യു.പി തെരഞ്ഞെടുപ്പ് തിയ്യതി നീട്ടുക, റാലികള്‍ നിരോധിക്കുക; തെരഞ്ഞെടുപ്പ് കമ്മീഷനോട് അലഹബാദ് ഹൈക്കോടതി
അലഹബാദ്: യു.പി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ച് അലഹബാദ് ഹൈക്കോടതി. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. തെരഞ്ഞെടുപ്പ് ഒന്ന് അല്ലെങ്കില്‍ രണ്ട് മാസത്തേക്കോ മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും ജസ്റ്റിസ് യാദവ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധമില്ലാത്ത ജാമ്യഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.
'റാലികള്‍ നിര്‍ത്തിലിയില്ലെങ്കില്‍ രണ്ടാം തരംഗത്തേക്കാള്‍ മോശമായിരിക്കും ഫലം' ജസ്റ്റിസ് ശേഖര്‍ യാദവ് ചൂണ്ടിക്കാട്ടി. ജീവനുണ്ടെങ്കിലേ ഈ ലോകം തന്നെ ഉണ്ടാവൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയിലെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
കോടതിയില്‍ ദിവസവും നിരവധി കേസുകള്‍ പരിഗണിക്കുന്നതിനാല്‍ നൂറുക്കണക്കിനാളുകള്‍ തടിച്ചു കൂടുന്നുണ്ട്. ഇതുമൂലം പലപ്പോഴും സാമൂഹിക അകലം പാലിക്കാനും സാധിക്കാറില്ല. കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് വര്‍ധിക്കുകയാണ്. മൂന്നാം തരംഗത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുതിയ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന വിദഗ്ധരുടെ നിര്‍ദേശങ്ങളും കോടതി എടുത്തു പറഞ്ഞു.
പശ്ചിമബംഗാളില്‍ നടന്ന ഗ്രാമ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളും സമ്മേളനങ്ങളും നടക്കുന്നുണ്ട്. ഇത് കൊവിഡ് കേസുകള്‍ ഉയരാന്‍ ഇടയാക്കും. രാഷ്ട്രീയപാര്‍ട്ടികളോട് പത്രങ്ങളിലൂടേയും ദൂരദര്‍ശനിലൂടേയും കാമ്പയിന്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കണമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."