പാർലമെൻ്റിലെ ജനാധിപത്യ ധ്വംസനം
എളമരം കരീം
ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ പാർലമെൻ്റ് ജനാധിപത്യ ധ്വംസനത്തിൻ്റെ വേദിയായി മാറി. ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതണമെന്നാവശ്യപ്പെടുന്ന സംഘ്പരിവാർ നേതൃത്വം നൽകുന്ന മോദിസർക്കാർ പാർലമെൻ്ററി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്. പാർലമെൻ്റിൻ്റെ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽപ്പറത്തി സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. പാർലമെൻ്റംഗങ്ങളെ നേരിടാൻ സഭക്കകത്ത് പൊലിസിനെ ഉപയോഗിക്കുന്നു. ചട്ടവിരുദ്ധമായി സഭാംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നു. രാജ്യം എങ്ങോട്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
2020 നവംബർ 29നാണ് പാർലമെൻ്റിൻ്റെ ശൈത്യകാലസമ്മേളനം ആരംഭിച്ചത്. ആ ദിവസം തന്നെ 12 പ്രതിപക്ഷ എം.പിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തു. കോൺഗ്രസ് 6, ശിവസേന 2, ടി.എം.സി 2, സി.പി.എം 1, സി.പി.ഐ 1 എന്നിങ്ങനെയാണ് സസ്പെൻഷന് വിധേയരായവർ. ഈ പന്ത്രണ്ട് പേരിൽ ഞാനുമുൾപ്പെടും. 12 പേരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം പാർലമെൻ്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് അവതരിപ്പിച്ചത്. വോട്ടിനിടാതെയാണ് സഭ അംഗീകരിച്ചതായി ചെയർമാൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്. അന്ന് മുതൽ സസ്പെൻഡ് ചെയ്യപ്പെട്ട 12 എം.പിമാരും പാർലമെൻ്റ് കോമ്പൗണ്ടിൽ ധർണ നടത്തിവരികയാണ്.
2021 ജൂലൈ- ഒാഗസ്റ്റ് മാസങ്ങളിൽ ചേർന്ന വർഷകാല സമ്മേളനത്തിലുണ്ടായ സംഭവത്തിൻ്റെ പേരിലാണ് സസ്പെൻഷൻ നടപടി. ഇന്ത്യൻ പൗരന്മാരുടെ രഹസ്യങ്ങൾ ചോർത്തിയ ''പെഗാസസ്'' എന്ന ചാര സോഫ്റ്റ് വെയറിൻ്റെ വിനിയോഗം, കർഷക സമരം, വിലക്കയറ്റം, സ്വകാര്യവൽക്കരണം എന്നീ വിഷയങ്ങൾ ചർച്ചചെയ്യാൻ സമയമനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിഷേധിച്ചതിനെ തുടർന്ന് തുടക്കം മുതലേ പാർലമെൻ്റ് പ്രക്ഷുബ്ധമായിരുന്നു. ഇരുസഭകളിലും പ്രതിപക്ഷം ഈ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. സംഖ്യാബലംകൊണ്ട് പ്രതിപക്ഷം പ്രബലമായ രാജ്യസഭയുടെ പ്രവർത്തനം പലപ്പോഴും സ്തംഭിച്ചു. പ്രതിപക്ഷവുമായി ചർച്ചചെയ്ത് ഒരു ഒത്തുതീർപ്പിലെത്താൻ സർക്കാർ ശ്രമിച്ചില്ല. ബഹളങ്ങൾക്കിടയിലും നിയമങ്ങൾ പാസാക്കുന്നുണ്ടായിരുന്നു.
2021 ഒാഗസ്റ്റ് 11നാണ് ജനറൽ ഇൻഷുറൻസ് കോർപറേഷൻ സ്വകാര്യവൽക്കരണ ബിൽ അവതരിപ്പിച്ചത്. പൊതുമേഖലയിൽ മികച്ചനിലയിൽ പ്രവർത്തിക്കുന്ന ജി.ഐ.സിയെ സ്വകാര്യവൽക്കരിക്കുന്ന നിയമനിർമാണത്തിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഈ ബിൽ വിശദമായ ചർച്ചകൾക്കായി പാർലമെൻ്റിൻ്റെ സംയുക്ത കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം ഞാനും തിരുച്ചി ശിവ(ഡി.എം.കെ.)യും നൽകിയുന്നു. പ്രസ്തുത പ്രമേയം പരിഗണനക്കെടുത്തപ്പോൾ വോട്ടെടുപ്പ് വേണമെന്ന് പ്രമേയവതാരകർ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ നിഷേധിച്ച് ബിൽ ഏകപക്ഷീയമായി പാസാക്കാനുള്ള നടപടികളിലേക്ക് കടന്നപ്പോൾ പ്രതിഷേധം ശക്തമായി. ഈ ബഹളത്തിനിടയിൽ ബിൽ പാസായതായി ചെയർമാൻ പ്രഖ്യാപിച്ചു. പാർലമെൻ്റിൻ്റെ നടപടികൾ എല്ലാം ലംഘിച്ചുകൊണ്ടാണ് ബിൽ 'പാസാക്കിയത്'.
2021 ഒാഗസ്റ്റ് 21ന്, സമ്മേളനത്തിൽ പ്രതിഷേധമുണ്ടാവുമെന്ന് മുൻകൂട്ടി കണ്ട് 'മാർഷൽ' വേഷത്തിൽ പുറത്തുനിന്നുള്ള സേനാംഗങ്ങളെ സഭയിൽ അണിനിരത്തിയിരുന്നു. അവർ പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്തു. പാർലമെൻ്റ് മെമ്പർമാരുടെ അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ല. ഇന്ത്യൻ പാർലമെൻ്റിൻ്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം മുമ്പുണ്ടായിട്ടില്ല. ഒരു സുരക്ഷാഭടൻ കൈയേറ്റം ചെയ്തത് സംബന്ധിച്ച് ഞാൻ നൽകിയ പരാതി സഭാചെയർമാൻ പരിഗണിച്ചതേ ഇല്ല. ഒാഗസ്റ്റ് 11ൻ്റെ സംഭവത്തിൻ്റെ പേരിലാണ് നവംബർ 29ന് സസ്പെൻഷൻ നടപടി.
പാർലമെൻ്റിൻ്റെ ഒരു സമ്മേളനം പിരിഞ്ഞാൽ ആ സഭയയിലുണ്ടായ സംഭവങ്ങളുടെ പേരിൽ അടുത്ത സമ്മേളനത്തിൽ നടപടി സ്വീകരിക്കുക എന്നത് ചട്ടവിരുദ്ധമാണ്. ഇന്ത്യൻ പാർലമൻ്റിൽ ഇന്നേവരെ ഇത്തരമെരു സംഭവമുണ്ടായിട്ടില്ല. ലോക്സഭയുടെ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി.ആചാരി 'ദി ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിലെഴുതിയ ലേഖനത്തിൽ സസ്പെൻഷൻ നടപടി ചട്ടവരുദ്ധമാണെന്ന് വ്യക്തമാക്കി. മാത്രമല്ല, 2021 ഒാഗസ്റ്റ് 11ൻ്റെ നടപടികൾ സംബന്ധിച്ച് രാജ്യസഭാ സെക്രട്ടറിയേറ്റ് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ സഭാനടപടികൾ 'തടസപ്പെടുത്തി'യതായി അവർ പറഞ്ഞ 33 എം.പിമാരുടെ പേരുകൾ ചേർത്തിട്ടുണ്ട്. അതിൽ എൻ്റെ പേരില്ല. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ എൻ്റെ പേര് ചേർക്കാൻ ഭരണക്കാർക്ക് നിർബന്ധമുണ്ടായിരുന്നു. രാജ്യത്തെ പരമോന്നത നിയമനിർമാണസഭ ഇപ്പോൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത്.
2020 സെപ്റ്റംബറിലാണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പാസാക്കിയത്. ഈ ബില്ലുകൾ പാർലമെൻ്റിൻ്റെ സ്റ്റാൻ്റിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാർ അംഗീകരിച്ചില്ല. ബില്ലുകൾ സഭയിലവതരിപ്പിച്ചപ്പോൾ ഒരു സംയുക്ത പാർലമെൻ്റ് കമ്മിറ്റിക്ക് വിടണമെന്ന് വീണ്ടും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതും നിഷേധിക്കപ്പെട്ടു. കാർഷിക മേഖല കോർപറേറ്റുകൾക്കടിയറവയ്ക്കുന്ന നിയമം എല്ലാ നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി പാസാക്കുന്ന ഘട്ടത്തിൽ രാജ്യസഭയിൽ അസാധാരണമായ പ്രതിഷേധം ഉയർന്നു. അതൊന്നും വകവെക്കാതെ ബില്ലുകൾ 'പാസാക്കിയതായി' സഭാധ്യക്ഷൻ പ്രഖ്യാപിച്ചു. അന്നത്തെ സംഭവത്തിൻ്റെ പേരിൽ 8 അംഗങ്ങളെ സസ്പെൻഡ് ചെയ്തു. ഞാനും കെ.കെ രാഗേഷും അക്കൂട്ടത്തിലുണ്ടായിരുന്നു. സസ്പെൻഷനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിറ്റെ ദിവസം പ്രതിപക്ഷ അഭാവത്തിൽ മൂന്ന് ലേബർ കോഡുകൾ പാസാക്കി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച സാഹചര്യത്തിൽ ലേബർ കോഡുകൾ പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് 22 പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട് നൽകിയ കത്തിന് സഭാധ്യക്ഷനും സർക്കാരും പുല്ല് വില കൽപിച്ചില്ല.
2019 ഒാഗസ്റ്റ് 5ന് മുൻകൂട്ടി നോട്ടിസ് പോലും നൽകാതെയാണ് കശ്മിരിൻ്റെ സംസ്ഥാനപദവി എടുത്തുകളയാനുള്ള ബില്ലും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയവും സഭയിലവതരിപ്പിച്ച് പാസാക്കിയത്. അന്ന് സഭ സമ്മേളിച്ച ദിവസം 11 മണിക്ക് അംഗങ്ങൾ സഭയിൽ എത്തിയപ്പോൾ ആഭ്യന്തര മന്ത്രി പ്രസ്തുത ബിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഭേദഗതികൾ നിർദേശിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകിയില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും സർക്കാർ ഗൗനിച്ചില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ഹുങ്കിൽ എല്ലാ ചട്ടങ്ങളും ലംഘിച്ച് ഉദ്ദിഷ്ടകാര്യം നേടിയെടുത്തു. സംഘ്പരിവാറിൻ്റെ മുഖ്യ അജൻഡകളിലൊന്നായിരുന്നു ഇത്.
ബി.ജെ.പി ഭരണത്തിൽ ഇന്ത്യൻ പാർലമെൻ്റിൻ്റെ അവസ്ഥയാണ് മുകളിൽ പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും പരസ്യമായി ലംഘിക്കുമ്പോൾ ഭരണപക്ഷത്തുള്ള 'സംഘ്പരിവാർ' കൂട്ടത്തിന് ഒരു മനഃസാക്ഷിക്കുത്തുമില്ല. ഒരുതരം ഉന്മാദാവസ്ഥയിലാണവർ. ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിലും ഭരണഘടന രൂപീകരിക്കുന്നതിലും യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ഫാസിസ്റ്റ് സംസ്കാരം ഉയർത്തിപ്പിടിക്കുന്ന സംഘ്പരിവാർ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയ്ക്ക് എത്രമാത്രം ഭീഷണിയാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.
വിവാഹപ്രായം ഏകീകരിച്ച് 21വയസാക്കുന്നതിനുള്ള ബിൽ വന്നത് ഈ ബഹളങ്ങൾക്കിടയിലാണ്. മിക്ക പ്രതിപക്ഷ പാർട്ടികളും ഈ ബില്ലിനെ എതിർത്തു. പൊതുസമൂഹത്തിലും ബില്ലിനെതിരേ എതിർപ്പുയർന്നു. ഒടുവിൽ ലോക്സഭയിലവതരിപ്പിച്ച ബിൽ വിശദപരിശോധനക്കായി പാർലമെൻ്റിൻ്റെ സ്റ്റാൻ്റിങ് കമ്മിറ്റിക്ക് വിട്ടു. ജനങ്ങളിൽ വർഗീയ വിഭജനം സൃഷ്ടിക്കലാണ് സർക്കാരിൻ്റെ ലക്ഷ്യം.പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി പാർലമെൻ്റ് പാസാക്കി. വോട്ടർ ഐ.ഡി കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ നിയമം. പൗരന്മാരുടെ രഹസ്യം സൂക്ഷിക്കാനുള്ള അവകാശം ഈ നിയമം കവർന്നെടുക്കും. വോട്ടിങ്ങിൽ വലിയ കൃത്രിമം നടത്താൻ ഭരണക്കാർക്ക് അവസരം നൽകും. പരാജയ ഭീതി നേരിടുന്ന യു.പി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നിയമം കൊണ്ടുവന്നത്.
പ്രതിപക്ഷം വ്യത്യസ്ത നിലപാടുകളിലാണെങ്കിലും കർഷക പ്രശ്നം, പെഗാസസ്, സ്വകാര്യവൽകരണം തുടങ്ങിയ വിഷയങ്ങളിൽ യോജിച്ച നിലപാടെടുത്ത് സർക്കാരിനെതിരേ പോരാടാൻ പാർലമെൻ്റിൽ ഒരുമിച്ചുനിന്നു എന്നത് ശ്രദ്ധേയമാണ്. 2021ലെ ശീതകാല സമ്മേളനത്തിൽ 12 എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി സമരത്തിലാണ്. ഡിസംബർ 21ന് ടി.എം.സി നേതാവ് ഡെറിക് ഒബ്രിയോൻ എം.പിയെയും സസ്പെൻഡ് ചെയ്തു. എൻ.ഡി.എയെ പാർലമെൻ്റിൽ അനുകൂലിച്ചിരുന്ന തെലങ്കാന രാഷ്ട്രസമിതി, ഈ സമ്മേളനത്തിൽ സർക്കാരിനെതിരായിരുന്നു. അവർ രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി മറ്റുള്ളവരോടൊപ്പം ചേർന്നു. പ്രതിപക്ഷ നേതാക്കളുടെ യോഗങ്ങളിലും അവർ പങ്കെടുത്തു. അതോടെ രാജ്യസഭയിലെ അംഗബലം ബി.ജെ.പി മുന്നണി 120, പ്രതിപക്ഷം 118 എന്ന അവസ്ഥയിലെത്തി. ഏത് ബില്ലും എങ്ങനെയും പാസാക്കാമെന്ന സ്ഥിതി മാറി. ആശങ്കയിലായ ബി.ജെ.പി ഈ സാഹചര്യത്തിലാണ് കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കർഷക സമരത്തിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നതും തൊഴിലാളികൾ ദേശീയ പണിമുടക്കിനാഹ്വാനം ചെയ്തതും പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിന്ന് പാർലമെൻ്റിൽ നടത്തുന്ന പോരാട്ടവും ബി.ജെ.പിക്കും മോദി സർക്കാരിനും കനത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."