കെണിയിൽ വീഴാതെ കടുവ ഭീതിയകലാതെ കുറുക്കൻമൂല
നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
കേരള ചരിത്രത്തിൽ ആദ്യമാകും ഇങ്ങിനെയൊരു സംഭവം. നാട്ടിലിറങ്ങിയ കടുവ വനംവകുപ്പിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് 25 ദിവസമായി വളർത്തുമൃഗങ്ങളെ വേട്ടയാടിയും നാട്ടിൽ ഭീതി വിതച്ചും വിഹരിക്കുകയാണ്. നവംബർ 28നാണ് വയനാട്ടിലെ മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല ഡിവിഷനിൽ താമസിക്കുന്ന കാവേരിപൊയിൽ ബാബുവിന്റെ മൂരിയും പോത്തും കൊല്ലപ്പെടുന്നത്. വന്യജീവി ശല്യം പൊതുവെ കുറവുള്ള പ്രദേശത്ത് നാട്ടുകാർ കൊലയാളി ആരെന്നതിനെ കുറിച്ച് നടത്തിയ പരിശോധനയിലാണ് വലിപ്പമുള്ള കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെടുന്നത്.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കടുവയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റു നടപടികളൊന്നും കൈക്കൊണ്ടില്ല. തൊട്ടടുത്ത ദിവസങ്ങളിലായി വളർത്തുമൃഗങ്ങൾ വീണ്ടും കൊല്ലപ്പെട്ടു.
പ്രദേശത്ത് വനംവകുപ്പ് പട്രോളിങ്ങും തുടങ്ങി. ദിവസങ്ങൾക്ക് ശേഷം ഡിസംബർ ഒൻപതിന് ഒരു വളർത്തുമൃഗം കൂടി കൊല്ലപ്പെട്ടതോടെ നാട്ടുകാർ മാനന്തവാടി-മൈസൂരു അന്തർസംസ്ഥാന പാത ഉപരോധിച്ചു. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചതോടെ സമരക്കാർ പിൻവാങ്ങി.
തൊട്ടടുത്ത ദിവസവും അടുത്ത വളർത്തുമൃഗത്തെ പിടികൂടി. ഇതോടെ നാട്ടുകാർ വളർത്തുമൃഗത്തിന്റെ ജഡവുമായി ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു. പിന്നാലെ ഉണർന്ന വനംവകുപ്പ് കൂടുവയ്ക്കാമെന്ന ഉറപ്പുനൽകി. 11ാം തീയതി മുതൽ കൂടുവയ്ക്കാൻ തുടങ്ങിയെങ്കിലും കടുവയുടെ ആക്രമണം അവസാനിച്ചില്ല. അഞ്ചു ദിവസം മുൻപ് ഇത് തുടർന്നു. 17 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്. നാട്ടുകാർ പലകുറി കടുവയെ കണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. വിഷയം നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് വഴിവച്ചു. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും കൈയാങ്കളിയിൽ വരെയെത്തി. കത്തിയൂരാൻ നോക്കി ഉദ്യോഗസ്ഥൻ സംഘർഷത്തിന്റെ ഭീകരത ഇരട്ടിപ്പിക്കുകയും ചെയ്തു.
തുടർന്ന് വാർഡ് കൗൺസിലർക്കെതിരേ വനംവകുപ്പിന്റെ പരാതിയിലും നാട്ടുകാരന്റെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേയും കേസുമായി. അതിനുശേഷവും കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനവകുപ്പ് ഉദ്യോഗസ്ഥർ അടുത്ത ദിവസംതന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാനാകുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. എന്നാൽ, നാല് ദിവസം പിന്നിട്ടിട്ടും കടുവയുടെ പൊടിപോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."