ആലപ്പുഴ ഇരട്ടക്കൊല ; കടുത്ത നടപടി വേണമെന്ന് സി.പി.എം യോഗത്തിൽ ആവശ്യം ഗവർണറുമായുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ എത്രയും വേഗം തണുപ്പിക്കണമെന്നാണ് പാർട്ടി നിലപാട്
തിരുവനന്തപുരം
ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകങ്ങൾ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടികൾ വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു.
പൊലിസിന്റെ നടപടികൾക്കെതിരേ യോഗത്തിൽ വിമർശനമുയർന്നതായാണ് റിപ്പോർട്ട്.
പൊലിസ് സജീവമായി ഇടപെട്ടിരുന്നെങ്കിൽ വർഗീയ അക്രമങ്ങൾ കുറയ്ക്കാമായിരുന്നവെന്ന പൊതു അഭിപ്രായമാണ് യോഗത്തിലുയർന്നത്. യോഗശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിനിശിതമായ ഭാഷയിലാണ് ബി.ജെ.പിയെയും എസ്.ഡി.പി.ഐയയെും വിമർശിച്ചത്.ഗവർണറുമായുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ എത്രയും വേഗം തണുപ്പിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. ഈ സാഹചര്യത്തിൽ ഇനി വിഷയത്തിൽ ഗവർണറെ ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ നേതാക്കളിൽനിന്നുണ്ടാകില്ല. കെ റെയിൽ പദ്ധതിക്കെതിരേ പ്രാദേശിക തലങ്ങളിലുയരുന്ന ജനകീയ പ്രതിഷേധങ്ങളും യോഗത്തിൽ ചർച്ചയായി. വർഗീയതയ്‌ക്കെതിരേ ജനുവരി നാലിന് എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന സെക്രട്ടേറിയറ്റിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ സംഘാടനവും ചർച്ച ചെയ്തു. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനുള്ള സ്വാഗതസംഘം ജനുവരി 17ന് രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."