പകരുന്ന സ്‌നേഹത്തുരുത്തുകളും ഇല്ലായതെയാകുന്നതിന്റെ ദുഃഖവും നഷ്ടവും ചെറുതല്ല. ഒരിക്കൽ പരിചയപ്പെട്ടവർക്കും കണ്ടുമുട്ടിയവർക്കുമെല്ലാം അദ്ദേഹം സ്‌നേഹത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു.
ഏറെക്കാലം മുമ്പ് പള്ളിക്കരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതിന്റെ ഓർമകൾ ഇന്നും അൽപംപോലും മാഞ്ഞുപോയിട്ടില്ല. ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു. ഇബ്‌റാഹീം ഹാജി സാഹിബിന്റെ ആതിഥ്യം അന്ന് അഭിവന്ദ്യരായ തങ്ങളെയടക്കം ഞങ്ങളെയൊക്കെ വികാരാധീനരാക്കിയതോർക്കുന്നു. വേദികളിലും സദസുകളിലും സ്ഥാപനങ്ങളിലും സംരംഭങ്ങളിലും സമുദായത്തിലും പൂത്തുലഞ്ഞുനിന്ന നന്മയുടെ വാക്കും പ്രവൃത്തിയുമാണ് മാഞ്ഞുപോയിരിക്കുന്നത്. അന്ത്യംവരെയും നിരന്തരം കർമനിരതനായിരുന്ന സേവകനാണ് വിടവാങ്ങിയിരിക്കുന്നത്. സൽക്കർമ്മങ്ങളാൽ ജീവിതത്തെ പ്രശോഭിപ്പിക്കുകയും ശരീരംകൊണ്ടും സമ്പത്തുകൊണ്ടും നല്ലത് പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിന് മഹാകാരുണ്യവാൻ വിശാലമായ മഗ്ഫിറത്തും മർഹമത്തും പ്രദാനം ചെയ്യട്ടെ!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago